മെസ്സി ഇന്ത്യയിലെത്തും; പര്യടനം ഡിസംബര്‍ 13 മുതല്‍ 15 വരെ, മൂന്ന് നഗരങ്ങള്‍ സന്ദര്‍ശിക്കും

Wait 5 sec.

മുംബൈ | ലോക ഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സി ഇന്ത്യയിലെത്തുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് പര്യടനം. ഡിസംബര്‍ 14ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് മെസ്സി എത്തുന്നത്. പരിപാടിയുടെ സംഘാടകരായ വിസ്‌ക്രാഫ്റ്റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം സി എ) ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈ കൂടാതെ കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളിലും മെസ്സി എത്തും. 13 വര്‍ഷത്തിനു ശേഷമാണ് മെസ്സി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനിരിക്കുന്നത്. ഇതിനു മുമ്പ് 2011ല്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി താരം എത്തിയിരുന്നു. സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനിയന്‍ യുവനിര, വെനസ്വേലയെ പരാജയപ്പെടുത്തിയിരുന്നു.കൊല്‍ക്കത്തയില്‍ നിന്നാണ് അര്‍ജന്റൈന്‍ നായകന്റെ പര്യടനം ആരംഭിക്കുക. ഈഡന്‍ ഗാര്‍ഡന്‍സില്‍ മെസ്സിയെ ആദരിക്കുന്ന ചടങ്ങ് നടക്കും. സെവന്‍-എ-സൈഡ് ഫുട്‌ബോള്‍ മത്സരമായ ‘GOAT Cup’, പ്രാദേശിക തലത്തിലെ യുവാക്കളെ ലക്ഷ്യംവച്ചുള്ള ശില്‍പശാല, ഫുട്‌ബോള്‍ ക്ലിനിക്ക് എന്നിവയും മെസ്സിയുടെ വരവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പിന്നീട് മുംബൈയിലെ ആഘോഷ പരിപാടിക്കെത്തുന്ന മെസ്സി അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിക്കായി കളിച്ചു വരുന്നതിനിടെയാണ് മെസ്സിയുടെ ഇന്ത്യന്‍ പര്യടനം തീരുമാനിക്കപ്പെട്ടത്. ഇതുവരെയുള്ള കരിയറിനിടയില്‍ എട്ട് ബാലന്‍ ഡി ഓര്‍, ആറ് യൂറോപ്യന്‍ സുവര്‍ണ പാദുകം, ടീമിന്റെ ഭാഗമായുള്ള 45 കിരീടങ്ങള്‍ എന്നിവ നിലവില്‍ 38കാരനായ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരേ ക്ലബിനു വേണ്ടി 672 ഗോളുകള്‍, ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (474) എന്നീ റെക്കോര്‍ഡുകളും മെസ്സി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ലോകകപ്പില്‍ 13 ഗോളുകളും താരം നേടി. മെസ്സിയുടെ ക്യാപ്റ്റന്‍സിയിലാണ് 2022ല്‍ അര്‍ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് കിരീടം നേടിയത്. 36 വര്‍ഷത്തെ ഇടവേളക്കു ശേഷമായിരുന്നു ടീം ലോകകപ്പില്‍ മുത്തമിട്ടത്.ഈ വര്‍ഷം തന്നെ ഒക്ടോബറിലോ നവംബറിലോ കേരളത്തിലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തിനായി അര്‍ജന്റീന ദേശീയ ടീം എത്തുമെന്ന റിപോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് മെസ്സിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍, അര്‍ജന്റീന കേരളത്തിലെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.