മാഹിയില്‍ തിരഞ്ഞെടുപ്പ് നിലച്ചിട്ട് രണ്ട് പതിറ്റാണ്ട്; അവസാനം തിരഞ്ഞെടുപ്പ് നടന്നത് 2006ൽ

Wait 5 sec.

കണ്ണൂര്‍ | കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവമുയരുമ്പോള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാതായിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. 2006ലാണ് മാഹി നഗരസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 15 കൗണ്‍സില്‍ വാര്‍ഡുകളിലേക്ക് അന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസ്സിനായിരുന്നു.2011ല്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പിന്നെ തിരഞ്ഞെടുപ്പ് നടന്നില്ല. കേരളത്തില്‍ വീണ്ടും ഒരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവമുയരുമ്പോൾ കണ്ടിരിക്കാന്‍ മാത്രമാണ് മാഹിക്കാരുടെ വിധി. തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ അഡ്വ. അശോക് കുമാര്‍ 2011ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018ല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു. 2021ല്‍ വകുപ്പ് സെക്രട്ടറി തന്നെ നഗരസഭാ തിരഞ്ഞെടുപ്പ് തീയതികളടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നെ ഒന്നും നടന്നില്ല.എന്നാല്‍, 2025 ആയിട്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരു നടപടിയും പുതുച്ചേരി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. രണ്ട് നൂറ്റാണ്ട് പ്രായമുണ്ട് മാഹി നഗരസഭക്ക്. മേയറായിരുന്നു ആദ്യകാലത്ത് മാഹി നഗരസഭാ ഭരണത്തലവന്‍. മേയര്‍ ഭരണത്തിന് അവസാനമായത് 1976ലായിരുന്നു. പിന്നെ ഭരണ മേധാവി മുനിസിപല്‍ ചെയര്‍മാനായി. 1954 ജൂലൈ 16ന് ഫ്രഞ്ച് ഭരണത്തില്‍ നിന്ന് മാഹി മോചനം നേടിയിട്ടും ഫ്രഞ്ച് ഡിക്രി പ്രകാരമുള്ള ഭരണമാണ് 1974 വരെ മാഹി നഗരസഭയില്‍ നടന്നത്.1973ലെ പോണ്ടിച്ചേരി മുനിസിപാലിറ്റീസ് ആക്്ട് 1974 ജനുവരി 26ന് നിലവില്‍ വന്ന ശേഷമാണ് മെറിയും മേയറും പോയി മുനിസിപാലിറ്റിയും ചെയര്‍മാനും വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട മുനിസിപല്‍ കൗണ്‍സിലുകള്‍ 1978ല്‍ ഇല്ലാതായി. ഭരണം കമ്മീഷണര്‍മാരെ ഏല്‍പ്പിച്ചു. പിന്നീട് 30 വര്‍ഷത്തോളം കാത്തിരുന്നാണ് 2006ല്‍ മാഹിയില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്ന് മുനിസിപല്‍ കൗണ്‍സില്‍ നിലവില്‍ വന്നത്.ഫ്രഞ്ച് ഭരണ കാലത്ത് മേയര്‍മാരുടെയും നഗരസഭാ കൗണ്‍സിലിന്റെയും കാലാവധി ആറ് വര്‍ഷമായിരുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ മേയറെ നേരിട്ട് തിരഞ്ഞെടുക്കുന്നതായിരുന്നു രീതി. ഫ്രഞ്ച് ഭരണം അവസാനിച്ച ശേഷവും മാഹിയില്‍ ഈ രീതി തുടര്‍ന്നു. ഇതിന്റെ ഭാഗമായി 2006ല്‍ നടന്ന മുനിസിപല്‍ തിരഞ്ഞെടുപ്പിലും മാഹിക്കാര്‍ രണ്ട് വോട്ട് ചെയ്തു. വാര്‍ഡ് കൗണ്‍സിലറെ തിരഞ്ഞെടുക്കാനും മുനിസിപല്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാനും.1955ലെ മുനിസിപല്‍ തിരഞ്ഞെടുപ്പില്‍ വി കേശവന്‍ മേയറായി. പള്ളൂര്‍ സ്വദേശിയായ വി എന്‍ പുരുഷോത്തമനാണ് പിന്നീട് മാഹിയുടെ മേയറായത്. മാഹിയിലെ അവസാനത്തെ മേയറും ആദ്യ മുനിസിപല്‍ ചെയര്‍മാനുമായിരുന്നു വി എന്‍ പുരുഷോത്തമന്‍. 2006ല്‍ കോണ്‍ഗ്രസ്സിലെ രമേഷ് പറമ്പത്ത് മയ്യഴിയുടെ ചെയര്‍മാനായി.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാത്തത് മൂലം വികസനം വഴിമുട്ടി നില്‍ക്കുകയാണെന്ന് മാഹിക്കാര്‍ പറയുന്നു. പ്രാദേശിക ഭരണകൂടം നിലവിലില്ലാത്തതിനാല്‍ അധികാര കേന്ദ്രീകരണം നടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതുച്ചേരിയിലെ ഭൂരിഭാഗം എം എൽ എമാരും തദ്ദേശ തിരഞ്ഞെടുപ്പിന് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്നതാണ് മാഹിയില്‍ തിരഞ്ഞെടുപ്പിന് തടസ്സം. എം എല്‍ എയേക്കാള്‍ വലുതാകുമോ മുനിസിപല്‍ ചെയര്‍മാന്‍ എന്നതാണ് അവരുടെ ആശങ്ക.