തിരുവനന്തപുരം | കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന് ഡോ. ശശി തരൂര്‍ എം പി. ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ തിരിച്ചടിച്ചു.ബിഹാറിലെ കനത്ത തോല്‍വിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി തരൂര്‍ രംഗത്തുവന്നു. ബിഹാറില്‍ തന്നെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്നും എന്താണ് പറ്റിയതെന്ന് പാര്‍ട്ടി അന്വേഷിക്കണമെന്നും തരൂര്‍ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വി ആരും പ്രതീക്ഷിച്ചില്ല. ഇതില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്. ചരിത്രത്തിലെ ഏറ്റവും മോശമായ അനുഭവമായിപ്പോയി തിരഞ്ഞെടുപ്പ് ഫലം. നെഹ്‌റു കുടുംബത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു.താന്‍ എഴുതിയ ലേഖനത്തില്‍ ഒരു പാര്‍ട്ടിയെ കുറിച്ച് മാത്രമല്ല എല്ലാ പാര്‍ട്ടികളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. പല ഉദാഹരണങ്ങള്‍ കൊടുത്തു എന്ന് മാത്രമാണുള്ളത്. രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരന്‍ ആകുന്നു. ഒരു നടന്റെ മകന്‍ നടനാവുന്നു അങ്ങനെ ചെയ്താല്‍ മതിയോ? നമ്മുടെ ജനാധിപത്യത്തിന് അത് നല്ലതാണോ എന്നാണ് ഞാന്‍ ചോദിച്ചത്. ഈ ചോദ്യം ഞാന്‍ മാത്രമല്ല ചോദിച്ചിരിക്കുന്നത്. 2017 ല്‍ രാഹുല്‍ഗാന്ധിയും ഇതേ കാര്യം തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ മാത്രം ഇത്തരം പ്രതികരണം ഉണ്ടായത് എന്തിനാണെന്നാണ് ആലോചിക്കുന്നത്.17 വര്‍ഷമായി ഞാന്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ആ കുടുംബത്തിന് എതിരല്ല. തന്റെ ലേഖനം ഒരിക്കല്‍ക്കൂടി എല്ലാവരും വായിച്ചുനോക്കണമെന്നും അപ്പോ പിന്നെ ഞാന്‍ എന്തിന് രാജിവെക്കണമെന്നും ശശി തരൂര്‍ ചോദിച്ചു. ശശി തരൂരിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എം എം ഹസ്സന്‍ നടത്തിയത്. ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ഹസ്സന്‍ പറഞ്ഞു. അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും ഒരു സമൂഹത്തിനും വേണ്ടി ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്‌റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടായിരുന്നെങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നതെന്നും ഹസ്സന്‍ വിമര്‍ശിച്ചു.നെഹ്‌റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു എം എം ഹസ്സന്റെ പരാമര്‍ശം. ജി സുധാകരനാണ് അവാര്‍ഡ് നല്‍കിയത്. ജി സുധാകരനെ എം എം ഹസ്സന്‍ പുകഴ്ത്തുകയും ചെയ്തു. നെഹ്‌റുവിയന്‍ ആശയങ്ങള്‍ ജീവിതത്തിലും രാഷ്ട്രീയത്തിലും പകര്‍ത്തിയ വ്യക്തിയാണ് സുധാകരന്‍. അഴിമതി നടന്നിരുന്ന വകുപ്പിന്റെ മന്ത്രിയായി. പക്ഷേ നല്ല പ്രവര്‍ത്തനം കാരണം ജി സുധാകരനെതിരെ ഒരു ആരോപണവും ഉണ്ടായില്ല. പാര്‍ട്ടിക്കുള്ളിലെ അപചയം ഇപ്പോള്‍ സുധാകരന്‍ ചോദ്യം ചെയ്യുന്നു. അത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും ഹസ്സന്‍ പറഞ്ഞു.