ഗസ്സ | ഇസ്റാഈൽ അധിനിവേശം ശക്തമാക്കിയതോടെ ഉപരോധത്തിൽ വലഞ്ഞ് അന്നം കിട്ടാതെ ഗസ്സക്കാർ മരിച്ചുവീഴുന്നു. ഭക്ഷ്യക്ഷാമം അതിരൂക്ഷമായതോടെ പട്ടിണി മരണവും വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടികളുൾപ്പെടെ 12 പേരാണ് അന്നം കിട്ടാതെ മരിച്ചത്. ക്ഷാമം രൂക്ഷമായതോടെ ഗസ്സയിലെ മൂന്നിലൊന്ന് പേരും ദിവസങ്ങളോളം അന്നം ലഭിക്കാതെ കഴിയുകയാണെന്നാണ് റിപോർട്ടുകൾ.കുട്ടികളും ഗർഭിണികളുമുൾപ്പെടെ പോഷകാഹാരക്കുറവ് മൂലം മരണ മുഖത്താണ്. കഴിഞ്ഞ ആഴ്ച മാത്രം 120 പേരാണ് പട്ടിണി മൂലം മരിച്ചത്. ഇസ്റാഈൽ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന് പുറമെയാണിത്. 2.2 ദശലക്ഷം നിവാസികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും പൂർണമായും നിലച്ചതായി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.മാര്‍ച്ചില്‍ ഇസ്റാഈൽ ഉപരോധം ശക്തമാക്കിയതോടെയാണ് ഭക്ഷ്യക്ഷാമം രൂക്ഷമായത്. വിവിധ രാഷ്ടങ്ങളും ഏജൻസികളും എത്തിച്ച ആയിരക്കണക്കിന് കണ്ടെയിനർ ഭക്ഷ്യ വസ്തുക്കളാണ് ഇസ്റാഈൽ വിതരണം നടത്താതെ അതിർത്തിയിൽ പിടിച്ചുവെച്ചിരിക്കുന്നത്. മേയ് മാസം ഭാഗികമായി ഉപരോധത്തിൽ അയവ് വരുത്തിയെന്ന് വരുത്തിയെങ്കിലും ഇപ്പോഴും ഭക്ഷ്യ വിതരണം നടക്കുന്നില്ല.സഹായ വിതരണ കേന്ദ്രങ്ങളിൽ നാമമാത്രമായി വിതരണം ചെയ്യുന്ന അന്നം തേടിയെത്തുന്ന പട്ടിണിപ്പാവങ്ങളെ വെടിവെച്ചുകൊല്ലുന്നതും ഇസ്റാഈൽ പതിവാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഭക്ഷണം തേടിയെത്തിയ ആയിരത്തോളം ഫലസ്തീനികളാണ് വെടിയേറ്റ് മരിച്ചത്.