യു എ ഇ; 80 ദിർഹം നൽകി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം

Wait 5 sec.

അബൂദബി| വാടക കരാറുകൾ, സേവനങ്ങൾ, സ്വകാര്യ ഉടമ്പടികൾ തുടങ്ങിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിലനിന്നിരുന്ന വിശ്വാസ്യത കുറവ് പരിഹരിക്കുന്നതിനായി യു എ ഇ പാസ് വഴി മറ്റൊരാളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും. എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ആണ് സമ്മതത്തെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്.വസ്തുക്കൾ കൈമാറുന്നതിനോ ഹ്രസ്വകാല കരാറുകളിൽ ഒപ്പിടുന്നതിനോ മുമ്പ് ആളുകൾ പോസ്റ്റ് ഡേറ്റഡ് ചെക്കുകളെയോ പരിശോധിക്കാത്ത ഉറപ്പുകളെയോ ആശ്രയിക്കുന്ന പതിവ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപകൽപ്പന ചെയ്തതാണ് ഇത്. ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാൻ അഭ്യർഥിക്കുന്ന വ്യക്തി 80 ദിർഹം നൽകണം. ആരുടെ ക്രെഡിറ്റ് പ്രൊഫൈലാണോ പരിശോധിക്കേണ്ടത്, ആ വ്യക്തി യു എ ഇ പാസ് വഴി ഇതിന് അനുമതി നല്കിയിരിക്കണമെന്നതും വ്യവസ്ഥയാണ്.എമിറേറ്റ്‌സ് ഐ ഡി നൽകി ക്രെഡിറ്റ് സ്‌കോർ ആവശ്യപ്പെടാം. മറുകക്ഷി അംഗീകരിക്കുകയാണെങ്കിൽ ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും. എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ഡയറക്ടർ ജനറൽ മർവാൻ അഹ്‌മദ് ലുത്ഫി പറഞ്ഞു. രണ്ടാം കക്ഷിയുടെ സമ്മതത്തോടെ മാത്രമേ നടക്കൂ എന്നതിനാൽ സ്വകാര്യതക്ക് ഭീഷണിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.റിയൽ എസ്റ്റേറ്റ് വാടക, സ്വകാര്യ പാട്ടങ്ങൾ, ഗിഗ്-എക്കണോമി ക്രമീകരണങ്ങൾ എന്നിവയിൽ ചെക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും തർക്കങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ തടയുന്നതിനും ഈ പിയർ-ടു-പിയർ വെരിഫിക്കേഷൻ സംവിധാനം സഹായിക്കും. അടുത്ത വർഷം വിവിധ മേഖലകളിലെ ഉപയോഗത്തിനായി ഇതിന്റെ പ്രത്യേക പതിപ്പുകൾ അവതരിപ്പിക്കാനും ബ്യൂറോ പദ്ധതിയിടുന്നുണ്ട്.