കത്ത് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയെയും കുടുംബത്തെയും കൂട്ടിക്കെട്ടാൻ ശ്രമിച്ച അതിബുദ്ധിയിൽ വീണത് മാധ്യമ സിൻഡിക്കേറ്റാണെന്ന് ബ്രിട്ടനിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര നിർമാതാവുമായ രാജേഷ് കൃഷ്ണ. ഈ വിവാദത്തിൽപ്പെട്ട കത്ത് താൻ നൽകിയ മാനനഷ്ടക്കേസിലെ പ്രതി തന്നെ ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. എന്നാൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളിൽ അതും പുറത്തുവരുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ രാജേഷ് കൃഷ്ണ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:ഇക്കാലമത്രയും ഒരുവൻ ഒരു മഞ്ഞ പത്രക്കാരനുമായി ചേർന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോൾ എൻ്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. “എന്തുകൊണ്ട് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല” ?ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോൾ കഴിഞ്ഞമാസം ഡൽഹി കോടതിയിൽ അദ്ദേഹത്തിന് എതിരെ ഞാൻ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇതിൽ നിയമനടപടി ഉറപ്പായപ്പോൾ പഴയ മഞ്ഞപത്രക്കാരൻ്റെ നേതൃത്വത്തിൽ ഒരു മുഖ്യധാരാ പത്ര റിപ്പോർട്ടറെ കളത്തിലിറക്കി. നിരന്തര CPM വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായും ഇന്നത്തെ മത്സര മാർക്കറ്റിംഗ് റേറ്റിങ്ങ് പ്രഷറിലും മറ്റ് മാദ്ധ്യമങ്ങളും കളത്തിലിറങ്ങി.Also read: കൂടത്തായി പാലം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: ഡിവൈഎഫ്ഐവ്യക്തമായി തന്നെ പറയട്ടെ, ഈ വിവാദത്തിൽപ്പെട്ട കത്ത് പ്രസ്തുത പ്രതി തന്നെ തൻറെ ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. എന്നാൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളിൽ അതും പുറത്തുവരും.സോഷ്യൽ മീഡിയ പോസ്റ്റിൽ അയാൾ തന്നെ പറയുന്നുണ്ട് “രാജേഷ് കൃഷ്ണയ്ക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ മെമ്പർ അശോക് ധാവ്ലെയ്ക്ക് പരാതി കൊടുത്തത് ഞാനാണ്. ആർക്കുവേണമെങ്കിലും പരാതിയുടെ പകർപ്പ് ആവശ്യപ്പെടാം. ” അപ്പോൾ അയാളിൽ നിന്നു തന്നെ ഇത് പൊതുജന മദ്ധ്യത്തിൽ വന്നതാണെന്ന് വ്യക്തമാണല്ലോ. മാത്രവുമല്ല മധുര പാർട്ടി കോൺഗ്രസ് നടന്ന ദിവസങ്ങളിലെ ചാനൽ വാർത്തകളിൽ മേൽ പറഞ്ഞ പ്രതിയുടെ കത്ത് അവരുടെ കയ്യിലുണ്ടെന്നു പറഞ്ഞിട്ടുള്ളതും അത് പ്രസിദ്ധപ്പെടുത്തിയിട്ടുമുള്ളതാണല്ലോ.ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ഈ കത്ത് 2022 മുതൽ മലയാളത്തിൽ പലയിടങ്ങളിലും ലഭ്യമായിരുന്നെന്ന് പ്രതി തന്നെ പറയുന്നുണ്ടല്ലോ.എനിക്കെതിരെ വാർത്ത വന്നാൽ അതിനൊരു ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും ചേർത്ത് കെട്ടാൻ ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ വീണത് ‘മാധ്യമ സിൻഡിക്കേറ്റാണ്’.എന്തായാലും മാധ്യമപ്രവർത്തകരുടെ വർഗ്ഗബോധം എനിക്കിഷ്ടപ്പെട്ടു, കാരണം അതിൽ പ്രതിപാദിച്ചിരിക്കുന്ന എൻ്റെ സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ പേരുകൾ ഒന്നും തന്നെ അവർ ചർച്ചയ്ക്ക് എടുത്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ആരാഞ്ഞവർ മാധ്യമ സുഹൃത്തുക്കളുടെ പ്രതികരണത്തിന് മെനക്കെട്ടതുമില്ല.ഞാൻ ഫയൽ ചെയ്ത കേസ്, എനിക്കെതിരെ അപവാദപ്രചരണം നടത്തിയ ആൾക്കെതിരെ മാത്രമാണ്. എന്നാൽ അയാൾ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മാധ്യമങ്ങൾ കൂടി ഇതിൽ പ്രതിയാണെന്നാണ്.മാധ്യമ സ്ഥാപനങ്ങളെ അയാൾ സമർത്ഥമായി കളിപ്പിക്കുകയായിരുന്നു എന്ന് വരും ദിവസങ്ങളിൽ നിങ്ങൾക്ക് ബോദ്ധ്യപ്പെടും. ഉണ്ടെന്ന് പറഞ്ഞ രേഖകൾ ചോദിച്ചാൽ കൈ രേഖയല്ലാതെ അയാൾക്ക് ഒന്നും കാണിക്കാനുണ്ടാകില്ല.ഏതന്വേഷണത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. 25 വർഷത്തോളമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാൻ മാത്രം ഇന്നും ഇന്ത്യൻ പാസ്പോർട്ട് നിലനിൽത്തിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മെമ്പർ ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, CPM ബ്രിട്ടൺ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിൻ്റെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചു വരുന്ന ഞാൻ, പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും.പണ്ട് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. ‘അവൾക്കൊപ്പം’ എന്നത് ഹാഷ് ടാഗിടാനുള്ള ഒരു വരി മാത്രമല്ല എനിക്ക്. അതിജീവിതയുടെ തിരിച്ചു വരവിനിടയാക്കിയ ചലച്ചിത്രം, പല നിർമ്മാതാക്കളും പിൻമാറിയപ്പോൾ അഭിമാനപൂർവ്വം ഏറ്റെടുത്തു നിർമ്മിച്ച ആളാണ് ഞാൻ. ജൻഡർ വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ അവരുടെ വേട്ടയാടപ്പെടലുകളിൽ ഉൾപ്പടെ ഏതവസ്ഥയിലും എന്നാലാവും വിധം ചേർത്തു നിർത്താൻ ശ്രമിച്ചിട്ടുണ്ട്. അതൊരു മനുഷ്യൻ്റെ ഉത്തരവാദിത്തമാണെന്ന ഉത്തമ വിശ്വാസം പേറുന്ന ആളാണ് ഞാൻ.ഒരു സംശയവും വേണ്ട, തുടർന്നും അങ്ങനെ തന്നെയായിരിക്കും.The post കത്ത് വിവാദം: ‘പാർട്ടി സെക്രട്ടറിയെയും കുടുംബത്തെയും കൂട്ടിക്കെട്ടാൻ ശ്രമിച്ച അതിബുദ്ധിയിൽ വീണത് മാധ്യമ സിൻഡിക്കേറ്റ്’: രാജേഷ് കൃഷ്ണ appeared first on Kairali News | Kairali News Live.