ഗസ്സയില്‍ നടത്തുന്നത് വംശഹത്യ: ആരോപണവുമായി ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനകള്‍

Wait 5 sec.

ടെല്‍ അവിവ് | ഗസ്സയില്‍ തങ്ങളുടെ രാജ്യം നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് രണ്ട് പ്രമുഖ ഇസ്‌റാഈലി മനുഷ്യാവകാശ സംഘടനകള്‍. ബി’സെലെം, ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നീ സംഘടനകളാണ് ഗസ്സയിലെ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഇതാദ്യമായാണ് ഇസ്‌റാഈലില്‍ നിന്നുള്ള സംഘടനകള്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്.ഇസ്‌റാഈലില്‍ സര്‍ക്കാറിനെ ശക്തമായ വിമര്‍ശിക്കുന്നവര്‍ പോലും ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പരാമര്‍ശിച്ചിരുന്നില്ല. സാധാരണക്കാരായ ഫലസ്തീനികളുടെ മേലുള്ള ഇസ്‌റാഈലിന്റെ കടന്നാക്രമണങ്ങള്‍, അത് അവരിലേല്‍പ്പിച്ച പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണ് ‘നമ്മുടെ വംശഹത്യ’ എന്ന തലക്കെട്ടുള്ള റിപോര്‍ട്ടില്‍ ബി’സെലെം പറയുന്നത്.ഗസ്സയില്‍ കൂട്ടക്കൊലകള്‍, വിവിധ പ്രദേശങ്ങള്‍ തകര്‍ത്തെറിഞ്ഞത്, ഇരുപത് ലക്ഷത്തോളം ഗസ്സ നിവാസികളെ നിര്‍ബന്ധിതമായി കുടിയിറക്കിയത്, ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നിവയൊക്കെ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫലസ്തീന്‍ സമൂഹത്തെ കരുതിക്കൂട്ടി നശിപ്പിക്കുന്നതിനുള്ള ഏകോപിത നടപടിയാണ് ഇസ്‌റാഈലിന്റേതെന്നും സംഘടന പറയുന്നു.