വഞ്ചനാകേസ്; നടൻ നിവിൻ പോളിയെയും, സംവിധായകൻ എബ്രിഡ് ഷൈനിനേയും ചോദ്യം ചെയ്യും

Wait 5 sec.

കോട്ടയം| വഞ്ചനാ കേസുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുടെയും, സംവിധായകൻ എബ്രിഡ് ഷൈൻ്റെയും മൊഴി രേഖപ്പെടുത്തും.ഇതിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവർക്കും പോലീസ് നോട്ടീസ് നല്കി. നിർമ്മാതാവ് ഷംനാസ് നല്‍കിയ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്. രേഖകളും ബേങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും നിര്‍ദ്ദേശമുണ്ട്. ‘ആക്ഷൻ ഹീറോ ബിജു – 2’ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിവിനും എബ്രിഡ് ഷൈനും പണം തട്ടിയെന്നാണ് പരാതി.എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് ഷംനാസ് പറയുന്നത്.ഇതിന് പിന്നാലെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസ് പരാതിയില്‍ പറയുന്നു.