കൊല്‍ക്കത്ത എസ്ര സ്ട്രീറ്റില്‍ വന്‍ തീപിടിത്തം; 300 കടകള്‍ കത്തിനശിച്ചു

Wait 5 sec.

കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ എസ്ര സ്ട്രീറ്റില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ മുന്നൂറോളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതേതുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന ആളുകളെ ഒഴിപ്പിച്ചു. 23 ഫയര്‍ എഞ്ചിനുകള്‍ തീയണക്കാന്‍ സ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കൊല്‍ക്കത്ത സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇന്ദിരാ മുഖര്‍ജി പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.ഇന്ന് പുലര്‍ച്ചെ എസ്ര സ്ട്രീറ്റിലെ ഒരു കടയില്‍ നിന്ന് തീ വളരെ വേഗം മറ്റു കടകളിലേക്ക് പടര്‍ന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തമുണ്ടായത്. ആദ്യം ആറ് ഫയര്‍ എഞ്ചിനുകള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിക്കുകയായിരുന്നു. ഫയര്‍ എഞ്ചിനുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ പ്രദേശത്തെ റോഡുകള്‍ ഒഴിപ്പിച്ചിട്ടുണ്ട്.കടകള്‍ക്കുള്ളില്‍ കത്തുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നു. ഇത് തീ അതിവേഗം പടരാന്‍ കാരണമായെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.