അനധികൃത മദ്യ നിർമാണശാലകളെ ലക്ഷ്യമാക്കി രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി കുവൈത്ത്. വിഷമദ്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മരണങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് ശക്തമായ നടപടി. ആഭ്യന്തര മന്ത്രി ആദ്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം സുരക്ഷാ വിഭാഗങ്ങൾ നടത്തിയ വ്യാപക റെയ്ഡിൽ മെത്തനോൾ നിർമ്മാണ-വിതരണ ശൃംഖലം തകർത്തു.സാൽമിയയിൽ നടത്തിയ പരിശോധനയിൽ ഒരു നേപ്പാളി പൗരനെ മെത്തനോൾ കൈവശം വച്ച നിലയിൽ പിടികൂടി. ഇയാൾ നിർമ്മാണവും വിൽപ്പനയും നടത്തി വരുന്നതായി സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ഇന്ത്യൻ പൗരനും മറ്റൊരു നേപ്പാളി പൗരനും പിടിയിലായി. സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ബംഗ്ലാദേശി പൗരനെയും പിന്നീട് അറസ്റ്റ് ചെയ്തു.Also Read: കുവൈത്ത് വിഷമദ് ദുരന്തം: മരിച്ചവരിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഏകോപിത ഓപ്പറേഷനിൽ 67 പേരെ അറസ്റ്റ് ചെയ്തു. ആറ് അനധികൃത മദ്യ ഫാക്ടറികൾ കണ്ടെത്തുകയും താമസ മേഖലകളിലും വ്യാവസായിക മേഖലകളിലും പ്രവർത്തിച്ചിരുന്ന നാല് ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. കൂടാതെ 34 പേരെ വേറെയും വിവിധ കേസുകളിൽ ആവശ്യപ്പെട്ടിരുന്നവരായി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.അതേസമയം, വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് സൂചനകൾ. ഇന്ത്യക്കാരും ഉൾപ്പെടെ നിരവധി പ്രവാസികളുടെ നില അതീവ ഗുരുതരമാണ്. ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച് വിഷബാധയേറ്റ് ഇതുവരെ 23 പേരാണ് മരിച്ചിരിക്കുന്നത്. 160 ഓളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭൂരിഭാഗവും തീവ്രപരിചരണ വിഭാഗങ്ങളിലാണ് തുടരുന്നത്. എല്ലാ കേസുകളും 24 മണിക്കൂറും വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ നിരീക്ഷണത്തിലാണ്.പലർക്കും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. വൃക്ക തകരാറിനെ തുടർന്ന് പലരെയും അടിയന്തര ഡയാലിസിസിന് വിധേയമാക്കേണ്ടിവന്നു. കൂടുതൽ മലയാളികൾ മരണപ്പെട്ടതായും സൂചനയുണ്ടെങ്കിലും ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. മരണപ്പെട്ടവരിൽ ഭൂരിഭാഗവും കൺസ്ട്രക്ഷൻ മേഖലയിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്ന പ്രവാസികളാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.The post വിഷമദ്യ ദുരന്തം: അനധികൃത മദ്യ നിർമാണശാലകള്‍ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി കുവൈത്ത് appeared first on Kairali News | Kairali News Live.