ഷാര്‍ജ | അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജയുടെ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സനുമായ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിക്ക് ലീസസ്റ്റര്‍ സര്‍വകലാശാല ഓണററി പ്രൊഫസര്‍ പദവി നല്‍കി ആദരിച്ചു. സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ ഓണററി പ്രൊഫസര്‍ പദവിയാണിത്. വനിതാ ശാക്തീകരണം, ബാലസാഹിത്യം, സാംസ്‌കാരിക വികസനം എന്നിവയില്‍ പ്രാദേശികമായും ആഗോള തലത്തിലും ശൈഖ ബുദൂര്‍ നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി.കഴിഞ്ഞ ദിവസം ശൈഖ ബുദൂര്‍ യൂനിവേഴ്സിറ്റി സന്ദര്‍ശിക്കുകയും ബ്രൂക്ക്ഫീല്‍ഡ് കാമ്പസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ പദവി സ്വീകരിക്കുകയും ചെയ്തു.പ്രസിദ്ധീകരണ, വിദ്യാഭ്യാസ മേഖലയില്‍ ആഗോള തലത്തില്‍ പ്രശസ്തി നേടിയ നേതാവാണ് ശൈഖ ബുദൂര്‍. 15ലധികം രാജ്യങ്ങളിലായി 500-ല്‍ അധികം തലക്കെട്ടുകളുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച കലിമത്ത് ഗ്രൂപ്പിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. 31 രാജ്യങ്ങളില്‍ സാക്ഷരതാ, പ്രവേശനക്ഷമതാ സംരംഭങ്ങള്‍ അവര്‍ നടപ്പാക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്കും അച്ചടി വൈകല്യമുള്ളവര്‍ക്കും പ്രസിദ്ധീകരിച്ച കൃതികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനുള്ള മറാക്കേഷ് ഉടമ്പടിയില്‍ യു എ ഇയെ അംഗമാക്കുന്നതില്‍ അവര്‍ പ്രധാന പങ്കുവഹിച്ചു. എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന്‍, യു എ ഇ ബോര്‍ഡ് ഓണ്‍ ബുക്ക്സ് ഫോര്‍ യങ് പീപ്പിള്‍ എന്നിവയുടെ സ്ഥാപക കൂടിയാണ് അവര്‍. കൂടാതെ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1896-ന് ശേഷം ഈ പദവി വഹിക്കുന്ന ആദ്യത്തെ അറബ് വനിതയും ലോകത്ത് രണ്ടാമത്തെ വനിതയുമാണ് ശൈഖ ബുദൂര്‍.