കോഴിക്കോട് | ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം ഏഴ് വരെ നീട്ടി. ഇന്നലെയായിരുന്നു അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി. ഹജ്ജിന് ആഗ്രഹിക്കുന്ന പലര്‍ക്കും പാസ്സ്‌പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഹജ്ജ് അപേക്ഷാ തീയതി നീട്ടുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി.ജൂലൈ ഏഴ് മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഇതിന് മുമ്പ് അടുത്ത വര്‍ഷത്തെ ഹജ്ജ് നയവും പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാല്‍ ഉടനെ ഹജ്ജ് നറുക്കെടുപ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഹാജിമാര്‍ 20 ന് മുമ്പായി ആദ്യ ഗഡുവായ 1,52,300 രൂപ അടക്കണം.ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. പാസ്സ്‌പോര്‍ട്ട് ലഭിക്കാത്തവര്‍ ഉടന്‍ പാസ്സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത് ഹജ്ജ് അപേക്ഷകര്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം സേവനകേന്ദ്രങ്ങളാണ് ഇതിന് വേണ്ടി ഹജ്ജ് ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി ഉള്‍പ്പെടുത്തി. ഇതോടെ മൊത്തം ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 18 ആയി. നേരത്തേ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി ഉള്‍പ്പെടെ 17 ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.ഇതിനകം അപേക്ഷ സമര്‍പ്പിച്ച, വിജയവാഡ വഴി ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ അതത് ഹജ്ജ് കമ്മിറ്റികളുമായി ബന്ധപ്പെടണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുമെന്ന് 2026 ഹജ്ജ് നയത്തില്‍ വ്യക്തമാക്കിയിരുന്നു.ഇത്തവണ കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് അപേക്ഷകരുടെ എണ്ണം കുറവാണ്. ഇതിനാല്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വിമാന യാത്രാ കൂലി കുറവുള്ള പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് മാറാന്‍ അവസരം നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കാര്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.