'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പൃഥ്വിരാജ്. അത്തരം വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ആ സിനിമ ചെയ്തത്. എന്നാൽ പ്രതീക്ഷിക്കാത്ത വിധത്തിൽ അർത്ഥങ്ങൾ ആ സിനിമയ്ക്ക് നൽകി. താൻ ഉദ്ദേശിച്ച കാര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ, ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് തന്റെ പരാജയമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.പൃഥ്വിരാജിന്റെ വാക്കുകൾ:“ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രമാണ് ആ സിനിമ ചെയ്തത്. ആ സിനിമയിൽ നിന്ന് ഞാൻ ഉദ്ദേശിക്കാത്ത വിധത്തിലുള്ള വ്യാഖ്യാനങ്ങളും ഉദ്ദേശിച്ച വ്യാഖ്യാനങ്ങളും ഉണ്ടായി. അതിന് ഞാൻ കണ്ടിട്ടില്ലാത്ത അർത്ഥങ്ങൾ കൊടുക്കുകയും ചെയ്തു. അത് കുഴപ്പമൊന്നുമല്ല. ഒരു സിനിമ തിയറ്ററിൽ റിലീസ് ആയ ശേഷം പ്രേക്ഷകൻ അത് കണ്ടിട്ട് എന്താണ് തോന്നുന്നത്, അതാണ് ആ സിനിമയുടെ അർത്ഥം. ഞാൻ ആ സിനിമയിൽ ഇങ്ങനെ ഉദ്ദേശിച്ചു എന്ന് പറയുന്നതിൽ ഒരു പ്രസക്തിയുമില്ല. ഞാൻ ഉദ്ദേശിച്ചതാണ് പ്രേക്ഷകർക്ക് കിട്ടിയെങ്കിൽ സന്തോഷം, അല്ലെങ്കിൽ ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് എന്റെ പരാജയമാണ്. അത് ഞാൻ അംഗീകരിക്കണം.ഞാൻ ഒരു സിനിമ ചെയ്തു. ആ സിനിമയ്ക്കായി എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഹാർഡ് വർക്ക് ചെയ്തു. റിലീസ് സമയത്ത് നിർമ്മാതാവ് ആവശ്യപ്പെട്ട പ്രമോഷൻ പരിപാടികൾ ചെയ്തു. സിനിമ റിലീസ് ആയ ശേഷം, ആ സിനിമയുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്റെ മൂന്ന് സിനിമകളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുകയും, ഒരുപാട് കാര്യങ്ങളിൽ അഭിമാനം കൊള്ളുകയും ചെയ്തു. എന്നാൽ അത് കഴിഞ്ഞു. ഇനി അടുത്തത് എന്ത് ചെയ്യാം എന്നതാണ് ഞാൻ ആലോചിക്കുന്നത്.”