അച്ചാറിൽ വരുന്ന പണി

Wait 5 sec.

എഴുത്ത്: മുരളി തുമ്മാരുകുടിഅയൽവാസി ഗൾഫിലേക്ക് കൊടുത്തു വിടാൻ ശ്രമിച്ച അച്ചാറിൽ മയക്കുമരുന്നുകൾ നിറച്ചിരുന്നുവെന്ന വാർത്ത കാണുന്നു. ഭാഗ്യവശാൽ ഈ കള്ളക്കടത്ത് ശ്രമം ഇന്ത്യയിൽ വച്ച് തന്നെ കണ്ടു. അല്ലെങ്കിൽ ഗൾഫിൽ എത്തിയിരുന്നെങ്കിലും എന്തൊക്കെ ശിക്ഷ ഉണ്ടാകുമായിരുന്നു എന്ന് പറയാൻ പറ്റില്ല.വിദേശത്തേക്ക് പോകുമ്പോൾ എന്തെങ്കിലും ഒക്കെ കൊടുത്തുവിടുന്ന രീതി പണ്ടുമുതൽ തന്നെ നാട്ടിൽ ഉണ്ട്. അതുപോലെ തന്നെ നാട്ടിലേക്ക് വരുമ്പോൾ ഇവിടെ നിന്നും. പണ്ടൊക്കെ വിദേശത്ത് കിട്ടുന്ന സാധനങ്ങൾ നാട്ടിൽ കിട്ടാതിരിക്കുകയും നാട്ടിൽ കിട്ടുന്ന സാധനങ്ങൾ വിദേശങ്ങളിൽ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന കാലത്തൊക്കെ ഇതിന് പ്രസക്തിയുണ്ട്. ഇപ്പോൾ ഗൾഫിൽ കിട്ടാത്ത ഏത് അച്ചാറാണ് നാട്ടിൽ കിട്ടുന്നത്? ഗൾഫിൽ കിട്ടുന്ന എന്ത് വസ്തുവാണ് ഇപ്പോൾ നാട്ടിൽ കിട്ടാതിരിക്കുന്നത്?സാധാരണഗതിയിൽ ഞാൻ നാട്ടിലേക്ക് പോകുമ്പോൾ ചോക്കലേറ്റ് ആണ് പ്രധാനമായും കൊണ്ടുപോകുന്നത്.  നാട്ടിൽ നിന്നും വരുമ്പോൾ ഒന്നും തന്നെ കൊണ്ടുവരാറില്ല. അതുപോലെ തന്നെ നാട്ടിൽ നിന്നും എന്തെങ്കിലും എത്തിക്കാനുള്ള ആവശ്യം പരമാവധി ഒഴിവാക്കും. ഏറ്റവും അടുത്ത ആളുകൾ ആകുമ്പോൾ  ചിലപ്പോൾ അത് സാധിക്കാതെ വരും.പക്ഷെ ഉറപ്പായും ഒഴിവാക്കുന്ന ഒന്നുണ്ട്. എണ്ണയും ലേഹ്യവും കുഴമ്പുമൊക്കെ. ഇതിന്റെ പ്രധാനകാരണം ഏതു കമ്പനിയുടെ ആണെങ്കിലും  ഈ വസ്തുക്കളിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് നമുക്ക് അറിയില്ല. പോരാത്തതിന് ഇതിന്റെ ഒരു സാമ്പിൾ എടുത്ത് ക്രൊമാറ്റോഗ്രാമിൽ ഇട്ടാൽ എന്തിന്റെ ഒക്കെ സിഗ്നൽ ആണ് വരാൻ പോകുന്നതെന്നും പറയാൻ പറ്റില്ല. അത് ഏതെങ്കിലും ഒക്കെ ഒരു മയക്കുമരുന്നിന്റെ സിഗ്നലുമായി മാച്ച് ചെയ്താൽ പണി പാളും.സാധിക്കുമെങ്കിൽ ഇത്തരത്തിൽ ഉള്ള വസ്തുക്കൾ കൊണ്ടുവരാതിരിക്കുക. നൂറു ശതമാനം ഉറപ്പില്ലാത്ത കേസുകളിൽ മറ്റുള്ളവർ തന്നുവിടുന്ന വസ്തുക്കൾ ഒരു കാരണവശാലും സ്വീകരിക്കാതിരിക്കുക. ആരെയും നൂറു ശതമാനം വിശ്വസിക്കാതെ അച്ചാറുകുപ്പി ഒക്കെ തുറന്നു നോക്കുക !സൂക്ഷിച്ചാൽ ജയിലിൽ കിടക്കേണ്ട !.————-അച്ചാറിൽ മയക്ക് മരുന്ന് ഒളിപ്പിച്ച വാർത്ത താഴെ കൊടുക്കുന്നു:ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ എം ഡി എം എ; മൂന്നുപേർ അറസ്റ്റിൽഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി  ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്. കണ്ണൂർ ചക്കരക്കൽ ഇരിവേരി  കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ്  ലഹരി കണ്ടെത്തിയത്. എംഡിഎം എ, ഹഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.  നാളെ സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ജിസിൻ കുപ്പി ഏൽപ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നവർക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ കുപ്പിയുടെ അടപ്പ് ശരിയായ വിധം അടക്കാത്തതിൽ  സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.   അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിൽ ആക്കി ലഹരി മരുന്നു ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ എംഡി എം എ ആണെന്നും 2.6 ഗ്രാം തൂക്കം ഉണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കെ കെ ശ്രീലാൽ (24), അർഷദ് (31), പി ജിസിൻ എന്നിവരെ അറസ്റ്റ് ചെയ്തു.The post അച്ചാറിൽ വരുന്ന പണി appeared first on Arabian Malayali.