കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി |News Documentary

Wait 5 sec.

'കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ ഒക്കെ നഷ്ടപ്പെടും. ഇക്കൊല്ലമാണ് ഏറ്റവും രൂക്ഷമായി കേറിയത്. പന്ത്രണ്ട് മണിക്ക് വെള്ളം അടിച്ച് തുടങ്ങും. പിന്നെ അങ്ങോട്ട് ഒരു വരവാണ്. ഞാൻ താമസിച്ചിരുന്ന വീടൊക്കെ കടൽ കൊണ്ടുപോയി. ഇപ്പോ ഒരു ഷെഡ് കെട്ടിയാണ് താമസം. എന്തിനാണ് കടലിനെ പേടിക്കുന്നത് എന്ന് ഇടക്ക് ആലോചിക്കും. ജനിച്ചുപോയില്ലേ, മരണം ഉറപ്പാണ്, ഇതുവരെ എല്ലാം തന്നത് ഈ കടലാണ്, എന്നാൽ പിന്നെ ഇവിടെത്തന്നെ കിടക്കാമെന്ന് കരുതി'. എറണാകുളം ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിലെ കണ്ണമാലി സ്വദേശി ഉണ്ണി കൃഷ്ണൻ ദ ക്യുവിനോട് സംസാരിക്കുകയായിരുന്നു. ചെല്ലാനം തെക്കൻ പ്രദേശങ്ങളിൽ 7.36 കിലോമീറ്ററിൽ ടെട്രാപോഡ് കടൽഭിത്തികളും ആറ് പുലിമുട്ടുകളും നിർമിച്ചിട്ടുണ്ട്. ടെട്രാപോഡ് വെച്ചുള്ള കടൽ ഭിത്തി വന്നതോടെ ആ പ്രദേശത്തുകാരുടെ ദുരിതത്തിന് അറുതിയായെങ്കിലും തൊട്ടപ്പുറമുള്ള കണ്ണമാലിയിലെ നൂറോളം കുടുംബങ്ങൾ ഇപ്പോഴും കടലേറ്റം കൊണ്ട് പൊറുതിമുട്ടിയാണ് ജീവിക്കുന്നത്. ചെല്ലാനം പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലാണ് കടൽ ആക്രമണം കൊണ്ട് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പുത്തൻതോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ മെയ് മാസം മുതൽ എല്ലാം ദിവസവും എന്നപോലെതന്നെ കടൽ കയറുന്നുണ്ട്. ഹൈടൈഡ് സമയം കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിക്കും. അപ്പോഴേക്കും വീട്ടുകാർ സാധനങ്ങളെല്ലാം പരമാവധി ഉയരത്തിലേക്ക് മാറ്റി തയ്യാറെടുപ്പ് നടത്തും. വൈകിട്ട് ആറ് മണി കഴിയും വെള്ളം ഇറങ്ങിതുടങ്ങാൻ, വെള്ളമിറങ്ങി ഭക്ഷണം ഉണ്ടാക്കി കിടക്കുമ്പോഴേക്കും സമയം പന്ത്രണ്ട് കഴിയും. തുടർന്ന് കാലത്ത് മുതൽ വീണ്ടും സ്ഥിതി ഇതുതന്നെ. കടലിനോട് ചേർന്ന് വീടുള്ള റീത്ത പറയുന്നത് ഇങ്ങനെ, വെള്ളം കേറി അതിൽ നിന്ന് പണിയെടുത്ത് കാലിൽ അസുഖങ്ങൾ വന്നുതുടങ്ങി. കിടുകിടാ വിറക്കുകയാണ് കാലുകൾ. വെള്ളം നിൽക്കുന്നതിനാൽ എനിക്കും മക്കൾക്കും വീട്ടിൽ കിടക്കാൻ ധൈര്യമില്ല. വൈകീട്ട് സാധനങ്ങൾ എല്ലാം എടുത്ത് വെച്ച് അയൽവീട്ടിലേക്ക് ഉറങ്ങാൻ പോകും. കാലത്ത് വരുമ്പോൾ വെള്ളം ഒട്ടും ഇറങ്ങാത്ത സ്ഥിതി കാണുമ്പോൾ കണ്ണ് നിറയും. ഉള്ളത് ഒരു ചെറിയ ഭവനം ആണെങ്കിലും നഷ്ടപ്പെട്ട് കഴിഞ്ഞാലേ അതിന്റെ വേദന അറിയൂ, ഞങ്ങൾ മീൻ പിടിച്ചാണ് ജീവിക്കുന്നത്. ഈ പണി മാത്രമേ അറിയൂ, വേറെ ഏത് നാട്ടിൽ പോയി എങ്ങനെ ജീവിക്കാനാണ്. ഞാനും ഭാര്യയും മക്കളും ഇവിടെ കിടക്കും. കടൽ വന്നു കൊണ്ടുപോകുകയാണെങ്കിൽ അങ്ങട്ട് കൊണ്ടുപോകട്ടെ. കഴിഞ്ഞ മാസം മന്ത്രി റോഷി അഗസ്റ്റിൻ കണ്ണമാലി സന്ദർശിക്കുമെന്ന് പറഞ്ഞ് വന്നത് പള്ളിമേടയിൽ. അച്ചന്മാരുമായി സംസാരിച്ചു എന്നാണ് പറയുന്നത്, എന്നിട് കുറെ ഉറപ്പുകളും നൽകിയത്രെ, ഞാൻ ജനിച്ച് വീണത് ഈ കടപ്പുറത്താണ്. അന്നുമുതൽ ഈ ദുരിതമുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ വന്ന മന്ത്രി തീരപ്രദേശം കാണാതെ പള്ളിമേടയിൽ പോയിട്ട് എന്താണ് കാര്യം? ഞങ്ങൾ ഇവിടെ എങ്ങനെയാണ് ജീവിക്കുന്നത് എന്നൊന്ന് കാണുകയെങ്കിലും ചെയ്യേണ്ടേ എന്നാണ് തീരപ്രദേശത്ത് താമസിക്കുന്ന ജോസി ചോദിക്കുന്നത്. വയോധികയായ സെലിനും മാനസിക രോഗമുള്ള മകളും ആരോഗ്യപ്രശ്നങ്ങളുള്ള മകനും തീരപ്രദേശത്തെ ഒരു മുറി വീട്ടിലാണ് താമസം. വെള്ളം കയറുന്നതിനാൽ മൂന്ന് പേരും കൂടെ ഒരു കട്ടിലിൽ കിടക്കും. വയ്യാത്തെ ഞങ്ങൾ തന്നെ വെള്ളം കോരി കളയും. കസേരയിൽ ഒന്ന് ഇരിക്കാമെന്ന് കരുതിയാൽ അതിൽ നിറച്ച് വെള്ളമായിരിക്കും. എന്നെകൊണ്ട് ജോലിക്ക് പോകാൻ കഴിയുന്ന കാലത്ത് ഞാൻ അരി കുത്തി ഉണ്ടാക്കി വാങ്ങിയതാണ് കട്ടിൽ. അതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് കിടക്കാൻ ഒരു കട്ടിൽ എങ്കിലും ഉണ്ട്. അതും ഇല്ലാത്ത ആൾക്കാരൊക്കെ എന്താണ് ചെയ്യേണ്ടത്? സെലിൻ ചോദിക്കുന്നു. തീരത്ത് നിന്ന് നാന്നൂറ് മീറ്റർ അപ്പുറത്ത് താമസിക്കുന്ന സെരീഷും ഭാര്യയും രണ്ട് ചെറിയ മക്കളും കടലേറ്റം തുടങ്ങിയാൽ തൊട്ടപ്പുറത്തുള്ള, വീട് നിർമ്മാണത്തിന് വേണ്ടി കെട്ടിയ തറയിലെ ഷെഡിലേക്ക് താമസം മാറും. പ്ലാസ്റ്റിക്ക് ഷീറ്റുകൾ ഉപയോഗിച്ച് താത്കാലികമായി ഒരുക്കിയ ഈ കുടിലിൽ ഞങ്ങൾക്ക് താമസിക്കാൻ കുഴപ്പില്ല, ഉയരത്തായതിനാൽ ഇവിടെ വെള്ളം കയറില്ല, കിഴക്കോട്ട് ഉള്ള വീടുകളുടെ കാര്യം മഹാകഷ്ടമാണെന്നാണ് സെരീഷ് നിഷ്കളങ്കമായി പറയുന്നത്. കടലേറ്റം മൂലം പത്തോളം വീടുകൾ എട്ടാം വാർഡിൽ മാത്രം തകർന്നിട്ടുണ്ട്. നിരവധി കുടുംബങ്ങൾ പൂർണ്ണമായി തന്നെ തീരം വിട്ടുപോയി. ആകെ അറിയുന്ന മൽസ്യബന്ധനം വിട്ട് മറ്റൊരു ജോലിക്ക് പോയി കുടുംബം നോക്കാൻ ധൈര്യം ഇല്ലാത്തതിനാലാണ് ഇപ്പോഴും എത്രതന്നെ പേടിച്ചാണേലും ഈ തീരത്ത് തന്നെ കഴിയുന്നത്. വെള്ളം വന്നാൽ വീടിനകത്ത് മുട്ടോളം ഉണ്ടാകും. ഇറങ്ങിത്തുടങ്ങണമെങ്കിൽ നേരം വെളുക്കണം, അപ്പോഴേക്കും വീണ്ടും വരും. വെള്ളം നിന്ന് വീടിന്റെ നിലവും സാധനങ്ങളും തകർന്ന് തുടങ്ങി. നമ്മുടെ കൺമുമ്പിൽ വീട് തകരുന്നത് കണ്ട് നിൽക്കാൻ കഴിയാറില്ല, ഓരോരുത്തവർക്കും ആ അവസ്ഥ വരുമ്പോൾ മാത്രമേ അത് മനസിലാകുകയുള്ളൂ. വെള്ളം വന്നുതുടങ്ങുമ്പോൾ കസേര ഒരു മൂലയിലേക്ക് ഒഴിച്ചിട്ട് അതിൽ ഇരിക്കും, വേറെ എവിടെ പോകാനാണ് എന്നാണ് കുഞ്ഞുമോൻ ചോദിക്കുന്നത്. കണ്ണമാലിയിലെ കടലേറ്റത്തെ പ്രതിരോധിക്കാനുള്ള താത്കാലിക ജിയോ ബാഗ് നിർമ്മാണം പാതിവഴിയിൽ നിന്നുപോയി. മണ്ണിന്റെയും ചെളിയുടെയും പേരിൽ നിർമ്മാണം നിലച്ചുപോയതോടെ ഈ കാലവർഷമെങ്കിലും കടലേറ്റത്തെ ഭയക്കേണ്ടതില്ല എന്ന കണ്ണമാലിക്കാരുടെ ആശ്വാസം കൂടെയാണ് തകർന്ന് പോയത്. ടെട്രോപാഡ് ഉപയോഗിച്ചുള്ള ശാശ്വതമായ കടൽഭിത്തി മാത്രമാണ് ഈ പ്രശ്നത്തിന് ഏക പരിഹാരം.