ദുബൈ | യു എ ഇ കമ്മ്യൂണിറ്റി ആന്‍ഡ് എംപവര്‍മെന്റ് മന്ത്രാലയം സ്വദേശികള്‍ക്ക് ഭവനനിര്‍മാണത്തിനും വിദ്യാഭ്യാസത്തിനുമായി രണ്ട് അലവന്‍സ് പദ്ധതികള്‍ ആരംഭിച്ചു. പരിമിതമായ വരുമാനമുള്ള ഇമറാത്തി കുടുംബങ്ങള്‍ക്ക് പ്രതിമാസ സാമ്പത്തിക പിന്തുണ ലഭിക്കും. ഫെഡറല്‍ സംരംഭമായ സോഷ്യല്‍ സപ്പോര്‍ട്ട് ആന്‍ഡ് എംപവര്‍മെന്റ് പ്രോഗ്രാമിനെ പിന്തുണക്കുന്നതിനാണ് ഈ അലവന്‍സുകളെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഭവന സഹായവും ലഭിക്കാത്ത കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ ചേരാന്‍ പറ്റുക. കുടുംബത്തിന്റെ വലുപ്പവും ജീവിത സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തുക നിര്‍ണയിക്കുന്നത്. സ്വതന്ത്രമായി താമസിക്കുന്നവരെയും മറ്റ് വീടുകളുമായി താമസസ്ഥലം പങ്കിടുന്നവരെയും വേര്‍തിരിച്ച് കണ്ടെത്തും. ജയില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തികളുടെ അനാഥര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വഴക്കമുള്ള നിബന്ധനകളും അലവന്‍സില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ അലവന്‍സ് ഉയര്‍ന്ന വിജയം നേടുന്ന സര്‍വകലാശാല വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ളതാണ്. യു എ ഇയിലെ അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 3,200 ദിര്‍ഹം വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. റിമോട്ട് ലേണിങ് വഴി അംഗീകൃത യു എ ഇ സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്കും അര്‍ഹതയുണ്ട്.മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സോഷ്യല്‍ സബ്സിഡി സേവനം വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. പൗരന്മാര്‍ക്ക് അധിക സഹായം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയാണ് തൊഴില്‍ പദ്ധതി. 2022 ല്‍, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് 2,800 കോടി ദിര്‍ഹം (7.6 ബില്യണ്‍ ഡോളര്‍) സാമൂഹിക പിന്തുണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. താഴ്ന്ന വരുമാനക്കാരായ ഇമാറാത്തി കുടുംബങ്ങള്‍ക്ക് ഇന്ധനം, ഭക്ഷണം, യൂട്ടിലിറ്റികള്‍ എന്നിവയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ക്ക് സബ്സിഡികള്‍ നല്‍കുന്നു.താഴ്ന്ന വരുമാനക്കാരായ പൗരന്മാര്‍ക്കുള്ള യു എ ഇയുടെ സാമൂഹിക ക്ഷേമ പരിപാടി പ്രതിമാസം 25,000 ദിര്‍ഹത്തില്‍ (6,800 ഡോളര്‍) താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാണ്. 45 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്ക് പ്രതിമാസം 5,000 ദിര്‍ഹം സഹായം, പ്രതിമാസം 2,500 ദിര്‍ഹം വരെ ഭവന അലവന്‍സ്, മികച്ച വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 3,200 ദിര്‍ഹം സര്‍വകലാശാല വിദ്യാഭ്യാസ അലവന്‍സ്, തൊഴിലില്ലാത്തവര്‍ക്ക് ആറുമാസത്തേക്ക് 5,000 ദിര്‍ഹം എന്നിവ ഈ പദ്ധതിയിലൂടെ ലഭിക്കും.