അതിജീവനത്തിന്റെ ഒരാണ്ട്; ശ്രദ്ധേയമായി കൈരളി ന്യൂസിന്റെ ലൈവത്തോണ്‍

Wait 5 sec.

ചൂരല്‍മല- മുണ്ടക്കൈ ദുരന്തം ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൈരളി ന്യൂസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലൈവത്തോണ്‍ ശ്രദ്ധേയമായി. വയനാടിന്റെ മണ്ണില്‍ നിന്നും അതിജീവനത്തിന്റെ കഥകള്‍, പുനരധിവാസത്തിന്റെ നേര്‍ കാഴ്ച്ചകള്‍ ഇതെല്ലാമാണ് ലൈവത്തോണിലൂടെ പ്രേക്ഷകരിലേക്ക് കൈരളി ന്യൂസ് എത്തിച്ചത്. ഉരുളെടുത്തവര്‍ക്കായി പുത്തുമലയിലെത്തി ഒരുനാട് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചത് വിങ്ങലോടയല്ലാതെ കണ്ടുതീര്‍ക്കാന്‍ മലയാളിക്കായില്ല. അതിജീവനത്തിന്റെ മറ്റൊരു മുഖമായ വെള്ളാര്‍മല സ്‌കൂളിലെ അധ്യാപകര്‍ അവരെ വിട്ടുപിരിഞ്ഞ കുഞ്ഞുങ്ങള്‍ക്കായി പുഷ്പാജ്ഞലി അര്‍പ്പിച്ചതും നമ്മെ ആഴത്തില്‍ സ്പര്‍ശിച്ചു. മനുഷ്യമനസാക്ഷിയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജോ സഹായമോ ഇല്ലാതെ എല്ലാവിധ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് നിയമപോരാട്ടങ്ങളും നടത്തിയാണ് അതിജീവനത്തിന്റെ വയനാടന്‍ കാഴ്ച സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചത്.സംസ്ഥാന സര്‍ക്കാര്‍ ഈ കാലയളവില്‍ ദുരന്തബാധിതരെ ഒന്നടങ്കം ചേര്‍ത്തുപിടിച്ചു. ഉരുള്‍പ്പൊട്ടലുണ്ടായി ഒരാണ്ട് പിന്നിടുമ്പോള്‍ അതിജീവനപാതയിലൂടെ സഞ്ചരിച്ചവരെ ചേര്‍ത്തുപിടിക്കുകയാണ് കൈരളി ന്യൂസിന്റെ ലൈവത്തോണ്‍. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ നീണ്ട ലൈവത്തോണില്‍ സര്‍ക്കാരിന്റെ പുനരധിവാസത്തിന്റെ നേര്‍കാഴ്ച്ച, ദുരന്തം അതിജീവിച്ച മനുഷ്യരുടെ ഓര്‍മ്മകളുടെയെല്ലാം സമഗ്രമായ കവറേജാണ് കൈരളി ന്യൂസിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.420 പേര്‍ മരിക്കുകയും 394 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മഹാദുരന്തത്തില്‍ 1,555 വീടുകളാണ് തകര്‍ന്നത്. പഴുതുകള്‍ അടച്ച ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും ഭാഗമായാണ് ടൗണ്‍ഷിപ്പിനുള്ള ഒരിടം സജ്ജീകരിക്കാന്‍ സര്‍ക്കാരിനായത്. കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മാതൃകാ വീട് ഒരുങ്ങുന്നത്.അവസാനഘട്ട മിനുക്കുപണികള്‍ മാത്രമേ ഇനി ബാക്കിയുള്ളു. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയുമാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഡിസംബറോടെ 410 വീടുകള്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ കൈമാറും. ഡി വൈ എഫ് ഐ അടക്കമുള്ള സന്നദ്ധസംഘടനകളുടെയും സുമനസ്സുകളുടെയും കൈയയച്ച സഹായവും സര്‍ക്കാരിന് കൂട്ടായുണ്ടായിരുന്നു.അതിജീവിതരുടെ വാക്കുകളിലൂടെ…മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ദുഃഖ സ്മാരകമാണ് വെള്ളാര്‍മല സ്‌കൂള്‍.33 കുട്ടികളാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സ്‌കൂളിന് നഷ്ടമായത്.വെള്ളാര്‍മലയിലെ കുട്ടികള്‍ ദുരന്തത്തിന്റെയല്ല, അതിജീവനത്തിന്റ ഓര്‍മയാണെന്നും സര്‍ക്കാര്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുനിര്‍ത്തിയെന്നുംമേപ്പാടി സ്‌കൂള്‍ അധ്യാപകനായിരുന്ന ദിലീപ് മാഷ് കൈരളി ന്യൂസ് ലൈവത്തോണില്‍ പറഞ്ഞു. ദുരന്തം നടന്നതിന് ശേഷം സെപ്റ്റംബര്‍ രണ്ടിന് തന്നെ വിദ്യാലയം പുനരാരംഭിക്കാനായത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ്.ദുരന്തത്തിന്റെ ഭാഗമായി വലിയ മാനസികാഘാതമാണ് കുട്ടികള്‍ക്കും അതോടൊപ്പം അധ്യാപകര്‍ക്കും ഉണ്ടായത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി കുട്ടികളെ തിരികെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാനായതെന്നും അദ്ദേഹം പറഞ്ഞു.Also read- “യാഥാർഥ്യങ്ങളും മാതൃഭൂമിയുടെ നെറികേടും!”; വസ്തുതകൾ നിരത്തി മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തെ പറ്റിയുള്ള മാതൃഭൂമി വാർത്തയെ പൊളിച്ചടുക്കി മന്ത്രി വി ശിവൻകുട്ടിദുരന്തം ഉണ്ടായ പ്രദേശത്തേക്ക് ഓടിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷംസു കൈരളിന്യൂസിനൊപ്പം അന്നത്തെ ദിവസത്തെ ഓര്‍ത്തെടുത്തു.എന്നും വരാറുള്ള ഒരു പ്രദേശം അപ്പാടെ കണ്‍ മുന്നില്‍ ഇല്ലാതായത് ഇന്നും ഓര്‍ക്കുമ്പോള്‍ ഭയപ്പെടുത്തുന്ന ഓര്‍മ്മയാണെന്ന് ഷംസു പറഞ്ഞു.ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു, അപ്പോഴാണ് ഭീതിയോടെ ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്. മാഞ്ഞുപോയ ഒരു ഗ്രാമത്തെ സര്‍ക്കാര്‍ പുനര്‍ നിര്‍മ്മക്കുമ്പോള്‍ സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തെ കുറിച്ചും ഷംസു പറഞ്ഞു.ഡിവൈഎഫ്‌ഐ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തി 100 വീടുകള്‍ക്കുള്ള പണം സമാഹരിച്ച്‌നല്‍കി . എന്നാല്‍ യൂത്ത് കോണ്‍ഗ്രസും ലീഗും ദുരിതബാധിതരെ കബളിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. അതുകൊണ്ട് തന്നെ അവരുടെ വാക്കിന് ഒരു വിലയും ജനങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടത്തില്‍ 9000, 10000 രൂപ വീതമൊക്കെ പണമായി ഓരോരുത്തര്‍ക്കും കൈയില്‍ ലഭിച്ചു. താത്കാലിക വീട്ടില്‍ ഗ്യാസ്, ഫര്‍ണിച്ചര്‍ അടക്കം എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. ഏഴ് മാസത്തേക്ക് വൈദ്യുതി ഫ്രീ ആയിരുന്നു. റേഷന്‍ ഇപ്പോഴും ഫ്രീയാണ്. പുറമെ ആയിരം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള കൂപ്പണ്‍ ലഭിക്കുന്നു. കൂടാതെ, വീട്ടുവാടക 6000 രൂപ അടക്കം മാസം 25,000 രൂപ വീതം കൈയില്‍ തരുമെന്നും നാട്ടുകാരനായ റഷീദ് കൈരളി ന്യൂസ് ലൈവത്തോണില്‍ പറഞ്ഞു.വിദ്യാഭ്യാസ വകുപ്പ് വലിയ ഊര്‍ജമാണ് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കുന്നത്. എസ് എസ് എല്‍ സിയില്‍ ഫുള്‍ എ പ്ലസ് വാങ്ങി അവര്‍ വലിയ വിജയം സ്വന്തമാക്കി. കുട്ടികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായി വിദ്യഭ്യാസ വകുപ്പ് എപ്പോഴും ശ്രദ്ധകൊടുക്കുന്നുണ്ട്.വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് കോട്ടം തട്ടരുതെന്ന നിലപാടില്‍ 32 ദിവസത്തിനുള്ളില്‍ മേപ്പാടി സ്‌കൂളില്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയെന്ന് പുനരധിവാസ സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കൈരളിന്യൂസ് ലൈവത്തോണില്‍ പറഞ്ഞു.രക്ഷാപ്രവര്‍ത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതല്‍ കര്‍മനിരതരായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ദുരന്തമുഖത്ത് ഉണ്ടായിരുന്നു. ആദ്യ ഘട്ടം മുതല്‍ സര്‍വ സജ്ജരായ പടയാളികളായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തിച്ചു.ഒറ്റപ്പെട്ടുപോയതിന്റെ ഭീതിയാല്‍ നിശബ്ദരായവരേയും നിസ്സഹായരായവരെയും ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് വേണ്ടതൊക്കെയും ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കര്‍മനിരതയേയും നാട്ടുകാര്‍ ഓര്‍്‌ത്തെടുത്തു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ഉപ്പയേയും രണ്ട് സഹോദരിമാരെയും നഷ്ടമായ നൈസ മോളെ ആരും മറക്കില്ല.ദുരന്തമുഖത്ത് എത്തി നൈസ മോളെ ചേര്‍ത്തുപിടിച്ചുഫോട്ടോ വൈറല്‍ ആക്കിയ പ്രധാനമന്ത്രി തനിക്ക് മാത്രമല്ല നാട്ടുകാര്‍ക്കും ഒന്നും ചെയ്തില്ലെന്ന ദുഃഖം ജസീല കൈരളി ന്യൂസിനോട് പറഞ്ഞു. അച്ഛനെയും അമ്മയെയും അനുജത്തിയെയും നഷ്ടമായി ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടിയ ശ്രുതി കേരളത്തില്‍ തീരാ നോവായിരുന്നു.തനിച്ചായ ശ്രുതിയുടെ പ്രതിശ്രുത വരനും അപകടത്തില്‍ മരിച്ചപ്പോള്‍ കേരളം ഒന്നടങ്കം തേങ്ങി.എന്നാല്‍ സര്‍ക്കാര്‍ ശ്രുതിയെ കൈവിട്ടില്ല.സര്‍ക്കാര്‍ ശ്രുതിക്ക് റവന്യു വകുപ്പില്‍ ജോലി നല്‍കി ചേര്‍ത്ത് നിര്‍ത്തി. ജീവിക്കാന്‍ അവളില്‍ ഉണ്ടായിരുന്ന അവസാനത്തെ തിരി പതിയെ കത്താന്‍ തുടങ്ങി. ഉറ്റവരും ഉടയവരേയും നഷ്ടപ്പെട്ടപ്പോള്‍ അവള്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്, എന്നിരുന്നാലും ആ വേദനയ്ക്ക് ഒക്കെ കുറച്ച് ആശ്വാസം നല്‍കുന്നതായിരുന്നു സര്‍ക്കാര്‍ ജോലി.മനസില്‍ ഉണങ്ങാത്ത മുറിവാണ് മുണ്ടക്കൈ ചൂരല്‍മല ദുരന്തം നമുക്ക് നല്‍കിയിട്ടുള്ളത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അറിഞ്ഞതിന്റെ ആദ്യ നിമിഷം മുതല്‍ ആരംഭിച്ച സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഇന്നും തുടരുകയാണ്െന്ന് ലൈവത്തോണില്‍ മന്ത്രി കെ രാജനും പറഞ്ഞു.ജാതി മത രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒന്നിച്ചു ചേര്‍ന്ന ദുരന്തനിവാരണ പ്രക്രിയയാണ് കേരളം ലോകത്തിന് മുന്നില്‍ കാണിച്ചത്.വീട് വച്ച് കൊടുക്കുക എന്ന കേവല പുനരധിവാസ പ്രക്രിയയില്‍ ഒതുങ്ങാതെ നഷ്ടപ്പെട്ട തൊഴില്‍, ജീവനോപാധികള്‍ എല്ലാം തിരിച്ചുപിടിക്കുന്നതിനായി ദുരന്തബാധിതര്‍ക്കൊപ്പം നിലകൊള്ളുന്നതായിരുന്നു ചൂരല്‍മലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍. കുടുംബശ്രീയെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും മുന്നില്‍ നിര്‍ത്തിക്കൊണ്ട് വിപുലമായ മൈക്രോ പ്ലാന്‍ തന്നെ ഇതിനായി തയ്യാറാക്കി.പുനരധിവാസത്തിലൂടെ എല്ലാം നഷ്ടപ്പെട്ട ജനതയെ പൊതുജീവിതത്തിലേക്കാണ് സര്‍ക്കാര്‍ കൈപ്പിടിച്ചു ഉയര്‍ത്തുന്നത്.ഏപ്രില്‍ 13നാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 107 വീടുകളുടെ നിര്‍മാണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടുകഴിഞ്ഞു. 2025 ഡിസംബറിനകത്ത് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും 2026 മാര്‍ച്ചില്‍ റോഡുകള്‍ ഉള്‍പ്പടെയുള്ള മറ്റ് സംവിധാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും കഴിയും വിധമുള്ള നടപടിക്രമങ്ങളാണ് അതിവേഗം തുടരുന്നത്.നാം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവങ്ങളേതുമില്ലാത്ത ഒരു പുനരധിവാസ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ മുണ്ടക്കൈ – ചൂരല്‍മലയില്‍ നടത്തുന്നത്. കൈവിടാതെ പിടിച്ച ഇടതുപക്ഷ സര്‍ക്കാരിനോടുള്ള ഒരു നാടിന്റെ സ്‌നേഹത്തിന്റെ പ്രതിഫലനവും അതിജീവനത്തിന്റെ നേര്‍ക്കാഴ്ച്ചകളുമാണ് ലൈവത്തോണിലുട നീളം നമുക്ക് കാണാന്‍ സാധിച്ചത്.The post അതിജീവനത്തിന്റെ ഒരാണ്ട്; ശ്രദ്ധേയമായി കൈരളി ന്യൂസിന്റെ ലൈവത്തോണ്‍ appeared first on Kairali News | Kairali News Live.