കോഴിക്കോട് | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 76 വാര്‍ഡുകളില്‍ 73 ഇടത്തെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.സി പി എം 57 വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. ഘടക കക്ഷികളായ സി പി ഐ, ആര്‍ ജെ ഡി എന്നിവ അഞ്ച് വാര്‍ഡുകളില്‍ വീതം മത്സരിക്കും. എന്‍ സി പി മൂന്നും ജെ ഡി എസ് രണ്ടും കേരള കോണ്‍ഗ്രസ്സ് (എം), ഐ എന്‍ എല്‍, നാഷനല്‍ ലീഗ്, കോണ്‍ഗ്രസ്സ് എസ് എന്നീ കക്ഷികള്‍ ഒന്ന് വീതം വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും.നിലവിലെ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹ്്മദ്, ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഡോ. എസ് ജയശ്രീ, മുന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി, കെ ജി ഒ എഫിന്റെയും സി പി ഐയുടെയും നേതാവും നാളികേര വികസന കോർപറേഷന്‍ മുന്‍ എം ഡിയുമായ ഡോ. എ കെ സിദ്ധാർഥന്‍, നിലവിലെ കൗണ്‍സിലര്‍മാരായ വി പി മനോജ്, തുഷാര എസ് എം, ഒ സദാശിവന്‍, എം സി അനില്‍കുമാര്‍, സുജാത കൂടത്തിങ്കല്‍, തോട്ടുങ്ങല്‍ രജനി, എന്‍ ജയഷീല, എം എന്‍ പ്രവീണ്‍, പി പ്രസീന, സുരേഷ് കല്ലറത്ത്, കെ രാജീവ് തുടങ്ങിയവര്‍ ലിസ്റ്റിലുണ്ട്. സി പി എം മത്സരിക്കുന്ന മുഖദാര്‍, സി പി ഐ മത്സരിക്കുന്ന കല്ലായി, ആര്‍ ജെഡി മത്സരിക്കുന്ന കാരപ്പറമ്പ് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.എൽ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, എൽ ഡി എഫ് നേതാക്കളായ പി ടി ആസാദ്, അഡ്വ. എം പി സൂര്യനാരായണന്‍, എന്‍ സി മോയിന്‍കുട്ടി, അബൂബക്കര്‍, ടി എം ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ എല്‍ ഡി എഫ് പൂർണ സജ്ജമായിക്കഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു.