മലപ്പുറം: നഗരസഭയുടെ പാണക്കാട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാണക്കാട് തങ്ങൾ കുടുംബം സൗജന്യമായി മലപ്പുറം പരപ്പനങ്ങാടി റോഡിൽ പാണക്കാട് എടായിപ്പാലത്തിന് സമീപം നൽകിയ ഭൂമിയിലാണ് ആരോഗ്യ കേന്ദ്രം നിർമിക്കുന്നത്.നൂറുകണക്കിന് രോഗികൾ ദിനംപ്രതി ചികിത്സക്കെത്തുന്ന ആശുപത്രി കഴിഞ്ഞ പത്ത് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. മലപ്പുറം നഗരസഭക്ക് പുറമെ സമീപ പഞ്ചായത്തുകളിൽ നിന്നും നിരവധി രോഗികൾ ആണ് ദിനേനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കത്തിയിരുന്നത്. മൂന്നുനിലകളിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടി മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കെട്ടിടത്തിനു വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഡോക്ടേഴ്സ് കൺസൾട്ടിംഗ് റൂം, ഒപി, ഫാർമസി ലാബ് സൗകര്യങ്ങൾ ഉൾപ്പെടുന്ന ആദ്യഘട്ട കെട്ടിട നിർമ്മാണത്തിന് രണ്ടുകോടി പത്ത് ലക്ഷം രൂപ നിലവിൽ നഗരസഭ അനുവദിച്ചു. ചുറ്റുമതിലും എയർകണ്ടീഷൻ സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങളുമാണ് ആശുപത്രിയിൽ നഗരസഭ തയ്യാറാക്കുന്നത്. ആദ്യഘട്ടം നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സംസ്ഥാനത്ത് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായി പാണക്കാട് ആരോഗ്യ കേന്ദ്രം മാറും.ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ചികിത്സ സംവിധാനങ്ങൾ സാധാരണക്കാരന് ലഭ്യമാക്കുന്നതിൽ മലപ്പുറം നഗരസഭ കാണിക്കുന്ന ആത്മാർത്ഥമായ പരിശ്രമങ്ങൾ മാതൃകാപരമാണെന്ന് പാണക്കാട് പ്രസ്താവിച്ചു. പാണക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്കും, പ്രയാസപ്പെടുന്നവർക്കും സാന്ത്വനം നൽകാനാകുന്നത് മഹത്തായ ദൗത്യമാണ്. പൂർവികരുടെ പാതയിൽ ആ ദൗത്യം തുടരണമെന്ന് താല്പര്യമാണ് കുടുംബം ഭൂമി നൽകുന്നതിന് പ്രചോദനമായതെന്നും തങ്ങൾ പറഞ്ഞു. ചികിത്സ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ട് നമുക്കിടയിലുള്ള സാധാരണക്കാർ അനുഭവിക്കുന്ന വേദനയ്ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. രോഗികൾക്കും പ്രയാസപ്പെടുന്നവർക്കും സാന്ത്വനം നൽകാൻ ആവുന്നത് മഹത്തായ ധർമ്മമാണെന്നും തങ്ങൾ പറഞ്ഞു.പൊന്നാനിയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിചടങ്ങിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, പി അബ്ദുൽ ഹമീദ് എംഎൽഎ, പി ഉബൈദുള്ള എംഎൽഎ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പരി അബ്ദുൽ ഹമീദ്, പി കെ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർമാരായ ആയിഷാബി ഉമ്മർ, ഇപി സൽമ ടീച്ചർ, ഷാഫി മൂഴിക്കൽ, സികെ സഹീർ, ശിഹാബ് മൊടയങ്ങാടൻ, മഹ്മൂദ് കോതേങ്ങൽ, എപി ശിഹാബ്,പികെ ബാവ, മന്നയിൽ അബൂബക്കർ, കുഞ്ഞാപ്പു തങ്ങൾ എന്നിവർ പ്രസംഗിച്ചു.