കോഴിക്കോട് | വാഫി വഫിയ്യ വിഷയത്തില്‍ ഇ കെ വിഭാഗം മുശാവറ നേരത്തേ തയ്യാറാക്കിയ ഒമ്പതിന മാര്‍ഗരേഖ കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ്‌സി (സി ഐ സി )നെ കൊണ്ട് അംഗീകരിപ്പിക്കാന്‍ തീരുമാനം. ഇ കെ വിഭാഗത്തിലെ ഇരുപക്ഷങ്ങള്‍ തമ്മില്‍ ഇന്നലെ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് ധാരണ. മാര്‍ഗരേഖക്ക് സി ഐ സി ജനറല്‍ ബോഡിയില്‍ അംഗീകാരം വാങ്ങണമെന്ന് പ്രസിഡന്റ് കൂടിയായ സ്വാദിഖലി ശിഹാബ് തങ്ങളോട് യോഗം ആവശ്യപ്പെട്ടു. നേരത്തേ, സി ഐ സി -ഇ കെ വിഭാഗം പ്രശ്നം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ നേതാക്കള്‍ ഒരുമിച്ചിരുന്നാണ് ഒമ്പതിന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നത്. സി ഐ സിയെ പൂര്‍ണമായും ഇ കെ വിഭാഗം മുശാവറക്ക് കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. നിര്‍ദേശങ്ങള്‍ മുശാവറയും സി ഐ സിയും അംഗീകരിക്കണമെന്നായിരുന്നു ധാരണ. മുശാവറ അംഗീകരിച്ചെങ്കിലും സി ഐ സിയില്‍ അംഗീകാരം കിട്ടിയില്ല. മാത്രമല്ല, ഈ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇ കെ വിഭാഗം നടപടിക്ക് വിധേയനായ ഹകീം ഫൈസി ആദൃശ്ശേരി വീണ്ടും സി ഐ സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കി.അതേസമയം, ഇ കെ വിഭാഗത്തിലെ ഇരുപക്ഷം നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മാര്‍ഗരേഖ അംഗീകരിക്കാന്‍ ധാരണയായിട്ടുണ്ടങ്കിലും ഇത് സംബന്ധിച്ച് സി ഐ സി ജനറല്‍ ബോഡിയുടെ തീരുമാനം നിര്‍ണായകമാണ്. മാര്‍ഗരേഖയോട് ജനറല്‍ ബോഡി അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ സി ഐ സി പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി , കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ഇരുപക്ഷത്തുനിന്ന് പത്ത് പേര്‍ വീതമാണ് ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിന് മുമ്പ് ആറ് പേര്‍ വീതം രാവിലെ കൂടിയാലോചന നടത്തിയിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളാണ് പിന്നീട് പ്രധാന നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തത്. കൂടാതെ, മാധ്യസ്ഥ്യ സംഘത്തെ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അടക്കമുള്ളവരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും. സ്വാദിഖലി ശിഹാബ് തങ്ങളെ ഇ കെ വിഭാഗം മുശാവറയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും തുടര്‍ചര്‍ച്ചക്ക് മാറ്റിവെച്ചു.കൂടാതെ, സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓഫീസ് സംവിധാനത്തിലും ഇ കെ വിഭാഗം മുഖപത്രത്തിന്റെ മാനേജ്മെന്റിലും മാറ്റം വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. നടപടിക്ക് വിധേയനായ മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കുന്ന കാര്യത്തിലും ചര്‍ച്ച നടന്നു. തിരഞ്ഞെടുപ്പ് ഏകപക്ഷീയമായെന്ന് ആരോപിക്കപ്പെടുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ (എസ് എം എഫ്) വിഷയവും യോഗത്തില്‍ സജീവമായി ചര്‍ച്ച ചെയ്തു.കോഴിക്കോട് ഹോട്ടല്‍ ഹൈസണിലാണ് ഇന്നലെ യോഗം നടന്നത്. പരസ്പരം ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും സി ഐ സി സമസ്തയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും അംഗീകരിക്കുന്ന രൂപത്തില്‍ അവരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സ്വാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യോഗ ശേഷം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. ഇരു വിഭാഗത്തിലേയും ആറംഗങ്ങള്‍ വീതമുള്ള സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും.