പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. പരീക്ഷണങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന മമ്മൂട്ടിയും ഒപ്പം വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ക്രൈം ഡ്രാമ ജോണറിലാണ് കഥ പറയുന്നത്. ഈ സിനിമ സയനൈഡ് മോഹന്റെ കഥയാണ് പറയുന്നതെന്നും മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത് എന്നുമെല്ലാം പല അഭ്യൂഹങ്ങൾ സജീവമാണ്. ഈ അഭ്യൂഹങ്ങളെല്ലാം അവസാനിക്കാൻ, ബിഗ് സ്‌ക്രീനിൽ മറ്റൊരു പകർന്നാട്ടത്തിന് നമ്മൾ സാക്ഷ്യം വഹിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ വേളയിൽ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ.'കളങ്കാവലി'ലേക്ക്കോവിഡ് സമയത്താണ് കളങ്കാവലിന്റെ വർക്കുകൾ ആരംഭിക്കുന്നത്. കുറച്ച് നാളുകളായി ഒരു സിനിമ ചെയ്യുന്നതിന്റെ ആലോചനകളിലായിരുന്നു ഞങ്ങൾ രണ്ടാളും (സംവിധായകൻ ജിതിൻ കെ ജോസ്). അങ്ങനെയിരിക്കുമ്പോഴാണ് ഈ സിനിമയുടെ ആശയം എനിക്ക് ലഭിക്കുന്നതും അത് ഞാൻ ജിതിനോട് പറയുന്നതും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിവേക് രാമദേവൻ നമ്പൂതിരിയും ഇ 4 എന്റർടെയ്ൻമെൻസിലെ സാരഥി ചേട്ടനും വഴി ഈ കഥ പൃഥ്വിരാജിലേക്ക് എത്തുകയും അദ്ദേഹം യെസ് പറയുകയും, അതിന് ശേഷം മമ്മൂക്കയിലേക്ക് ഈ കഥ എത്തുകയുമായിരുന്നു. പിന്നീട് എമ്പുരാന്റെ വർക്കുകൾ മൂലം പൃഥ്വിരാജിന് ഈ ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. അങ്ങനെ മമ്മൂക്കയാണ് വിനായകൻ സജസ്റ്റ് ചെയ്യുന്നത്.മമ്മൂക്കയുടെ മുഖം മാത്രംകഥ എഴുതി തുടങ്ങുമ്പോൾ ഈ കഥാപാത്രമായിരുന്നു ഞങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നത്. ആ കഥാപാത്രത്തിന്റെ മുഖം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ മമ്മൂക്കയുടെ മുഖം മാത്രമാണ് ഞങ്ങളുടെ മനസ്സിൽ വന്നത്. നടൻ എന്ന നിലയിൽ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെയാണ് അദ്ദേഹം ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം ഇപ്പോൾ വളരെ എക്സൈറ്റിങായ ഒരു ഫേസിലൂടെയാണ് സഞ്ചരിക്കുന്നത്. കഥാപാത്രങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഏറെ എക്‌സ്‌പ്ലോർ ചെയ്യുന്നുണ്ട്. കളങ്കാവലിലെ കഥാപാത്രവും അദ്ദേഹത്തിലെ നടന് വെല്ലുവിളി നൽകാൻ കഴിയുന്ന ഒന്നായിരിക്കുമെന്നും ഈ കഥാപാത്രം മമ്മൂക്കയ്ക്ക് ഒരു 'ഹൈ' നൽകുമെന്നുമുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചത്.വോയിസ് മോഡുലേഷൻ കൊണ്ട് ഞെട്ടിക്കുംമമ്മൂക്കയുടെ വോയിസ് മോഡുലേഷനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ തന്നെ അത്തരം കാര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുംവിധം ഈ കഥാപാത്രത്തിന് ചില മേമ്പൊടികൾ നൽകിയിട്ടുണ്ട്. അത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ആ കഥാപാത്രത്തിൽ കുറച്ച് പുതുമകൾ കൊണ്ടുവരുന്നതിന് ശ്രമം നടത്തിയിട്ടുണ്ട്. മമ്മൂക്കയാണ് എന്നത് കൊണ്ട് കൂടിയാണ് അത്തരം പരീക്ഷണങ്ങൾക്ക് ഞങ്ങൾ ധൈര്യപ്പെട്ടതും.മമ്മൂക്കയിലേക്ക്ആന്റോ ചേട്ടൻ (നിർമ്മാതാവ് ആന്റോ ജോസഫ്) വഴിയാണ് ഞങ്ങൾ മമ്മൂക്കയിലേക്ക് എത്തുന്നത്. ഞങ്ങൾ കഥ നരേറ്റ് ചെയ്യുന്നതിന് മുന്നേ ഒരു ഡ്രാഫ്റ്റ് അദ്ദേഹം വായിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു കഥയുടെ ഡിസ്കഷൻ നടന്നത്. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഒരു നടന്റെ വീട്ടിലേക്കാണല്ലോ കയറി ചെല്ലുന്നത്. അതിനാൽ ഒരു നെഞ്ചിടിപ്പോക്കെ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം വളരെ കൂൾ ആയി, എൻജോയ് ചെയ്താണ് അദ്ദേഹം കഥ കേട്ടത്.കഥ കേൾക്കുമ്പോൾ ഏറെ സംശയങ്ങൾ ചോദിക്കുന്ന ആളാണ് മമ്മൂക്ക. ഈ കഥാപാത്രത്തെക്കുറിച്ചും കഥാഗതിയെക്കുറിച്ചുമെല്ലാം അദ്ദേഹം സംശയങ്ങൾ ചോദിക്കുകയുമുണ്ടായി. അതിനെല്ലാം ഉത്തരം നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതിന്റെ ഉത്തരമാണല്ലോ കളങ്കാവൽ എന്ന സിനിമ നടക്കാൻ കാരണം.പൃഥ്വിരാജിൽ നിന്ന് വിനായകനിലേക്ക് വന്നപ്പോൾമലയാള സിനിമയിലെ രണ്ടു മികച്ച നടന്മാരാണ് പൃഥ്വിരാജും വിനായകനും. സ്വാഭാവികമായും അവരുടെ മീറ്ററുകൾ വെവ്വേറെയായിരിക്കുമല്ലോ. വിനായകൻ ചേട്ടനിലേക്ക് ഈ കഥാപാത്രം വരുമ്പോൾ അതിന്റെ ആർക്കിൽ ചില മാറ്റങ്ങളൊക്കെ കൊണ്ടുവന്നിരുന്നു. ഈ കഥാപാത്രത്തിലൂടെ വിനായകൻ ചേട്ടന്റെ മറ്റൊരു ഭാവമായിരിക്കും കാണാൻ കഴിയുക എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം അങ്ങനെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമായിരിക്കും ഇത്.Vinayakan × Mammoottyഇതൊരു പെർഫോമൻസ് ഓറിയന്റഡ് സിനിമയാണ്. മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. ഒരു ക്രിയേറ്റർ എന്ന നിലയിൽ ഞങ്ങൾക്ക് ഭയങ്കര സന്തോഷം നൽകുന്ന കുറെ മൊമെന്റ്‌സ് രണ്ടുപേരും കൂടി പെർഫോം ചെയ്തിട്ടുണ്ട്.വി'നായകനോ', മമ്മൂക്ക വില്ലൻ?ഞങ്ങളോ മമ്മൂട്ടി കമ്പനിയോ ഒഫീഷ്യലി ഈ സിനിമ സയനൈഡ് മോഹന്റെ കഥയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുപോലെ വിനായകൻ ചേട്ടൻ നായകൻ ആണെന്നോ മമ്മൂക്ക വില്ലൻ ആണെന്നോ ആരും പറഞ്ഞിട്ടില്ല. ഇവർ രണ്ടുപേരും കേന്ദ്ര കഥാപാത്രങ്ങളായാണ് ഈ കഥ പോകുന്നത്. അതിൽ ആര് നായകൻ, ആര് വില്ലൻ എന്നൊക്കെ എവിടെയും ബ്രാൻഡ് ചെയ്യുന്നില്ല. സ്ക്രിപ്റ്റിൽ പോലും അത്തരത്തിൽ ഒരു ബ്രാൻഡിംഗ് ഇല്ല.സയനൈഡ് മോഹന്റെ കഥ?സയനൈഡ് മോഹനുമായി ഈ കഥയ്ക്ക് ബന്ധമുണ്ടെന്ന് ഞങ്ങൾ അവകാശപ്പെട്ടിട്ടില്ല. മാത്രമല്ല ഈ കഥയ്ക്ക് ഒന്നിലധികം യഥാർത്ഥ സംഭവങ്ങളുമായി ബന്ധമുണ്ട്. ഇതൊരു ക്രൈം ഡ്രാമയാണ്. ഈ ജോണറിൽ ഒരു കഥ പറയുമ്പോൾ അത് പ്രേക്ഷകർക്ക് ഇഷ്ടമാകണം. അതിനു വേണ്ടുന്ന ഒന്നിലധികം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഫിക്ഷനാണ് ഇത്.ഏറെ നാളുകൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ഒരു 'മമ്മൂട്ടി ചിത്രം'മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് മമ്മൂക്ക. വർഷങ്ങളായി നമ്മൾ എല്ലാവരും ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും അദ്ദേഹത്തെ കാണുന്നു, സ്നേഹിക്കുന്നു. ഒരു ബ്രേക്കിന് ശേഷം അദ്ദേഹം തിരിച്ചുവരുമ്പോൾ, നമ്മുടെ കുടുംബത്തിലെ ഒരംഗത്തിന്റെ തിരിച്ചുവരവ് പോലെ മലയാളികൾ അത് ആഘോഷിക്കുകയും ചെയ്യുകയാണ്. ഈ വേളയിൽ ആദ്യം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ ആണെന്നത് ഒരേസമയം അഭിമാനവും സന്തോഷവുമാണ്.കളങ്കാവലിലൂടെ മമ്മൂട്ടിക്ക് എട്ടാം സ്റ്റേറ്റ് അവാർഡ് കിട്ടുമോ?കഴിഞ്ഞ മൂന്ന് സംസ്ഥാന പുരസ്‌കാര നിർണ്ണയം മാത്രം എടുത്ത് നോക്കിയാൽ പുതിയ തലമുറയിലെ നടന്മാർക്കൊപ്പം അദ്ദേഹവും മത്സരിക്കുന്നുണ്ട്. സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും പുതുമയാർന്ന, വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി സമീപിക്കാൻ കഴിയുന്ന നടനാണ് മമ്മൂക്ക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മളെയൊക്കെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യമാണ്. അതിനപ്പുറം കളങ്കാവൽ സംസ്ഥാന പുരസ്കാരത്തിലേക്ക് പോകുമോ എന്ന് ചോദിച്ചാൽ... സിനിമ കണ്ടു പ്രേക്ഷകർ അത് വിലയിരുത്തട്ടെ എന്നാണ് മറുപടി.ആർക്കും എതിരഭിപ്രായം പറയാൻ കഴിയാത്ത വിധം മമ്മൂക്ക പെർഫോം ചെയ്തിട്ടുണ്ട്. അത് ഉറപ്പ് നൽകാൻ കഴിയും. കാരണം സെറ്റിൽ തന്നെ ഞങ്ങളുടെ അത്ഭുതപ്പെടുത്തിയ ഒന്നിലധികം നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. മുഴുവൻ സെറ്റ് കയ്യടിച്ച പല മൊമെന്റ്‌സ് ഉണ്ടായിട്ടുണ്ട്. അത് തിയറ്ററുകളിൽ ഉണ്ടാക്കുന്ന ഇംപാക്ട് എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ എനിക്കും ജിതിനും പേഴ്സണലി GOOSEBUMPS വന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ എഴുതി വെച്ച കാര്യങ്ങൾ അദ്ദേഹം മറ്റൊരു തലത്തിലേക്ക് എത്തിച്ചത് കണ്ട് രോമാഞ്ചം അടിച്ചിട്ടുണ്ട്. അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ആ ഫീൽ ആണ് കിട്ടുന്നത്.കളങ്കാവലിനെക്കുറിച്ചുള്ള ചർച്ചകൾകളങ്കാവൽ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രേക്ഷകർ കാണിക്കുന്ന എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. അദ്ദേഹം സെറ്റിൽ പെർഫോം ചെയ്തത് ഞങ്ങൾ നേരിൽ കണ്ടതാണ്. അത് നിങ്ങളെ കാണിക്കുക എന്നതും ഒരു വലിയ എക്സൈറ്റ്മെന്റാണ്.പ്രേക്ഷകർ ഡീകോഡ് ചെയ്യുമ്പോൾസിനിമയുടെ പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ ഡീകോഡ് ചെയ്യുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. കളങ്കാവൽ എന്ന പേര് അനൗൺസ് ചെയ്തപ്പോൾ തന്നെ ആ പേരിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ടൈറ്റിൽ അനൗൺസ് ചെയ്യുമ്പോൾ ഈ പേരിനെക്കുറിച്ച് ഒരു റൈറ്റ് അപ്പ് കൊടുക്കാം എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടൈറ്റിൽ പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളിൽ ആ പേര് ഡീകോഡ് ചെയ്തുകൊണ്ടുള്ള റൈറ്റ് അപ്പ്സ് ഒരുപാട് വന്നു. പ്രേക്ഷകർ ഈ സിനിമയ്ക്കായി ഇത്രത്തോളം കാത്തിരിക്കുന്നുണ്ട് എന്ന കാര്യം ഞങ്ങൾക്ക് ഏറെ സന്തോഷം നൽകി.ഓരോ അപ്ഡേറ്റും പങ്കുവെക്കുമ്പോഴും നമുക്ക് അറിയാം ഇതിനെ ഡീകോഡ് ചെയ്യുമെന്ന്. അത്രത്തോളം ബ്രില്യന്റായ പ്രേക്ഷകരാണ് നമുക്കുള്ളത്. അത് ഒരു ചലഞ്ചിങ് ഫാക്ടർ തന്നെയാണ്. ട്രെയ്‌ലർ ഇറങ്ങി കഴിഞ്ഞപ്പോൾ ഫ്രെയിം ബൈ ഫ്രെയിം ആളുകൾ ഡീകോഡ് ചെയ്യുന്നത് കാണുന്നുണ്ട്.മമ്മൂക്കയുടെ ഗെറ്റപ്പ്മമ്മൂക്കയുടെയും വിനായകൻ ചേട്ടന്റെയും കഥാപാത്രങ്ങളുടെ ലുക്കിന്റെ കാര്യത്തിൽ ആയാലും കോസ്റ്റ്യൂംസിന്റെ കാര്യത്തിലായാലും നമ്മൾ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. ആ കഥാപാത്രത്തിന്റെ മുടി മുകളിലേക്ക് ആക്കിയത് മമ്മൂക്കയുടെ തന്നെ സജഷനായിരുന്നു. അത് മാത്രമല്ല സിനിമയിൽ ഉടനീളം പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇൻപുട്ട്സ് ഉണ്ടായിട്ടുണ്ട്.നല്ല സിനിമ ഉറപ്പ് തരാംമലയാള സിനിമാപ്രേക്ഷകർ കാണാൻ ആഗ്രഹിക്കും വിധമുള്ള ഒരു സിനിമയായിരിക്കും കളങ്കാവൽ എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിനിമയെ ഏറെ ഗൗരവത്തോടെ കാണുന്ന പ്രേക്ഷകരാണ് നമ്മുടേത്. ആ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിൽക്കുന്ന സിനിമയായിരിക്കും ഇത് എന്നാണ് പ്രതീക്ഷ. അതിനൊപ്പം വിനായകൻ ചേട്ടന്റെയും മമ്മൂക്കയുടെയും മികച്ച പെർഫോമൻസും ഈ സിനിമയിൽ ഉണ്ടാകും. സ്ക്രിപ്റ്റിനും മേക്കിങ്ങിനുമെല്ലാം മുകളിൽ നിൽക്കുന്ന ഒരു മമ്മൂക്കയെ നിങ്ങൾക്ക് കാണാൻ സാധിക്കും.