കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു; നീതി ഉറപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭ

Wait 5 sec.

എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നില്‍ വേറിട്ട് നിര്‍ത്തുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഛത്തീസ്ഗഡ് സംഭവം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിരിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ പോലീസിന്റെ കണ്‍മുന്നില്‍വെച്ചാണ് മതഭ്രാന്തരുടെ ചോദ്യമുനകളാല്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് മുറിവേറ്റത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ഇരുവരെയും കള്ളക്കേസില്‍ക്കുടുക്കി ജയിലിലടച്ച നടപടിയെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് അപലപിച്ചു.മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം രാജ്യവ്യാപകമായി നടക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഛത്തീസ്ഗഡ് സംഭവം. രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുന്നു. അശരണരെയും, ആലംബഹീനരെയും കൈപിടിച്ചുയര്‍ത്തുക എന്നത് ക്രൈസ്തവധര്‍മ്മമാണ്. ആദിവാസി-ദളിത് സമൂഹങ്ങള്‍ക്കിടയില്‍ സമാനതകളില്ലാത്ത മിഷന്‍ പ്രവര്‍ത്തനമാണ് സഭകള്‍ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി നിരവധി മേഖലകളില്‍ ക്രൈസ്തവ സമൂഹം ശ്രദ്ധേയമായ ദൗത്യം നിര്‍വഹിക്കുന്നു. ഇതിനെയെല്ലാം വിദ്വേഷ മനോഭാവത്തോടെ കാണുന്നവര്‍ ഈ രാജ്യത്തിന്റെ പുരോഗതിക്ക് തുരങ്കം വെക്കുകയാണ്.Also read- രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ട നടക്കുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റ് യാദൃശ്ചികമായ സംഭവമല്ല,കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ഇത്തരം തീവ്ര മതവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകണം. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ വിവിധയിടങ്ങില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ക്രൈസ്തവ പീഡനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ പരിശുദ്ധ സുന്നഹദോസ് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.The post കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു; നീതി ഉറപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭ appeared first on Kairali News | Kairali News Live.