കോഴിക്കോട് :താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി ക്കെതിരെ പ്രതിഷേധം രൂക്ഷമായി.ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ്നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.ഇന്നലെ സന്ധ്യയോടെ മാലിന്യ ഫാക്ടറിയിലെത്തിയ വാഹനം തടഞ്ഞു കൊണ്ടാണ് നാട്ടുകാർ സമരം കടുപ്പിച്ചത്.ഫാക്ടറിയിലേക്ക് ഏറെ പഴകിയ അറവു മാലിന്യങ്ങൾ വരെഎത്തിക്കുന്നതാണ് നാട്ടുകാരുടെ പരാതി.വാഹനം തടഞ്ഞ നാട്ടുകാരുടെ പരിശോധനയിൽ 5000 ത്തോളം ചത്ത കോഴികളെ വീപ്പയിലാക്കിയ നിലയിൽ കണ്ടെത്തി.ഇതോടെ കൂടുതൽ പ്രദേശവാസികൾ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു.തുടർന്ന് താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വാഹനം തിരിച്ചയച്ചു.ഇതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.മുൻപും നിരവധി തവണ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറി ക്കെതിരെ നാട്ടുകാർ സമരവുമായി മുന്നിട്ടിറങ്ങിയിരുന്നു.ഫാക്ടറിയിലെ ദുർഗന്ധത്തിനെതിരെ സമരം ശക്തമായതോടെ ഫാക്ടറി അടച്ചിട്ട് നവീകരണ പ്രവർത്തി നടത്തുമെന്ന ഉറപ്പ് അന്ന് നാട്ടുകാർക്ക് മാനേജ്മെൻറ് നൽകിയിരുന്നു.എന്നാൽ നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് യാതൊരു ശമനവും വന്നിട്ടില്ല.പഞ്ചായത്തിന്റെ ലൈസൻസോ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റോ നിലവിൽ കമ്പനിക്ക് പുതുക്കി നൽകിയിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.ഫാക്ടറി പ്രവർത്തിക്കുന്നത് ഡിഎൽഎഫ് എം സി ചെയർമാൻ എന്ന നിലയിൽജില്ലാ കലക്ടർ നൽകിയ താൽക്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ്.പഴകിയതല്ലാത്ത 20 ടൺ മാലിന്യം മാത്രമാണ് ഫാക്ടറിയിൽ എത്തിക്കാൻ വ്യവസ്ഥയുള്ളൂ.എന്നാൽ പഴകിയ മാലിന്യങ്ങളാണ്വ്യവസ്ഥയുടെ മറവിൽ കമ്പനിയിലേക്ക് എത്തിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.ഇത് സാധൂകരിക്കുന്ന വിധത്തിലാണ് ഇന്നലെ രാത്രി സമരക്കാർ നടത്തിയ പരിശോധനയിൽ വ്യക്തമായത്.അസഹനീയമായ ദുർഗന്ധം പുറത്തുവരുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെവരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നിട്ടിറങ്ങാൻ ആണ് നാട്ടുകാരുടെ തീരുമാനം.