ന്യൂഡൽഹി | കെ ടി യു, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ സമവായ നിർദേശവുമായി സുപ്രീം കോടതി. സ്ഥിരം വി സി നിയമനത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണമെന്നും സ്ഥിരം വി സിമാരെ നിയമിക്കുന്നതുവരെ നിലവിലെ വി സിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. ചാൻസലറുടെ അപ്പീലിൽ സംസ്ഥാന സർക്കാർ രണ്ടാഴ്ചക്കകം മറുപടി നൽകണം. സർക്കാർ നൽകുന്ന പാനലിൽ നിന്ന് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ ഹരിജിയിലാണ് സുപ്രീം കോടതിയുടെ നടപടി.സർവകലാശാലകളിൽ രാഷ്ട്രീയം കലർത്തരുത്. വിദ്യാർഥികളെ പ്രതിസന്ധിയിലാക്കരുതെന്നും സുപ്രീം കോടതിയുടെ ആവശ്യപ്പെട്ടു. കേരള സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും നിലവിലെ താത്കാലിക വൈസ് ചാൻസലർമാർക്ക് തുടരാം. ഇതിനായി ചാൻസലർ പുതിയ വിജ്ഞാപനം ഇറക്കണം. സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികൾ ഉടൻ ആരംഭിക്കണം. സ്ഥിരം വി സി നിയമനക്കാര്യത്തിൽ സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം. ഗവർണറും സർക്കാരും പരസ്പരം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും സുപ്രീം കോടതി പറഞ്ഞു.