മുപ്പതുകാരിയുടെ കരളിനുള്ളിൽ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി കണ്ടെത്തി. യുപിയിലെ ബുലന്ദ്ഷഹറിൽ ആണ് സംഭവം. ഇൻട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്നൻസി ( Intrahepatic Ectopic Pregnancy) എന്നാണ് ഇതിനെ പറയുന്നത്. ലോകത്തുതന്നെ അപൂർവങ്ങളിൽ അപൂർവമായ അവസ്ഥയാണ് ഇത്. ഇന്ത്യയിൽ ആദ്യമായാണ് ഈ കേസ് റിപ്പോർട്ട് ചെയ്യുന്നത്.ദിവസങ്ങളായി കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആണ് യുവതി ആശുപത്രിയിൽ എത്തിയത്. അൾട്രാസൗണ്ട് സ്കാനുകളിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡോക്ടർമാർ എംആർഐ ചെയ്യാൻ നിദേശിക്കുകയായിരുന്നു. ഇതിലൂടെയാണ് കരളിന്റെ വലത് ഭാഗത്ത് ഭ്രൂണത്തെ കണ്ടെത്തിയത്.ALSO READ: കൈയിലെ മീനിന്റെ മണം പോകുന്നില്ലേ ? ഈ രീതിയിൽ ഒന്ന് ചെയ്തുനോക്കൂ12 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് കൃത്യമായ ഹൃദയമിടിപ്പും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ഭ്രൂണം നേരിട്ട് കരളിന്റെ കലകളിൽ ഇംപ്ലാന്റ് ചെയ്ത നിലയിലായിരുന്നു. കരളിൽ നിന്നുള്ള രക്തക്കുഴലുകളാണ് ഭ്രൂണത്തിന് പോഷകങ്ങൾ നൽകിയിരുന്നത്. ഇതുവരെ ലോകത്ത് ഇത്തരത്തിൽ എട്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്നാണ് വിവരം.ഗർഭാശയത്തിന് പുറത്തുള്ള ഗർഭധാരണങ്ങളാണ് എക്ടോപിക്ക് പ്രഗ്നൻസി. ഇതിൽതന്നെ മിക്ക ഗർഭധാരണങ്ങളും ഫലോപിയൻ ട്യൂബുകളിലാണ് നടക്കുന്നത്. അപൂർവമായി അണ്ഡാശയങ്ങളിലോ വയറിന്റെ അറയിലോ ഇവ കാണപ്പെടുന്നു. എന്നാൽ ബീജസങ്കലനം ചെയ്ത അണ്ഡം കരളിൽ കാണപ്പെടുന്നതിനെയാണ് ഇൻട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്നൻസി എന്ന് പറയപ്പെടുന്നത്. വെെദ്യശാസ്ത്രത്തിൽ തന്നെ ഏറ്റവും അപൂർവമാണ് ഇത്.ഇത്തരം ഗർഭധാരണം അമ്മയ്ക്ക് വലിയ അപകടസാദ്ധ്യതയുണ്ടാക്കും. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കരൾ പൊട്ടാനോ രക്തസ്രാവത്തിനോ കാരണമാകും. നിലവിൽ യുവതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്താനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.The post മുപ്പതുകാരിയുടെ കരളിനുള്ളിൽ മൂന്നുമാസം പ്രായമുള്ള ഭ്രൂണം; ഇന്ത്യയിൽ ഈ അവസ്ഥയിത് ആദ്യം appeared first on Kairali News | Kairali News Live.