ന്യൂഡല്‍ഹി | ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി. തുടക്കം മുതല്‍ ബിഹാറില്‍ ശരിയായ തെരഞ്ഞെടുപ്പ് അല്ല നടന്നതെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം എക്‌സില്‍ കുറിച്ചു.മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തുടക്കം മുതല്‍ ശരിയായ രീതിയില്‍ നടക്കാത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും രാഹുല്‍ പറഞ്ഞു.അതേസമയം, ബിഹാറിലെ വമ്പന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലീംലീഗ് – മാവോവാദി കോണ്‍ഗ്രസായി (എം എം സി) മാറിയെന്നും സ്വയം മുങ്ങുന്ന കോണ്‍ഗ്രസ് സഖ്യ കക്ഷികളെ കൂടി മുക്കുകയാണെന്നും മോദി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി എസ് ഐ ആര്‍ ജനങ്ങള്‍ ഏറ്റെടുത്തു. ബിഹാറിലെ വിജയം കേരളം അടക്കമുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് വലിയ ഊര്‍ജമാണെന്നും ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടിയില്‍ മോദി പറഞ്ഞു. നിതീഷ് കുമാറിനെ കുറിച്ചോ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചോ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചില്ല.ബിഹാര്‍ എന്‍ ഡി എ നിര്‍ണ്ണായക വിജയം നേടിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഹുല്‍ ഗാന്ധിക്ക് നേരിട്ട 95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ അടയാളപ്പെടുത്തി ബി ജെ പി ഭൂപടം പുറത്തുവിട്ടു. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസം ശക്തമാക്കിയത്. 2004 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംസ്ഥാന ഭരണം നഷ്ടപ്പെട്ടതോ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാതിരുന്നതോ ആയ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടുത്തിയ ഗ്രാഫിക് ഇമേജാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.തെരഞ്ഞെടുപ്പ് തോല്‍വിക്ക് അവാര്‍ഡ് നല്‍കുകയാണെങ്കില്‍ രാഹില്‍ എല്ലാം സ്വന്തമാക്കും എന്നായിരുന്നു മാളവ്യ പരിഹസിച്ചത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രധാന പ്രചാരകരില്‍ ഒരാളായതിന് ശേഷം കോണ്‍ഗ്രസ് പരാജയപ്പെട്ട 95 മത്സരങ്ങള്‍ പട്ടികപ്പെടുത്തിയ ഭൂപടത്തില്‍ ഹിമാചല്‍ പ്രദേശ് (2007, 2017), പഞ്ചാബ് (2007, 2012, 2022), ഗുജറാത്ത് (2007, 2012, 2017, 2022), മധ്യപ്രദേശ് (2008, 2013, 2018, 2023), മഹാരാഷ്ട്ര (2014, 2019, 2024) എന്നിവയുള്‍പ്പെടെ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വികള്‍ രേഖപ്പെടുത്തി.