എന്നോട് മത്സരിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് കല്പനയാണ് എന്ന് ജഗതി ശ്രീകുമാർ പറയുമ്പോൾ മലയാളിക്കറിയാം അവിടെ ഒരു താരതമ്യമോ, മത്സരബുദ്ധിയോ അല്ല, പകരം, പകരം വെയ്ക്കാനില്ലാത്ത ഒരു കലാകാരിയോടുള്ള ആദരമാണത് എന്ന്. അതെ, കൽപ്പന പ്രിയദർശിനി എന്ന മലയാളിയുടെ കല്പനയ്ക്ക് പകരം വെയ്ക്കാൻ ഇന്നും മലയാള സിനിമയിൽ ഒരാളില്ല. പുരുഷന്മാരുടെ കുത്തകയായിരുന്ന ഹാസ്യഭാവങ്ങളിലേക്ക് അവരെ വെല്ലുവിളിച്ച് കയറി ചെന്ന വളരെ വിരളം നടിമാരെ മലയാളത്തിലുള്ളൂ. അതിന്റെ കാരണങ്ങൾ പലതാണ്. അത് ആഴത്തിലുള്ള പഠനവിഷയവുമാണ്. പക്ഷേ ഈ പറഞ്ഞ പുരുഷാധിക്യത്തെ വകഞ്ഞ് മാറ്റി, സ്വന്തമായി ഒരിടം കണ്ടെത്തി, പര്യായമില്ലാതെ ഇന്നും നിലനിൽക്കുന്നുണ്ട് കൽപന. സ്കൂളിൽ പഠനത്തിൽ പിന്നോക്കമായതിന് പിന്നീട് തമാശയോടെ കൽപ്പന പറഞ്ഞൊരു വാക്യമുണ്ട്, ആരൊക്കേയോ മിസൈലും ബോംബുമിട്ടത് നമ്മളെന്തിന് പഠിക്കണം, നമ്മൾ മിസൈലിടണം, എന്നിട്ട് ബാക്കിയുള്ളവർ അത് പഠിക്കട്ടെ. കൽപ്പന ഇവിടെ ഒരു മിസൈൽ ഇട്ട് പോയി, നമ്മൾ അത് പഠിക്കുന്നു. Urvashi - Kalaranjini - Kalpana കലാകാരിയാകുമെന്ന് എന്നേ കൽപ്പനയ്ക്ക് അറിയാമായിരുന്നു. അച്ഛനും, അമ്മയും സഹോദരങ്ങളും എല്ലാം കലാകാരന്മാർ. അരങ്ങും, സിനിമയും ഒന്നിടമാറാതെ ആ കുടുംബത്തിൽ നിലനിന്നിരുന്നു. സംഗീതവും, വാദ്യോപകരണങ്ങളും, നൃത്തവും തുടങ്ങി എല്ലാം പഠിച്ചു. അതിനെല്ലാം ഉപരി unapolegettically വഴക്കാളിയും, വികൃതിയുമായി. കുട്ടിക്കാലത്ത് കൽപ്പന ജീവിച്ചിരുന്ന പരിസരങ്ങളിൽ മുതൽ സ്കൂളിൽ വരെ നിരന്തരം കുസൃതി കാണിച്ചു കറങ്ങി നടന്നിരുന്ന വഴക്കാളി പെൺകുട്ടിക്ക് കഥകളേറെയാണ്. ഓരോ ദിവസം ഓരോ വഴി പോയി വീടുകളിൽ കോളിംഗ് ബെൽ അടിച്ചു മുങ്ങിക്കളയുക, വീടിന് മുന്നിൽ ഇറങ്ങി നിന്ന് പോകുന്നവരോടെല്ലാം സമയം ചോദിക്കുക, പുസ്തകത്തിൽ നിന്ന് പേപ്പർ കീറി ചുരുട്ടി അച്ഛൻ ബീഡി വലിക്കുന്നത് പോലെ വലിക്കുന്നതായി അഭിനയിക്കുക, സഹോദരങ്ങളെ പിന്നെ പറയേണ്ട കാര്യമില്ലല്ലോ! kalaranjini - kalpana - urvashi ചുരുക്കിപ്പറഞ്ഞാൽ കൽപ്പനയെ കുറിച്ച് കൽപ്പന തന്നെ ഓർത്തെടുക്കുന്നതും, ചുറ്റുമുണ്ടായിരുന്നവർ ഓർമ്മിച്ചെടുക്കുന്നതുമെല്ലാം ചേർത്താൽ നന്തനാർ ഉണ്ണിക്കുട്ടന്റെ ലോകം എഴുതിയത് പോലെ ഒരുപുസ്തകം എഴുതാമെന്നത് തീർച്ച. തുടക്കത്തിൽ സൂചിപ്പിച്ച പോലെ കലയാണ് മക്കളുടെ വഴിയെന്നത് ആ കുടുംബത്തിനും അറിയാമായിരുന്നു. അറിയാമായിരുന്നു എന്നതിനുപരി അവർ ആഗ്രഹിച്ചിരുന്നതും അതാണ്. നാടകപ്രവർത്തൻ വിപി നായർക്കും, നർത്തകിയും, അഭിനേത്രിയുമായ വിജയലക്ഷ്മിയ്ക്കും പിറന്ന അഞ്ച് പേരും കലയോടൊപ്പമാണ് സഞ്ചരിച്ചത്. അതുകൊണ്ട് തന്നെ ബാലതാരങ്ങളായി അവർ എല്ലാവരും അരങ്ങിലും തിരശീലയിലും എത്തി. അവരിൽ തന്നെ കല്പനയാണ് ആദ്യം സ്ക്രീനിൽ തുടരെ അഭിനയിച്ചു തുടങ്ങിയത്. പല കാരണങ്ങളാൽ കൽപനക്ക് പകരം സ്ക്രീനിൽ എത്തിയവരാണ് തങ്ങളെന്ന് സഹോദരി കൂടെയായ ഉർവശി പറയുന്നു. ബാലതാരമായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു. ജി അരവിന്ദന്റെ പോക്കുവെയിലിൽ ആണ് ആദ്യമായി നായികയാകുന്നത്. പതിമൂന്നോ പതിനാലോ വയസ്സിൽ തുടങ്ങിയ യാത്രയാണത്. ഇതുമൊരു ജീവിതം, യാഗം, മഞ്ഞ്, പഞ്ചവടി പാലം തുടങ്ങി ഒരുപറ്റം ചിത്രങ്ങൾ ഇവിടെ മലയാളത്തിൽ. മാസ്റ്റേഴ്സിനൊപ്പമാണ് കൽപ്പന തന്റെ ആദ്യ കാല ചിത്രങ്ങൾ ചെയ്തത് എന്നത് പ്രസക്തമാണ്. തമിഴിലാണ് പക്ഷേ മുഴുനീള നായികാകഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയത്. 1985 ൽ പുറത്തിറങ്ങിയ ചിന്ന വീട് എന്ന ചിത്രത്തിൽ ഭാഗ്യരാജിനൊപ്പം നായിക കഥാപാത്രം. വിരലിൽ എണ്ണവുന്ന ചിത്രങ്ങളിൽ മാത്രമേ നായിക ആയിരുന്നുള്ളൂ. 1989 - ൽ പുറത്തിറങ്ങിയ കമൽ ചിത്രം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കല്പനയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. മോഹിനി എന്ന കഥാപാത്രം ഹാസ്യ കഥാപാത്രങ്ങളിലേക്കുള്ള വാതിൽ തുറന്നിട്ടു. dr. പശുപതിയിലെ യുഡിസി, പറയേണ്ടതില്ലല്ലോ, ലാൻഡ്മാർക്ക് ആയി. ഇന്ന് കാണുമ്പോഴും ചിരിപൊട്ടാൻ പാകത്തിന് യുഡിസിയുടെ ഹരിതമനോജ്ഞമാം ഉണ്ടല്ലോ. ചെറിയ നുവാൻസസുണ്ട് അതിൽ. തലയിളക്കുന്നത്, വെള്ളമിറക്കി പാടുന്നത്. ആ കുഞ്ഞു കുഞ്ഞ് ഡെറ്റിലിംഗ് ആണ് യുഡിസിയുടെ ആ നിഷ്കളങ്കമായ കവിത-കം-പ്രാർത്ഥനയെ ഇന്നും നിലനിർത്തുന്നത്. യുഡിസിക്ക് മാത്രമല്ല ഏത് കഥാപാത്രത്തിനും തന്റേതായ എന്തെങ്കിലും കൽപ്പന കൊടുക്കും. അഭിനയിക്കുമ്പോൾ എഴുതി വച്ചത് കഴിഞ്ഞാൽ അപ്പോൾ തന്നെ കട്ട് വിളിക്കരുത് എന്ന് പറയും. കാരണം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ടാകില്ല, എന്തെങ്കിലും ചിലപ്പോൾ വരും. അതുകൊണ്ട് ഒരു മിനുട്ട് കഴിഞ്ഞാണ് കട്ട് വിളിക്കാറുള്ളത് എന്ന് ഒരുപറ്റം സംവിധായകർ ഒരുപോലെ പറയുന്നു. പൂക്കാലം വരവായി, ഗാന്ധർവ്വം, കാബൂളിവാല, നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, കുടുംബകോടതി തുടങ്ങി ഒരുപാട് ചിത്രങ്ങൾ കൽപ്പന എന്ന നടിയുടെ ഹാസ്യഭാവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രങ്ങൾ. കോമഡിക്ക് വേണ്ടി കോമഡിയെഴുതുന്ന മലയാളസിനിമയുടെ കാലത്തും എത്രയോ ചിത്രങ്ങളിൽ കൽപ്പന പ്രത്യക്ഷപ്പെട്ടു. ഇഷ്ടത്തിലെ എസ്ഐ മറിയാമ്മ തോമസ് ആണ് പിന്നീടൊരു തലമുറയുടെ നോസ്റ്റാൾജിക് സീനുകളിൽ പ്രധാനപ്പെട്ടത്. പക്ഷേ ഒരു തവണ കോമഡി ചെയ്താൽ എഴുതുമ്പോൾ തന്നെ അത് ചെയ്ത അഭിനേതാക്കളെ ഓർമ വരും. അതിന്റെ നല്ല വശം ഒരുപാട് സിനിമകളിൽ അവസരം ലഭിക്കുന്നു എന്നത് തന്നെയായിരുന്നു. പക്ഷേ ആവർത്തനം കൽപനയെ വിഷമിപ്പിച്ചിരുന്നു. നായിക ആകാനാണ് അവർ സ്വപ്നം കണ്ടത്. പക്ഷേ അതുകൊണ്ടവർ സിനിമകൾ ചെയ്യുന്നത് നിർത്തിയതൊന്നുമില്ല. എല്ലാ കാലത്തും നടി കൂടെയായ അമ്മയോട് ചോദിച്ചും സ്വയം പഠനങ്ങൾ നടത്തിയും അവർ അഭിനയത്തിന്റെ മാറ്റ് കൂട്ടി. കൽപ്പന ഉർവശിയെ കോപ്പിയടിക്കുന്നു എന്നതിന് മറുപടിയായി ഉർവശി പറഞ്ഞത് താൻ കൽപ്പന ചേച്ചിയെ കോപ്പിയടിക്കുകയായിരുന്നു എന്നാണ്. പറയുന്നവർക്ക് അത് അറിയില്ലല്ലോ. കൽപ്പനക്കൊപ്പം കോമ്പിനേഷൻ സീൻ ഉണ്ട് എന്നറിഞ്ഞാൽ ഒന്ന് തയ്യാറായി പോകണം എന്ന് പറഞ്ഞത് ഹരിശ്രീ അശോകനാണ്. ഒടുവിൽ; ഇനിയുണ്ടാകുമോ ഇത് പോലൊരാൾ? കൽപനച്ചേച്ചി പറഞ്ഞു കൊടുത്ത ചെറിയ കാര്യങ്ങൾ വരെ ഓർത്തെടുക്കുന്ന കലാകാരന്മാരും ഉണ്ട്. കേൾക്കുന്തോറും അഭിനയം എന്ന കലയിൽ അവർക്കെത്രമാത്രം ആസക്തിയുണ്ടായിരുന്നു എന്നതാണ് മനസ്സിലാവുന്നത്. തമാശകൾ വെടിഞ്ഞ് വളരെ ചുരുക്കം ചിലപ്പോഴേ കൽപ്പന സ്ക്രീനിൽ വന്നിട്ടുള്ളൂ. വന്നപ്പോഴൊക്കെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ബ്രിഡ്ജിലെ കഥാപാത്രം തന്നെ എടുക്കൂ, ക്ഷീണിതയായ, പരാധീനതയോടെ നിൽക്കുന്ന കൽപ്പന. സ്പിരിറ്റിലെ പങ്കജം, പകൽനക്ഷത്രങ്ങളിലെ രാജി, ഇന്ത്യൻ റുപ്പിയിലെ മേരി എന്നിവരെല്ലാം അത്ര ശ്രദ്ധിക്കപ്പെടാത്തവരാണ്. ബാംഗ്ലൂർ ഡെയ്സിലെ കുട്ടന്റെ അമ്മയാണ് മറ്റൊരാൾ. സാഹചര്യങ്ങളും പേട്രിയാർക്കിയും വീട്ടിലിടുന്ന അമ്മ സ്വതന്ത്രയാകാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അവർ ലോകം കാണാൻ ആഗ്രഹിക്കുന്നയാളാണ്. തമാശയായി ആദ്യ കാലങ്ങളിൽ വിലയിരുത്തപ്പെട്ടെങ്കിലും പിന്നീട് അവർക്ക് വേണ്ടി സംസാരിക്കുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിട്ടുണ്ട്. ഹാസ്യം നടനമായി കാണാൻ ഇന്നും ചെറിയ മടിയുള്ള സമൂഹത്തിന് മുന്നിൽ കൽപ്പനക്ക് തെളിയിക്കാനൊന്നുമുണ്ടായിരുന്നില്ല. മരണം വരെ അവർ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സീരിയലും, സിനിമയും, സ്റ്റേജ് ഷോകളും തുടർന്നു പോന്നു. സ്വഭാവനടിയ്ക്കുള്ള ദേശീയ പുരസ്കാരം കൽപ്പന കരസ്ഥമാക്കുന്നത് 2013 -ലാണ്. അഭിനയജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം. പക്ഷേ അതിനേക്കാൾ വിലമതിപ്പുള്ള പ്രേക്ഷകപ്രശംസ കൽപ്പന എന്നേ സ്വന്തമാക്കിയിരുന്നു. Kalpana in Banglore Daysകോമഡിക്ക് വേണ്ടി ഡെഡിക്കേറ്റഡ് ആയ ചാനലുകളുള്ളിടത്തോളം കാലം എല്ലാ ദിവസവും നമ്മൾ അവരെ കാണുന്നുണ്ട്. അകന്നു പോകാതെയും, അടുത്തു വരാതെയും എല്ലാ ദിവസവും ഒരേയിടത്ത് ഉദിക്കുന്ന സൂര്യനെ പോലെ നമ്മുടെ സ്വീകരണമുറികളിൽ വരുന്ന ഇവരെ നമ്മൾ ഓർക്കുന്നില്ലെങ്കിൽ പോലും മറക്കില്ല. നശ്വരത എന്ന മനുഷ്യ ജീവിതത്തിന്റെ സ്വഭാവികത നഷ്ടപ്പെടുന്നവരാണ് അവർ. അത്രയും കാലം നമ്മെ ചിരിപ്പിച്ചിട്ട് അവസാനം ബിഗ് സ്ക്രീനിൽ കണ്ട കൽപ്പനയ്ക്ക് ക്വീൻ മേരിയുടെ മുഖമായിരുന്നു. എല്ലാവരിൽ നിന്നും ഇമ ചിമ്മുന്ന നേരം കൊണ്ട് പറന്നകലുന്ന ചാർളിയെ പോലും ഞെട്ടിച്ച് അപ്രത്യക്ഷയായവൾ, പ്രേക്ഷകരുടെ കണ്മുൻപിൽ നിന്നും അപ്രത്യക്ഷയായി. പ്രിയപ്പെട്ടവളെ, ക്ഷീണമില്ലാത്ത തിര പോലെ ജീവിക്കുക, കടലിനെ പോലെ ആയുസ്സുള്ളവളാകുക.