കോഴിക്കോട് | തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിത ചട്ടപ്രകാരമായിരിക്കണമെന്ന കര്‍ശന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി എല്ലാ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ ടീം ഹരിത ചട്ടം സെല്‍ രൂപവത്കരിക്കും.മാലിന്യം കുറക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ടിയുളള പെരുമാറ്റ ചട്ടമാണ് ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോകള്‍). കമ്മീഷന്‍ നിർദേശങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണം, അലങ്കാരം, സ്ഥാനാര്‍ഥി സ്വീകരണം എന്നീ പരിപാടികള്‍ക്കായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ്സ്‌ക്വാഡ് രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനോടനുബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമ ലംഘനം ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സിംഗിള്‍ വാട്സാപ്പ് നമ്പര്‍ പ്രസിദ്ധപ്പെടുത്തണം.പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കള്‍ സൂക്ഷിക്കാന്‍ എം സി എഫ് (മെറ്റീരിയില്‍ കലക്്ഷന്‍ ഫെസിലിറ്റി) സെന്ററില്‍ പ്രത്യേക സ്റ്റോറേജ് സംവിധാനം ഉണ്ടാക്കണം.ഏകോപയോഗ വസ്തുക്കള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലേറ്റുകള്‍ ഡിസ്പോസിബിള്‍ ഗ്ലാസ്സുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക, സ്റ്റീല്‍ പാത്രങ്ങള്‍, വാഴയില, തുണി സഞ്ചി എന്നിവ ഉപയോഗിക്കുക, മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, അഴുകുന്ന മാലിന്യം (ജൈവം), അഴുകാത്ത മാലിന്യം (അജൈവ മാലിന്യം) എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കല്‍ എന്നിവ ഹരിത ചട്ടത്തിന്റെ ഭാഗമാണ്.റാലികളും സമ്മേളനങ്ങളും നടന്നുകഴിഞ്ഞാല്‍ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കി ഇവിടങ്ങളില്‍ ഉണ്ടാകുന്ന പാഴ് വസ്തുക്കള്‍ സമാഹരിച്ച് ഹരിത കർമ സേനക്ക് കൈമാറി യൂസര്‍ ഫീ നല്‍കണം.ഭക്ഷണത്തിനായി ഗ്രീന്‍ പാക്കിംഗ് ഉപയോഗിക്കണം. വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രമേ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റ്മാര്‍ക്കും ഭക്ഷണം നല്‍കാവൂ. ഇതിന് കുടുംബശ്രീയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, പ്ലാസ്റ്റിക് പേപ്പറുകള്‍, റിബണുകള്‍, നൂലുകള്‍ എന്നിവ പൂർണമായും ഒഴിവാക്കണം.