ജില്ലയിൽ അപകടവസ്ഥയിലായ 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ഉത്തരവ്

Wait 5 sec.

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയിൽ അപകടവസ്ഥയിലായ 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് നൽകിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ജില്ലാ വികസന സമിതിയോഗത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പി ഡബ്ലിയു ഡി ബില്‍ഡിങ്‌സ് തുടങ്ങി വിവിധ വകുപ്പുകളുമായുള്ള യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഈ കെട്ടിടങ്ങളുടെ വാല്വേഷന്‍, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 30 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് അതത് തദ്ദേശ സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ടും മഴക്കാലത്ത് വെള്ളക്കെട്ടുകളിലും മറ്റും കുട്ടികൾ ഇറങ്ങി അപകടമുണ്ടാകുന്ന സാഹചര്യം നേരിടാൻ ദുരന്ത നിവാരണ വകുപ്പ് സ്വീകരിച്ച നടപടികൾ സംബന്ധിച്ചും ടി വി ഇബ്രാഹിം എം എൽ എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ആസൂത്രണസമിതി ഹാളില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചു കൊണ്ടാണ് തുടങ്ങിയത്. എം എല്‍ എമാരായ പി. ഉബൈദുള്ള, ടി വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, പി അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം പി മാരുടെയും മറ്റ് എം എൽ എ മാരുടെയും പ്രതിനിധികൾ ,എ ഡി എം എന്‍ എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസർ പി.ഡി. ജോസഫ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനായി ചെലവഴിക്കേണ്ട സി ഇ ആര്‍ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പ്രമേയം ടി.വി.ഇബ്രാഹിം എം എല്‍ എ അവതരിപ്പിച്ചു. എയര്‍പോര്‍ട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി വിനിയോഗിക്കേണ്ട സി ഇ ആർ ഫണ്ട്‌ മറ്റു ജില്ലകളിലേക്ക് മാറ്റുന്നത് തടയണമെന്നും എയർപോർട്ട് വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറക്കാൻ ഈ ഫണ്ട് വിനിയോഗിക്കണമെന്നും ഇതിനു വേണ്ട പ്രപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പി. ഉബൈദുള്ള എം.എൽ.എ. പ്രമേയം പിന്താങ്ങി. വിഷയം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലയില്‍ കോവിഡ് കാലത്ത് എം എൽ ‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ വീതം ഉപയോഗിച്ച് ഓരോ മണ്ഡലത്തിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ടാക്കുന്ന പദ്ധതി പ്രകാരം ഏഴിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി, വെള്ളം എന്നിവ ഇനിയും ലഭ്യമാകാനുണ്ട്. പ്രൊപ്പോസ് ചെയ്ത 11 ൽ അഞ്ചിടങ്ങളില്‍ പൂർത്തിയാക്കാൻ സാധിച്ചിച്ചിട്ടില്ലെന്ന് ഡി എം ഒ അറിയിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ഓഗസ്റ്റ് രണ്ടാം വാരം അടിയന്തര യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എം.എൽ.എ മാരായ ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്.കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രത്തിൽ ആദ്യമായി എം എസ് എഫ് ചെയർപേഴ്സൺജില്ലയില്‍ പകര്‍ച്ചപ്പനിയും ഡെങ്കി പനിയും പടരുന്ന സാഹചര്യമുണ്ടെന്നും പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയതിലൂടെ മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതായും ഡി എം ഒ യോഗത്തില്‍ അറിയിച്ചു. മഞ്ഞപ്പിത്ത രോഗബാധ തടയുന്നതിന്റെ ഭാഗമായി ചടങ്ങുകളില്‍ വെല്‍കം ഡ്രിങ്കുകള്‍ ഒഴിവാക്കാന്‍ കാറ്ററിങ് സര്‍വീസുകാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.ജനസംഖ്യാനുപാതികമായ ആരോഗ്യസംവിധാനങ്ങള്‍ ജില്ലയില്‍ ഉണ്ടാകണമെന്ന് പി അബ്ദുൽ ഹമീദ് എം എൽ എ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്. അവിടെയും സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചില സ്പെഷ്യാലിറ്റികൾ ഇല്ലെന്നും അവ ആരംഭിക്കാന്‍ പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ യോഗത്തില്‍ അറിയിച്ചു.ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന പി ഉബൈദുള്ള എംഎല്‍എയുടെ ചോദ്യത്തിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ മൂന്ന് തസ്തികകളാണ് ജില്ലയിൽ ഉള്ളതെന്നും പരിമിതികൾ ഉണ്ടെങ്കിലും പരമാവധി സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നും ഡിഎംഒ യാഗത്തില്‍ അറിയിച്ചു.ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ജൂലൈ 29ന് യോഗം ചേരുമെന്നും സ്‌കൂള്‍ പരിസരത്തും മറ്റും പൊട്ടിവീണ ഇലക്ട്രിക് ലൈനുകളും മറ്റും ഉണ്ടോ എന്ന് പരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള 407 കോടിയുടെ മലപ്പുറം പാക്കേജ് റീ ടെന്‍ഡര്‍ നടപടികളിലാണ്. ഓഗസ്റ്റ് രണ്ടാം വാരം യോഗം ചേര്‍ന്ന് ഇതിന്റെ പുരോഗതി വിലയിരുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.റോഡുകളിലെ കുഴിയില്‍ വീണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മിനി ഊട്ടിയിലേക്കുള്ള റോഡ് അപകടാവസ്ഥയിലാണെന്നും അത് പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും പി ഉബൈദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. കോട്ടക്കുന്ന് ഡ്രൈനേജ് നിർമാണ പുരോഗതി ചർച്ച ചെയ്യാനായി ഉടൻ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ടൗൺ ബ്യൂട്ടിഫിക്കേഷന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും രണ്ട് മാസത്തിനും ജോലി ആരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം പി. ഉബൈദുള്ള എം.എൽ.എയെ അറിയിച്ചു.താനാളൂർ പഞ്ചായത്തിൽ ലഭ്യമായ 50 സെൻ്റ് സ്ഥലത്ത് ബസ് സ്റ്റാൻഡ് നിർമിക്കുന്ന വിഷയം ബന്ധപ്പെട്ട ഡി.വൈ.എസ്.പി, ആർ.ടി.ഒ, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ്റെ പ്രതിനിധി സതീഷാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്.കൊണ്ടോട്ടി ബൈപ്പാസ് റോഡിന്റെ താല്‍ക്കാലിക റെക്ടിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മഴ മാറിയതിനുശേഷം പാച്ച് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും റോഡ് പുനരുദ്ധാരണത്തിനായി 8.5 കോടി രൂപയുടെ എസ്റ്റിമേറ്റ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദേശീയപാതാ വിഭാഗം അറിയിച്ചു. റോഡ് നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച ടി വി ഇബ്രാഹിം എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് പഞ്ചായത്തിലെ സി എച്ച് സിക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് സൈറ്റ് ഒരുക്കുന്നതിനായി നീക്കം ചെയ്യുന്ന മണ്ണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന്റെ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വിഭാഗം ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ കീരനല്ലൂര്‍ ഭാഗത്ത് മുനിസിപ്പാലിറ്റി മുഖേന നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്ക് പ്രപ്പോസല്‍ ലഭ്യമാകുന്ന മുറയ്ക്ക് അനുമതി ലഭ്യമാക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ ആദ്യമായി ബ്ലൂ ഫ്‌ളാഗ് പദ്ധതി ലഭിച്ച മംഗലം പഞ്ചായത്തിലെ കൂട്ടായി ബീച്ചില്‍ ജില്ലാ വികസന കമ്മീഷണര്‍, പഞ്ചായത്ത്, ഫിഷറീസ്, ശുചിത്വമിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പ്രാഥമിക പരിശോധന നടത്തി കടല്‍ വെള്ളത്തിന്റെ സാമ്പിള്‍ വികസന വിനിയോഗ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മാത്രമല്ല, ഇഎംഎസ് സ്‌ക്വയര്‍ പാര്‍ക്ക്, പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ വികസനം എന്നിങ്ങനെയുള്ള പദ്ധതികളും ഭരണാനുമതിക്കായി ടൂറിസം ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കോട്ടക്കല്‍ ഇന്ത്യനൂർ- ചാപ്പനങ്ങാടി റോഡില്‍ കാവതികളം ഭാഗത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 35 ലക്ഷം രൂപയുടെയും 40 ലക്ഷം രൂപയുടെയും രണ്ടു ഭരണാനുമതികള്‍ ലഭിച്ചെങ്കിലും പ്രവൃത്തിയില്‍ നിന്നും കോണ്‍ട്രാക്ടറെ ടെര്‍മിനേറ്റ് ചെയ്തതിരിക്കുകയാണ്. രണ്ടു ഭരണാനുമതിയും ഒന്നാക്കി മാറ്റി പുതുക്കിയ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പ്രൊഫ. ആബിദ് സൈന്‍ തങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്.പൊന്നാനി താലൂക്കിലെ കാപ്പിരിക്കാട് മുതല്‍ അഴിക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണം നേരിട്ട് ജനജീവിതം ദുസ്സഹമായതിനാല്‍ സുനാമി കോളനി മാതൃകയില്‍ പ്രത്യേക സ്ഥലം ഏറ്റെടുത്ത് വിടുകള്‍ വെച്ചു കൊടുത്ത് മത്സ്യ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരവും അടിയന്തിര സാമ്പത്തികസഹായവും ചെയ്യണമെന്ന് എം പി അബ്ദുല്‍ സമദ് സമദാനിയുടെ പ്രതിനിധി ഇബ്രാഹിം മുതൂര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെളിയങ്കോട് തണ്ണിത്തുറ പത്തുമുറി, മാട്ടുമ്മല്‍ മേഖലയിലെ ഫിഷറീസ് ഹാച്ചറി, മത്സ്യഭവന്‍ ആശുപത്രി, കോളനി, സ്‌കൂള്‍എന്നീ മേഖലകളെയാണ് കടലാക്രമണം രൂക്ഷമായി ബാധിച്ചത്. ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മാത്രമല്ല, തെങ്ങുകളും കരഭാഗങ്ങളും കടലെടുത്തുകഴിഞ്ഞു. ഏത് സമയത്തും എന്തും സംഭവിക്കുമെന്ന ഭീതിജനകമായ അവസ്ഥയാണെന്നും കനത്ത കാലവര്‍ഷം ഉള്ളപ്പോള്‍ എല്ലാം മത്സ്യ തൊഴിലാളി കുടുംബങ്ങളും ഭീതിയിലും ദുരിതത്തിലുമാണെന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടല്‍ ഭിത്തിയിലെ പറക്കല്ലുകള്‍പോലും കടലെടുക്കുന്ന സാഹചര്യമുണ്ട്. പുലിമുട്ടുകളും മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ശാശ്വതമായ പുനരധിവാസവും ആവശ്യമാണ്. പുനര്‍ഗേഹം പദ്ധതിയില്‍ സ്ഥലവും വീടും 10 ലക്ഷം രൂപയ്ക്ക് ഇന്നത്തെ കാലത്ത് ലഭ്യമാക്കുകയെന്നത് നിര്‍മ്മാണ സാമഗ്രികളുടെ വില കാരണം പ്രായോഗികമല്ല – പ്രമേയം ചൂണ്ടിക്കാട്ടി