‘ജീവിതത്തില്‍ നിസഹായരായിപ്പോകുന്ന ഒരുപാട് മനുഷ്യരുടെ ആശ്രയമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്’: മന്ത്രി വീണാ ജോർജ്

Wait 5 sec.

സർക്കാർ മെഡിക്കൽ കോളേജുകളുടെ മികവുകൾ എണ്ണിപ്പറഞ്ഞ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മെഡിക്കല്‍ കോളേജിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നഷ്ടപ്പെടുത്തുന്നത് ജനങ്ങൾക്ക് ഈ ആശുപത്രിയിലും ഇവിടെ മികച്ച ചികിത്സ നൽകുന്നതിനായി പ്രയത്നിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരിലുമുള്ള വിശ്വാസമാണ് എന്ന് മന്ത്രി പറഞ്ഞു. ജീവിതത്തില്‍ നിസഹായരായിപ്പോകുന്ന ഒരുപാട് മനുഷ്യരുടെ ആശ്രയമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നും മന്ത്രി കുറിച്ചു.മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:4 വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധ്യമാക്കിയ പുതിയ ചികിത്സാ സംവിധാനങ്ങളില്‍ ചിലത് മാത്രം ഇവിടെ എഴുതുകയാണ്. ആധുനിക ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധ്യമാക്കുമ്പോള്‍ ആളുകളുടെ ചികിത്സാ ചിലവുകള്‍ കുറയും. മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗമുക്തിയും ജീവിത ഗുണനിലവാരവും ഉറപ്പാക്കാന്‍ കഴിയും. ഒരുപാട് പേരുടെ അത്താണിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നഷ്ടപ്പെടുത്തുന്നത് ജനങ്ങൾക്ക് ഈ ആശുപത്രിയിലും ഇവിടെ മികച്ച ചികിത്സ നൽകുന്നതിനായി പ്രയത്നിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരിലുമുള്ള വിശ്വാസമാണ്. ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാകുമ്പോള്‍ ചികിത്സാ ചെലവുകൾ കുറയും. ജീവിതത്തില്‍ നിസഹായരായിപ്പോകുന്ന ഒരുപാട് മനുഷ്യരുടെ ആശ്രയമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. രോഗത്തിന് മുമ്പില്‍ അവര്‍ പകച്ചു പോകാന്‍ പാടില്ല. ചികിത്സാ ചെലവ് കുറയുന്നത് ചിലരെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് വ്യക്തം .· കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ(2023 മുതൽ)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് പുറത്ത് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജില്‍ കാസ്പ് കാര്‍ഡുണ്ടെങ്കില്‍ സൗജന്യമായോ ഇല്ലെങ്കില്‍ഏറ്റവും മിതമായ നിരക്കിലോ സാധ്യമാക്കുന്നു· സ്‌ട്രോക്ക് സെന്ററും ഇന്റെര്‍വെന്‍ഷനല്‍ ന്യൂറോളജിയുംവര്‍ദ്ധിക്കുന്ന പക്ഷാഘാത നിരക്ക് കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ സ്‌ട്രോക്ക് സെന്ററും ഇന്റെര്‍വെന്‍ഷനല്‍ ന്യൂറോളജി സേവനങ്ങളും 2023 ഏപ്രിലില്‍ ആരംഭിച്ചു. പന്ത്രണ്ട് കിടക്കകളുള്ള സ്‌ട്രോക്ക് ICU, CT scan മെഷീന്‍, സ്‌ട്രോക്ക് കാത്ത് ലാബ്, പുനരധിവാസ ഏരിയ, സ്റ്റെപ് ഡൗണ്‍ മുറികള്‍ എന്നിവയാണ് സ്ട്രോക്ക് സെന്ററില്‍ ഉള്ളത്. ആശുപത്രി അധിഷ്ഠിത സ്ട്രോക്ക് രജിസ്ട്രി പഠനം ഐസിഎംആറുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് നടത്തി വരുന്നു.ഓരോ മാസവും 25-40 രോഗികള്‍ക്ക് ഐവി ത്രോമ്പോലൈസിസ് എന്ന ഗോള്‍ഡന്‍ അവര്‍ ചികിസ്ത നല്‍കി വരുന്നു. ഐവി ത്രോംബോസൈസിസ് ചെയ്യാന്‍ ഉപയോഗിക്കുന്ന മരുന്ന് സൗജന്യമായാണ് ലഭ്യമാക്കുന്നത് .സ്‌ട്രോക്ക് കാത്ത് ലാബ് മുഖേനെ സ്ട്രോക്കില്‍ വലിയ രക്തക്കുഴലില്‍ ക്ലോട്ട് ഉള്ള രോഗികളില്‍ മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന അടിയന്തര ചികിത്സയും ചെയ്യാന്‍ കഴിയും. ഇത് കൂടാതെ രക്തക്കുഴലില്‍ ഉള്ള ചുരുക്കം (stenosis) മാറ്റാനുള്ള ആന്‍ജിയോപ്ലാസ്റ്റി-സ്റ്റെന്റിങ് ചികിസ്ത, രക്തക്കുഴലുകളില്‍ വരുന്ന കുമിള പോലുള്ള വീക്കം (അന്യൂറിസം) കോയിലിങ്, ബലൂണ്‍/സ്റ്റെന്റ് ഉപയോഗിച്ചുള്ള കോയിലിങ്, ഫ്ലോ ഡൈവേര്‍ട്ടര്‍ സ്റ്റെന്റ് എന്നിവയും ചെയ്യുന്നു. ആര്‍റ്റീരിയോ-വീനസ് മല്‍ഫോര്‍മേഷന്‍/ഫിസ്റ്റുല എംബോളിസഷന്‍, ട്യൂമര്‍ എംബോലൈസേഷന്‍, MMA എംബോലൈസേഷന്‍ എന്നിവയും ചെയ്യുന്നുണ്ട് . ഇത് വരെ 480 രോഗികള്‍ക്ക് ചികിസ്ത ചെയ്യാന്‍ സ്‌ട്രോക്ക് കാത്ത് ലാബ് മുഖേന കഴിഞ്ഞു.ഈ ചികിത്സകള്‍ എല്ലാം ചിലവേറിയതാണ്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായോ ചുരുങ്ങിയ ചിലവിലോ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ട്.· കുട്ടികള്‍ക്കുള്ള ഹൃദയ ശസ്ത്രക്രിയ എസ്എടി ആശുപത്രിയില്‍ സംസ്ഥാനത്ത് ആരംഭിച്ചുAlso read: ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം; രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി· കുട്ടികള്‍ക്കുള്ള വൃക്കരോഗ ചികിത്സപീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയയും തുടര്‍ന്നുള്ള ഐസിയു പരിചരണവും വൃക്ക രോഗ ചികിത്സയും വളരെയേറെ ചെലവേറിയതാണ്. ഇതെല്ലാം സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായി ചെയ്തു കൊടുക്കുന്നു· ബേണ്‍സ് യൂണിറ്റ്, സ്‌കിന്‍ ബാങ്ക്കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റുകളില്‍ ഒന്നാണ് മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ്. തീപ്പൊള്ളലേറ്റവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പാക്കുന്നു. സംസ്ഥാനത്ത് ആദ്യത്തെ സ്‌കിന്‍ ബാങ്ക് ആരംഭിച്ചു.പൊള്ളലിന്റെ തീവ്രതയനുസരിച്ച് അതിതീവ്ര പരിചരണത്തിന് പുറത്ത് ലക്ഷക്കണക്കിന് രൂപ ചെലവ് വരും. അതെല്ലാം സര്‍ക്കാര്‍ പദ്ധതിയിലൂടെ മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാകുന്നു.· അപൂര്‍വ്വ രോഗങ്ങളുടെ രാജ്യത്തെ 12 ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്ന്എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു. അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.പുറത്ത് കോടികളോളം ചെലവ് വരുന്ന അപൂര്‍വ രോഗ ചികിത്സ മെഡിക്കല്‍ കോളേജില്‍ സൗജന്യമായി ചെയ്യാന്‍ സാധിക്കുന്നു· എസ്.എം.എ. ക്ലിനിക് ആരംഭിച്ചുഅപൂര്‍വ രോഗ ചികിത്സയ്ക്ക് ആദ്യമായി എസ്എടി ആശുപത്രിയില്‍ എസ്.എംഎ. ക്ലിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ആരംഭിച്ചു. എസ്.എംഎ. രോഗികള്‍ക്കുള്ള മള്‍ട്ടി ഡിസിപ്ലിനറി ക്ലിനിക്കും ആരംഭിക്കാനായി.ഓരോ ഇഞ്ചക്ഷനും ലക്ഷങ്ങള്‍ ചെലവുള്ളതാണ്. 100ല്‍ അധികം കുട്ടികള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നു· പീഡിയാട്രിക് ഗ്യാസ്‌ട്രോ വിഭാഗം ആരംഭിച്ചുകുട്ടികളിലെ ഉദര സംബന്ധമായ പ്രശ്‌നങ്ങളും കരള്‍ രോഗങ്ങളും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടിയാണ് പീഡിയാട്രിക് ഗ്യാസ്ട്രോ വിഭാഗം ആരംഭിച്ചത്.ഗുരുതര രോഗങ്ങള്‍ക്ക് പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സ വേണ്ടിവരുന്നു.· ലീനിയര്‍ ആക്‌സിലറേറ്റര്‍കാന്‍സര്‍ ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്നതാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍. വിവിധ തരം കാന്‍സറുകളെ ചികിത്‌സിക്കാന്‍ ആവശ്യമായ വ്യത്യസ്ത ഫ്രീക്വന്‍സിയുള്ള എക്‌സ്‌റേയും ഇലക്‌ട്രോണ്‍ ബീമും കൃത്യതയോടെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത.പുറത്ത് ഒരു ലക്ഷത്തിലധികം ചെലവ് വരുന്നത് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാകുന്നു.· ജനറ്റിക്‌സ് വിഭാഗവും ലാബുംതിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജനറ്റിക്‌സ് വിഭാഗവും സിഡിസിയില്‍ ജനറ്റിക്‌സ് ലാബും ആരംഭിച്ചു. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്.പുറത്തെ ലാബുകളില്‍ വലിയ ചെലവ് വരുന്ന പരിശോധനകള്‍ മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ചെയ്യുന്നു· നട്ടെല്ല് നിവര്‍ത്തുന്ന സ്‌കോളിയോസ് സര്‍ജറി ആരംഭിച്ചുഅപൂര്‍വ രോഗം ബാധിച്ചവരിലെ നട്ടെല്ലു വളഞ്ഞവര്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ഒരുക്കി. വളഞ്ഞ നട്ടെല്ലിനെ ഓപ്പറേഷനിലൂടെ പൂര്‍വസ്ഥിയിയാക്കാന്‍ കഴിയുന്ന കേരളത്തിലെ അപൂര്‍വം ആശുപത്രികളൊന്നാണിത്.രോഗ തീവ്രതയനുസരിച്ച് പുറത്ത് 10 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന സര്‍ജറി മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ചെയ്യുന്നു.· അത്യാധുനിക എമര്‍ജന്‍സി മെഡിസിന്‍ വിഭാഗംപഴയ ക്യാഷ്വാലിറ്റി മാറ്റി അത്യാധുനിക സംവിധാനങ്ങളോടെ അത്യാധുനിക എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍ സംവിധാനം ആരംഭിച്ചു. ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കാനായി ക്വാളിറ്റി ഇനിഷ്യേറ്റീവ് നടപ്പിലാക്കി. അത്യാഹിത വിഭാഗത്തില്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് ആരംഭിച്ചു. രാജ്യത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഉള്‍പ്പെട്ടു.പുറത്ത് വളരെയേറെ ചെലവുള്ള അത്യാഹിത വിഭാഗ ചികിത്സയും പരിശോധനകളും തുടര്‍ ചികിത്സയും മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുന്നു.· സ്പെക്റ്റ് സ്‌കാന്‍ സ്ഥാപിച്ചുആദ്യമായി സ്പെക്റ്റ് (Single Photon Emission Computed Tomography) സിടി സ്‌കാനര്‍ സ്ഥാപിച്ചു. റേഡിയോ ആക്ടീവ് മൂലകങ്ങളില്‍ നിന്നുള്ള വികിരണങ്ങള്‍ ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നല്‍കുന്ന വിഭാഗമാണ് ന്യൂക്ലിയര്‍ മെഡിസിന്‍. പ്രശ്‌നമുള്ള കോശങ്ങളെ തന്നെ കണ്ടുപിടിക്കാനും അതില്‍ തന്നെ ചികിത്സ നല്‍കാനും ന്യൂക്ലിയര്‍ മെഡിസിനിലെ ഇമേജിംഗും ചികിത്സയും കൊണ്ട് സഹായിക്കുന്നു.വളരെയേറെ ചെലവുള്ള ആധുനിക ചികിത്സ മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുന്നു· അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മെഡിക്കല്‍ കോളേജില്‍ മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍, നെഞ്ച് തുറക്കാതെയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ, നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ ഉള്‍പ്പെടെ അനേകം ശസ്ത്രക്രിയകള്‍ നടത്തി.ശസ്ത്രക്രിയയുടെ സങ്കീര്‍ണതകളനുസരിച്ച് വളരെയേറെ ചെലവുള്ള ആധുനിക ചികിത്സ മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുന്നു· ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ് സ്ഥാപിച്ചുസംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിച്ചു. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ ഈ ചികിത്സയിലൂടെ സാധിക്കുന്നു. തല മുതല്‍ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത.പുറത്ത് ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്.· ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ് സ്ഥാപിച്ചുശ്വാസകോശ സംബന്ധമായ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളൊരുക്കി. ശ്വാസകോശ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സാരീതി തീരുമാനിക്കുന്നതിനുമുള്ള ലീനിയര്‍ ഇബസ്, റേഡിയല്‍ ഇബസ്, കൂടാതെ ബേസിക് ബ്രോങ്കോസ്‌കോപ്പി, അഡ്വാന്‍സ്ഡ് ബ്രോങ്കോസ്‌കോപ്പി, തോറക്കോസ്‌കോപ്പി, ആര്‍ഗന്‍ പ്ലാസ്മ കോഗുലേഷന്‍, ഇലക്ട്രോകോട്ടറി, ക്രയോതെറാപ്പി തുടങ്ങിയ സംവിധാനങ്ങളൊരുക്കി.ഇബസ് നീഡിലിന് തന്നെ 16,000ത്തോളം വിലയാണ്. മെഡിക്കൽ കോളേജിന് പുറത്ത് ഇബസ് പരിശോധനയ്ക്ക് ഒരു ലക്ഷത്തോളം ഈടാക്കുന്നു എന്ന് രോഗികൾ പറയാറുണ്ട് . മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ ലഭ്യമാക്കുന്നു.ഇനിയുമുണ്ട് ഏറെ. തിരഞ്ഞെടുത്തത് മാത്രമാണ് ഇവിടെ കുറിച്ചത്.The post ‘ജീവിതത്തില്‍ നിസഹായരായിപ്പോകുന്ന ഒരുപാട് മനുഷ്യരുടെ ആശ്രയമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്’: മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.