നവ്സാരി| ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിച്ച് അപകടം. സംഭവത്തില്‍ കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്. നവ്സാരി ജില്ലയിലാണ് അപകടമുണ്ടായത്. ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പോലീസ് പറഞ്ഞു. രണ്ട് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഓപ്പറേറ്റര്‍ക്കുമാണ് പരുക്കേറ്റത്.പരുക്കേറ്റ നാലു പേരെ ബിലിമോറയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഓപ്പറേറ്ററെ സൂറത്തിലെ ഒരു ആശുപത്രിയിലേക്കും മാറ്റി. മേളയില്‍ ഏഴ് റൈഡുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.