ഇടുക്കി യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ രൂക്ഷ വിമര്‍ശനം; രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിവിട്ടു

Wait 5 sec.

ഇടുക്കി | യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പ്രതിനിധികള്‍. വിമര്‍ശനം കടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി.വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവുകള്‍ ഓഗസ്റ്റ് 15-നകം പൂര്‍ത്തിയാക്കണമെന്നും സമയപരിധിക്കുള്ളില്‍ ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുലിന്റെ പ്രഖ്യാപനമാണ് പ്രതിനിധികളെ പ്രകോപിപ്പിച്ചത്.ഫണ്ട് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയും ജനങ്ങളെസമീപിക്കാന്‍ ആവില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. പിരിച്ച ഫണ്ടുസംബന്ധിച്ചും വീടുകള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചും ഇപ്പോഴും വ്യക്തത വരുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ലെന്നും വയനാട് ഫണ്ട് പിരിവ് പേരുദോഷം മാത്രമാണ് ഉണ്ടാക്കിയതെന്നും പ്രതിനിധികള്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം രോഷാകുലനായിവേദി വിട്ടത്.ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു. സംഘടന പ്രവര്‍ത്തനത്തില്‍ രാഹുല്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും മറ്റു കാര്യങ്ങള്‍ക്കാണു പ്രാധാന്യമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനങ്ങള്‍ നേതൃത്വം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതോടെ രാഹുല്‍ രോഷാകുലനായി വേദിവിട്ടു എന്നാണു വിവരം.