കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കി; രക്ഷിതാക്കളുടെ സംശയം രണ്ടു പ്രതികളെ വലയിലാക്കി

Wait 5 sec.

ആലപ്പുഴ | കണ്ണുചുവന്നു വീട്ടിലെത്തിയ കുട്ടികളെ കണ്ട് അമ്മമാര്‍ക്ക് തോന്നിയ സംശയം മയക്കുമരുന്നു കടത്തുകാരെ വലയിലാക്കി. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയ രണ്ടുപേരാണ് ആലപ്പുഴയില്‍ പിടിയിലായത്.പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ കഞ്ചാവ് നല്‍കി വലിപ്പിച്ചത്. കഞ്ചാവ് ഉപയോഗിച്ച കുട്ടികളെ മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേര്‍ കഞ്ചാവ് നല്‍കിയതായി കുട്ടികള്‍ വെളിപ്പെടുത്തിയത്. രക്ഷിതാക്കള്‍ നല്‍കിയ വിവരമനുസരിച്ച് ആലപ്പുഴ പൂച്ചാക്കല്‍കുളങ്ങര വെളിവീട്ടില്‍ ആദിത്യന്‍ ( 18), പാണാവളളി അടിച്ചീനികര്‍ത്തില്‍ വീട്ടില്‍ അഭിജിത്ത് ( 25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഞ്ചാവ് കടത്തുകാരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പൂച്ചാക്കല്‍കുളങ്ങര ശക്തിമൂര്‍ത്തി അമ്പലത്തിനടുത്തുള്ള കടവില്‍ വെച്ചാണ് പ്രദേശവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികള്‍ കഞ്ചാവ് നല്‍കിയത്. ഇവിടെ വച്ച് തന്നെ വിദ്യാര്‍ത്ഥികളെ കൊണ്ട് ഇത് വലിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം അന്വേഷിക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പൂച്ചാക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടികൂടിയ പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.