വീണ്ടും മഴ തിമിർക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

Wait 5 sec.

തിരുവനന്തപുരം | തുടര്‍ച്ചയായ ചക്രവാതച്ചുഴികളും ന്യൂനമര്‍ദങ്ങളും സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശമാണ്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് ജാഗ്രതാ നിര്‍ദേശമുണ്ട്. ഒപ്പം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതാ നിര്‍ദേശമുണ്ട്.തെക്കന്‍ ചത്തീസ്ഗഢിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും വടക്കുപടിഞ്ഞാറന്‍- മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും കാലാവസ്ഥാ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ഇത് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ നേരിയ ഇടത്തരം മഴക്കും ഈ മാസം 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും വഴിയൊരുക്കും. ഇതിനുപുറമെ ഇന്നും നാളെയും 40 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചു.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ തമിഴ്നാട് തീരം, വടക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.