ന്യൂഡല്‍ഹി| ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെട്ടു. നേരത്തെ 12 മണിവരെ നിര്‍ത്തിവെച്ചിരുന്ന സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആരംഭിക്കാന്‍ പോകുകയാണെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ആവശ്യമുണ്ടെങ്കില്‍ പ്രതിപക്ഷം സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം വഴങ്ങിയില്ല. പിന്നാലെ ഒരു മണിവരെ സഭ നിര്‍ത്തിവെയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.ചോദ്യോത്തരവേളയില്‍ സഭയില്‍ ബഹളം വെച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. നേരത്തെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. കേരളത്തിലെ എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരുസഭകളും തള്ളുകയായിരുന്നു.നിങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ചയാഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ തന്നെയാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. പിന്നെ എന്തുകൊണ്ടാണ് സഭ തടസ്സപ്പെടുത്തുന്നത് സ്പീക്കര്‍ ചോദിച്ചു. സഭ പുനഃരാരംഭിക്കുമ്പോള്‍ ഇരുസഭകളിലും ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ചയാരംഭിക്കാനായിരിക്കും സ്പീക്കറുടെ തീരുമാനം. ഇതിനോട് പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്.