പരോള്‍ വ്യവസ്ഥ ലംഘിച്ചു; കൊടി സുനിയുടെ പരോള്‍ റദ്ദാക്കി

Wait 5 sec.

കണ്ണൂര്‍ |  ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. കൊടി സുനി പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന മീനങ്ങാടി പോലീസ് സ്റ്റേഷന്‍ സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.പരോള്‍ വ്യവസ്ഥ പ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൊടി സുനിക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. വിചാരണ നടപടികള്‍ക്ക് മാത്രം തലശ്ശേരി കോടതിയില്‍ വരാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടിസുനി വയനാട്ടിലെ മീനങ്ങാടിയില്‍ താമസിക്കുന്നുവെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മീനങ്ങാടിയില്‍ കൊടിസുനി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കൊടി സുനി സംസ്ഥാനത്തിന് പുറത്താണ് ഉണ്ടായിരുന്നതെന്ന് സ്പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ റദ്ദാക്കിയത്. കൊടി സുനിയെ ഇന്നലെ വൈകിട്ടോടെ തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. അമ്മയുടെ അസുഖം, വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയിലാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നത്.