ബി ജെ പിക്കുവേണ്ടി വോട്ട് കൊള്ള; കര്‍ണാടകയില്‍ ഒരാള്‍ അറസ്റ്റില്‍

Wait 5 sec.

ബംഗളൂരു | ബി ജെ പിക്കുവേണ്ടി വോട്ട് കൊള്ള ലക്ഷ്യമിട്ട് കര്‍ണാടകയില്‍ ക്രമക്കേട് നടത്തിയ പശ്ചിമ ബംഗാള്‍ നാഡിയ സ്വദേശി ബാപി ആദ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2023ല്‍ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ വെട്ടിമാറ്റിയെന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന പ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ചാണ് ഒ ടി പി സ്വീകരിച്ച് വോട്ടുകള്‍ വെട്ടിമാറ്റിയത്. ഓരോ ഒ ടി പിക്കും 700 രൂപ വീതം ഈടാക്കിയാണ് ഇയാള്‍ വോട്ട് നീക്കം ചെയ്തിരുന്നത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബി ആര്‍ പാട്ടീലിന്റെ പരാതിയിലാണ് നടപടി. ബി ജെ പി നേതാവിന്റെ ആവശ്യപ്രകാരം 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളുടെ പേര് നീക്കം ചെയ്യാനായി പ്രവര്‍ത്തിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഓരോ വോട്ടും നീക്കം ചെയ്യാനുള്ള ഒ ടി പി ബിജെപി നേതാവിന്റെ ഡാറ്റാ സെന്ററില്‍ എത്തിക്കുകയായിരുന്നു. ഇതിന് പ്രത്യേക വെബ്‌സൈറ്റ് ഉപയോഗിച്ചെന്നും എസ് ഐ ടി കണ്ടെത്തി.പണമിടപാടിന്റെ തെളിവുകള്‍ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ്. നിരന്തരം 700 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതിന്റെ രേഖയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകളും ഫോണ്‍ നമ്പരുകളും ഉപയോഗിച്ച് നിയമവിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ ഇയാള്‍ കയറിയത്.ഓരോ സേവനത്തിനും ഒ ടി പി സ്വീകരിച്ച് ഡാറ്റാ സെന്ററിലേക്ക് കൈമാറുകയായിരുന്നു.ഇത്തരത്തില്‍ 3000ലേറെ വോട്ടുകള്‍ നീക്കിയിട്ടുണ്ടെന്നാണ് പരാതി. ഇതിന് മറ്റേതെങ്കിലും സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും എസ് ഐ ടി പരിശോധിക്കുന്നുണ്ട്. സെപ്തംബര്‍ 18ന് വാര്‍ത്താസമ്മേളനത്തില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി വോട്ട് ചോരി ആരോപണം ഉന്നയിച്ചത്. 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനും കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായി വോട്ട് മോഷണം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.