ദുബൈയില്‍ 431 ജെറ്റ് സ്‌കി നിയമലംഘനം 41 എണ്ണം കണ്ടുകെട്ടി

Wait 5 sec.

ദുബൈ | സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദുബൈയില്‍ നടത്തിയ ജെറ്റ് സ്‌കി പരിശോധനയില്‍ 431 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 41 ജെറ്റ് സ്‌കികള്‍ കണ്ടുകെട്ടുകയും ചെയ്തു. കാലഹരണപ്പെട്ട ലൈസന്‍സ്, നീന്തല്‍ മേഖലകള്‍, ഹോട്ടല്‍ ബീച്ചുകള്‍ തുടങ്ങിയ നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുക, അനുവദനീയമായ സമയത്തിന് പുറത്ത് ഉപയോഗിക്കുക, ലൈഫ് ജാക്കറ്റ് ധരിക്കാതിരിക്കുക, പ്രായപൂര്‍ത്തിയാകാത്തവര്‍ വാട്ടര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കുക, അമിതമായി ആളുകളെ കയറ്റുക എന്നിവയാണ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങള്‍. ദുബൈ പോലീസും ദുബൈ മാരിടൈം അതോറിറ്റിയും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്.മറൈന്‍ സുരക്ഷ മെച്ചപ്പെടുത്തുക, അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുക, അപകടകരമായ പെരുമാറ്റങ്ങള്‍ തടയുന്നതിന് നിയമലംഘനങ്ങള്‍ കര്‍ശനമായി നേരിടുക എന്നിവയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് പോര്‍ട്ട്സ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേ. ഡോ. ഹസന്‍ സുഹൈല്‍ പറഞ്ഞു.ജെറ്റ് സ്‌കി ഉപയോക്താക്കള്‍ സുരക്ഷക്ക് മുന്‍ഗണന നല്‍കാനും മറൈന്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും ദുബൈ പോലീസും ദുബൈ മാരിടൈം അതോറിറ്റിയും അഭ്യര്‍ഥിച്ചു. യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാനും തങ്ങളുടെ വാട്ടര്‍ക്രാഫ്റ്റുകള്‍ പതിവായി പരിശോധിക്കാനും നിര്‍ദേശിച്ചു. സ്വകാര്യ, ടൂറിസ്റ്റ് കപ്പലുകള്‍ക്ക് സമീപം യാത്ര ചെയ്യുന്നത് ഒഴിവാക്കാനും മണിക്കൂറില്‍ അഞ്ച് മുതല്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ വേഗത പരിധി പാലിക്കാനും, ജെറ്റ് സ്‌കികളില്‍ അമിതമായി ആളുകളെ കയറ്റുന്നത് ഒഴിവാക്കാനും അധികാരികള്‍ ഊന്നിപ്പറഞ്ഞു.ദുബൈയില്‍ കാലഹരണപ്പെട്ട ലൈസന്‍സോടെ ജെറ്റ് സ്‌കി ഓടിച്ചാല്‍ 1,000 ദിര്‍ഹം, ലൈഫ് ജാക്കറ്റോ ഹെല്‍മറ്റോ ധരിക്കാതിരുന്നാല്‍ 1,000 ദിര്‍ഹം, മറ്റുള്ളവരെ ശല്യപ്പെടുത്തിയാല്‍ 2,000 ദിര്‍ഹം, നിശ്ചയിച്ച മറൈന്‍ സ്പോര്‍ട്സ് ഏരിയകള്‍ പാലിക്കാത്തതിന് 1,000 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ.