ദുബൈയില്‍ ഗതാഗതക്കുരുക്കില്‍ നഷ്ടമാകുന്നത് മണിക്കൂറുകള്‍; അബൂദബിയില്‍ നേരിയ പുരോഗതി

Wait 5 sec.

അബൂദബി | ആഗോള ട്രാഫിക് സര്‍വേ റിപോര്‍ട്ട് പ്രകാരം ഒരു സാധാരണ വാഹന യാത്രികന് ഗതാഗതക്കുരുക്കില്‍ നഷ്ടമാകുന്നത് മണിക്കൂറുകള്‍. 2024-ല്‍ അബൂദബിയില്‍ ശരാശരി 19 മണിക്കൂര്‍ നഷ്ടപ്പെട്ടുവെന്നാണ് പഠനം പറയുന്നത്. 2023-ലെ 20 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ പുരോഗതിയാണ് കാണിക്കുന്നത്.ഗതാഗത ഡാറ്റയിലും വിശകലനത്തിലും ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള ഐ എന്‍ ആര്‍ ഐ എക്സ് ഇന്‍ക് പുറത്തിറക്കിയ 2024 ഗ്ലോബല്‍ ട്രാഫിക് സ്‌കോര്‍ കാര്‍ഡ് ആണ് റിപോര്‍ട്ട് പുറത്തിറക്കിയത്. തിരക്കും യാത്രാ പ്രവണതകളും അടിസ്ഥാനമാക്കി 37 രാജ്യങ്ങളിലെ 946 നഗരങ്ങളെ റാങ്ക് ചെയ്താണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അബൂദബി റിപോര്‍ട്ടില്‍ 473-ാം സ്ഥാനത്താണ്. അബൂദബിയിലെ ‘അവസാന മൈല്‍ വേഗത’ മണിക്കൂറില്‍ 34 കിലോമീറ്ററാണെന്നും ഇതില്‍ കാണിക്കുന്നു.ദുബൈയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 2024-ല്‍ ശരാശരി 35 മണിക്കൂര്‍ ഗതാഗത നഷ്ടം സംഭവിച്ചു. ഇത് 2023-ലെ 33 മണിക്കൂറില്‍ നിന്ന് വര്‍ധിച്ചതായും റിപോര്‍ട്ട് പറയുന്നു. ഗണ്യമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടും ദുബൈയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ റോഡ് അടിസ്ഥാന സൗകര്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരുകയാണ്. ദുബൈയിലെ അവസാന മൈല്‍ വേഗത മണിക്കൂറില്‍ 35 കിലോമീറ്ററാണ്. തിരക്ക് റാങ്കിംഗില്‍ ദുബൈ ആഗോളതലത്തില്‍ 154-ാം സ്ഥാനത്താണ്. ആഗോളതലത്തില്‍, ഇസ്താംബൂള്‍ ഗതാഗതക്കുരുക്ക് സൂചികയില്‍ ഒന്നാമതെത്തി. 2024-ല്‍ യാത്രക്കാര്‍ക്ക് 105 മണിക്കൂറാണ് ഇവിടെ നഷ്ടപ്പെട്ടത്.ഗതാഗതക്കുരുക്കുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല, ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ ചെലവ് വരുത്തുന്ന ഒന്നാണെന്ന് റോഡ് സേഫ്റ്റി യു എ ഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ പറഞ്ഞു. റോഡ് സുരക്ഷാ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, ഗതാഗതക്കുരുക്ക് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും വാഹനമോടിക്കുന്നവര്‍ വളഞ്ഞുപോകുമ്പോള്‍ അശ്രദ്ധമായ ഡ്രൈവിംഗ് വര്‍ധിക്കുന്നുവെന്നും എഡല്‍മാന്‍ വിശദീകരിച്ചു.റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളില്‍. സാലിക് പോലുള്ള റോഡ് ടോളുകള്‍ക്ക് ഒരു പങ്കുവഹിക്കാന്‍ കഴിയും, എന്നാല്‍ സ്‌കൂള്‍, ഓഫീസ് സമയക്രമീകരണം, കാര്‍പൂളിംഗ് എന്നിവ പോലുള്ള നടപടികള്‍ തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.