ന്യൂഡൽഹി | 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാറൂഖ് ഖാൻ, വിക്രന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. റാണി മുഖർജിയാണ് മികച്ച നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഉള്ളൊഴുക്കിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മലയാള ചിത്രമായും ഉള്ളൊഴുക്കിനെ തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്ളൊഴുക്ക് ചിത്രത്തിലെ ഉർവശിക്കാണ്. മികച്ച രണ്ടാമത്തെ സഹനടനായി പൂക്കാലം സിനിമയിലെ വിജയരാഘവനും അവാർഡിനർഹത നേടി.മികച്ച തെലുങ്ക് ചിത്രമായി ഭഗവന്ത് കേസരിയെയും ഹിന്ദി ചിത്രമായി കഥൽ എ ജാക്ക് ഓഫ് ഫ്രൂട്ട് മിസ്ട്രിയെയും തമിഴ് ചിത്രമായി പാർക്കിംഗിനെയും തിരഞ്ഞെടുത്തു.2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് 2021-22ൽ പുരസ്കാര വിതരണത്തെ ബാധിച്ചിരുന്നു. അതിനാൽ കഴിഞ്ഞ വർഷം 2022ലെ ചിത്രങ്ങൾക്കാണ് പുരസ്കാരം നൽകിയത്. 332 ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിച്ചു.