ലൈസോള്‍, ഹാര്‍പിക് എന്നിവയ്ക്കും വ്യാജന്‍;പത്തനംതിട്ടയില്‍ നിന്നും 227 ബോട്ടിലുകള്‍ പോലീസ് പിടിച്ചെടുത്തു

Wait 5 sec.

പത്തനംതിട്ട |  പ്രമുഖ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളായ ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍, ലൈസോള്‍ ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വ്യാജ പതിപ്പുകള്‍ പത്തനംതിട്ട പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിക്കുന്ന ഇസ്മായില്‍ േ്രടഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് 227 ബോട്ടിലുകള്‍ പിടിച്ചെടുത്തത്. ആലപ്പുഴ വള്ളികുന്നം സ്വദേശിയുടേതാണ് വ്യാപാര സ്ഥാപനം.രഹസ്യവിവരം കൈമാറിയത്തിനെതുടര്‍ന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. പത്തനംതിട്ട എസ് എച്ച് ഓ കെ സുനുമോന്റെ മേല്‍നോട്ടത്തില്‍ എസ് ഐ കെ ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന്, ബി എന്‍ എസിലെ വകുപ്പുകള്‍ക്ക് പുറമെ, പകര്‍പ്പവകാശ നിയമത്തിലെയും, ട്രേഡ് മാര്‍ക്ക് ആക്ടിലെയും നിര്‍ദിഷ്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. റെക്കിറ്റ് എന്ന പേരിലുള്ള കമ്പനി വിതരണം ചെയ്തുവന്ന ലൈസോള്‍, ഹാര്‍പിക് എന്നിവയുടെ വ്യാജപതിപ്പുകളാണ് കച്ചവടം ചെയ്തുവന്നത്. ഈ ഉല്‍പ്പന്നങ്ങളും ബോട്ടിലുകളും ലേബലും ട്രേഡ് മാര്‍ക്കും വ്യാജമായി നിര്‍മിച്ചവയാണ്. ഇവയുടെ വില്‍പ്പനാവകാശമുള്ള റെക്കിറ്റ് കമ്പനിയുടെ ലീഗല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ഡെപ്യൂട്ടി മാനേജര്‍ ശ്രീജിത്തും പരിശോധന സമയത്ത് സന്നിഹിതനായിരുന്നു. പോലീസ് സംഘത്തില്‍ എസ് ഐക്കൊപ്പം പിങ്ക് പോലീസിലെ ഏ എസ് ഐ കുഞ്ഞമ്മ, പത്തനംതിട്ട സ്റ്റേഷനിലെ എസ് സി പി ഓമാരായ രാജീവ് കൃഷ്ണന്‍, ബൈജു, അയൂബ് ഖാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.