ഷാർജ| ഇസ്്ലാമിക് വേൾഡ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഇസ്‌കോ) മേഖലാ ആസ്ഥാനം ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിൽ തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്രവേശനം സാധ്യമാക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, മ്യൂസിയങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവയാണ് ഷാർജയെ ആസ്ഥാനത്തിനായി തിരഞ്ഞെടുക്കാൻ കാരണം.3,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള കെട്ടിടവും 42,000 ചതുരശ്ര മീറ്ററിലധികം സ്ഥലമുള്ളതാണ് ആസ്ഥാനം. 95 ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. 150 പേർക്ക് ഇരിക്കാവുന്ന തിയേറ്റർ, 70 പേർക്ക് ഇരിക്കാവുന്ന പരിശീലന ഹാൾ, വിവർത്തന മുറി എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യു എ ഇ ഗവേഷക പ്ലാറ്റ്ഫോമിനെക്കുറിച്ച് ഉദ്ഘാടന വേളയിൽ വിശദീകരിച്ചു. ഈ പ്ലാറ്റ്ഫോം വരും വർഷങ്ങളിൽ പ്രാധാന്യമുള്ള വിഷയങ്ങൾ പ്രവചിക്കാനും ഇസ്്ലാമിക രാജ്യങ്ങളിൽ പഠനങ്ങൾ നടത്താനും സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.