ന്യൂയോർക്ക് / റിയാദ് | ഫലസ്തീൻ ജനതയെ സാമ്പത്തികമായും വികസനപരമായും ശാക്തീകരിക്കാതെ സമാധാനം കെട്ടിപ്പടുക്കാൻ കഴിയില്ലന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ ഒത്തുതീർപ്പും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സഊദി അറേബ്യയും ഫ്രാൻസും സംയുക്തമായി അധ്യക്ഷത വഹിച്ച സമ്മേളനത്തിൻ്റെ രണ്ടാം സെഷനിലാണ് സഊദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.കടുത്ത പട്ടിണിയും ബോംബിംഗും കുടിയിറക്കവും മൂലം കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് പേരാണ് ദുരിതമനുഭവിക്കുന്നത്. ഗസ്സയിലുള്ളവർക്ക് സഹായം എത്തിക്കുന്നതിനും ദുരിതം ലഘൂകരിക്കുന്നതിനുമുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും ആസൂത്രിതമായി തകർക്കുകയും തുടർച്ചയായി ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക സമ്മേളനം ചേർന്നത്.അവകാശങ്ങൾ നിഷേധിച്ചുകൊണ്ടോ ബലപ്രയോഗത്തിലൂടെയോ നേടിയെടുക്കാവുന്ന ഒരു സുരക്ഷയും മേഖലയിൽ സമാധാനം കൈവരിക്കില്ലെന്നും ഇസ്രാഈലിന്റെ ഇത്തരം നയങ്ങൾ സ്ഥിരതയില്ലായ്മയിലേക്കും സമാധാനത്തിനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിലേക്കും അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും അന്തരീക്ഷം വളർത്തിയെടുക്കുന്നതിലേക്കും നയിക്കുന്നുവെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഫലസ്തീൻ ജനതയെ സാമ്പത്തികമായും വികസനപരമായും ശാക്തീകരിക്കാതെ സമാധാനം കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് രാജ്യം വിശ്വസിക്കുന്നു. വിദ്യാഭ്യാസം, മനുഷ്യ ശേഷി വികസനം, ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കൽ, സ്വകാര്യ മേഖലയുമായി സഹകരിക്കൽ എന്നീ മേഖലകളിൽ ഫലസ്തീൻ അതോറിറ്റിയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ സഊദി പ്രവർത്തിക്കും. ഇതിലൂടെ ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയിലേക്കും സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കാനും പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.വെല്ലുവിളികളെ നേരിടാനും വികസനവും സ്ഥിരതയും കൈവരിക്കാനുമുള്ള ഫലസ്തീനികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഗസ്സ മുനമ്പിനും വെസ്റ്റ് ബാങ്കിനുമുള്ള ട്രസ്റ്റ് ഫണ്ടിലേക്ക് 300 മില്യൺ ഡോളർ വാർഷിക ഗ്രാന്റ് നൽകാനുള്ള ലോക ബേങ്ക് ഗ്രൂപ്പിന്റെ തീരുമാനത്തെ സഊദി സ്വാഗതം ചെയ്തു.അധിനിവേശം അവസാനിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ ജനങ്ങൾക്കും സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനും ശാശ്വതമായ കരാറിൽ സഹകരിക്കാൻ സഊദി അറേബ്യ മറ്റ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയിലെ സഊദി അംബാസഡർ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി, വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് മുസാബ് ബിൻ മുഹമ്മദ് അൽ-ഫർഹാൻ രാജകുമാരൻ , സാമ്പത്തിക വികസന കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ സാറ, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽ വാസിലി, മന്ത്രിയുടെ ഉപദേഷ്ടാവ് ഹിസ് ഹൈനസ് മുഹമ്മദ് അൽ യഹിയ, വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനൽ റദ്വാൻ എന്നിവർ സെഷനിൽ പങ്കെടുത്തു.