“ദുരന്തത്തിന്റെയല്ല, അതിജീവനത്തിന്റ ഓർമയാണ് വെള്ളാർമലയിലെ കുട്ടികൾ; സർക്കാർ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി”; മേപ്പാടി സ്കൂളിലെ അധ്യാപകനായിരുന്ന ദിലീപ് മാഷ്

Wait 5 sec.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ദുഃഖ സ്മാരകമാണ് വെള്ളാർമല സ്കൂൾ. സ്കൂളിൽ പഠിച്ചിരുന്ന 33 കുട്ടികൾക്കാണ് അന്നത്തെ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പൂർണ്ണമായും തകർന്ന സ്കൂളിലെ കുട്ടികളെ മുഴുവൻ സർക്കാർ സംവിധാനമുപയോഗിച്ച് മേപ്പാടി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ദുരന്തമുണ്ടായ സമയത്ത് കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റാനും കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾക്കും മുൻകൈ എടുത്തവരിൽ ഒരാളായിരുന്നു അന്നത്തെ മേപ്പാടി സ്കൂൾ അധ്യാപകനായിരുന്ന ദിലീപ് മാഷ്. കഴിഞ്ഞ ജൂൺ മാസത്തിൽ താൻ അധ്യാപകനായി വരേണ്ടിയിരുന്ന വിദ്യാലയമായിരുന്നു ചൂരൽമല സ്കൂൾ എന്നും നിർഭാഗ്യവശാൽ തനിക്ക് അതിന് സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. വെള്ളാർമലയിലെ കുട്ടികൾ ദുരന്തത്തിന്റെയല്ല, അതിജീവനത്തിന്റ ഓർമയാണ് എന്നും സർക്കാർ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.“ദുരന്തത്തിന്റെ ഭാഗമായി വലിയ മനസികാഘാതമാണ് കുട്ടികൾക്കും അതോടൊപ്പം അധ്യാപകർക്കും ഉണ്ടായത്. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി കുട്ടികളെ തിരികെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാനായി. കുട്ടികൾക്ക് കൃത്യമായ കൗൺസിലിങ് കൊടുക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് സ്കൂളിലെ സംവിധാനങ്ങളെ മൊത്തം മേപ്പാടി സ്കൂളിലേക്ക് മാറ്റാനായി എന്നത്. ദുരന്തം നടന്നതിന് ശേഷം സെപ്റ്റംബർ രണ്ടിന് തന്നെ വിദ്യാലയം പുനരാരംഭിക്കാനായി എന്നതും എടുത്ത് പറയേണ്ടതാണ്. വെള്ളാർമലയിലെ 600 ഓളം കുട്ടികളെയും അധ്യാപകരെയും മുഴുവനായും ഉൾക്കൊള്ളാൻ സാധിച്ചു. ALSO READ : മഹാദുരന്തത്തിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്തിയ ആ യുവസൈന്യംമുഴുവൻ കുട്ടികളെയും ചേർത്തുനിർത്താൻ നമുക്കായി. നല്ല ഇച്ഛാശക്തി അതിന്റെ പുറകിൽ ഉണ്ട്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച സംവിധാനങ്ങളെ എടുത്തുപറയേണ്ടതാണ്. സർക്കാർ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി. വിദ്യാഭ്യാസ വകുപ്പ് കൃത്യമായ മോണിറ്ററിങ് നടത്തി. മാത്രമല്ല ദുരന്തത്തെ അതിജീവിക്കുന്നതിനപ്പുറം കലാകായിക അക്കാദമിക് രംഗങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റം കൈവരിക്കാനും മേപ്പാടി സ്കൂളിലെ കുട്ടികൾക്കായി. പരീക്ഷകളിൽ നൂറുമേനി കൊയ്ത്തു. അതിജീവനത്തിന്റെ മഹാമാതൃകയായി വെള്ളാർമല സ്കൂൾ നിലകൊള്ളും. അദ്ദേഹം പറഞ്ഞു.The post “ദുരന്തത്തിന്റെയല്ല, അതിജീവനത്തിന്റ ഓർമയാണ് വെള്ളാർമലയിലെ കുട്ടികൾ; സർക്കാർ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി”; മേപ്പാടി സ്കൂളിലെ അധ്യാപകനായിരുന്ന ദിലീപ് മാഷ് appeared first on Kairali News | Kairali News Live.