തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ രാജി തുടരുന്നു

Wait 5 sec.

തൃശൂര്‍ | കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി തൃശൂരില്‍ വീണ്ടും നേതാക്കളുടെ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചാണ്ടിയും കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഷോമി ഫ്രാന്‍സിസും രാജിവച്ചു. തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി നേരത്തെ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേര്‍കൂടി രാജിവെച്ചത്.കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഷോമി ഫ്രാന്‍സിസ് കുരിയച്ചിറ ഡിവിഷനില്‍ സ്വതന്ത്രനായി മല്‍സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വിശ്വസ്തന്‍ സജീവന്‍ കുരിയച്ചിറയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഷോമി രാജി വെച്ചത്.15 വര്‍ഷമായി ഡിവിഷനില്‍ ഇല്ലാത്തയാള്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും തന്നെ ചതിച്ചു വെട്ടിനിരത്തി എന്നും ഷോമി ഫ്രാന്‍സിസ് പറഞ്ഞു.കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ് രാജി വെച്ച ജോര്‍ജ് ചാണ്ടി. കോണ്‍ഗ്രസ് വിട്ട ജോര്‍ജ് മിഷന്‍ ക്വാര്‍ട്ടേഴില്‍ സ്വതന്ത്രനായി മല്‍സരിക്കും. കോണ്‍ഗ്രസ് മിഷന്‍ കോട്ടേഴ്‌സിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ബൈജു വര്‍ഗീസ് പാര്‍ട്ടി വിരുദ്ധനായി പ്രവര്‍ത്തിച്ച ആളാണെന്ന് ജോര്‍ജ് ചാണ്ടി പറഞ്ഞു. തൃശൂരിലെ പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോര്‍ജ് ചാണ്ടി. കോണ്‍ഗ്രസ് മാത്രം ജയിക്കുന്ന ഡിവിഷനാണ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ്.കുരിയച്ചിറയില്‍ മൂന്നു മുന്നണിയ്ക്കും എതിരെ മല്‍സരിക്കുമെന്ന് ഷോമി പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജി വെച്ചത്. എന്‍ സി പിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍ സി പി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി.