മഹാദുരന്തത്തിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്തിയ ആ യുവസൈന്യം

Wait 5 sec.

2024 ജൂലൈ 30 കേരളത്തിന്റെ ഹൃദയത്തിൽ ഇന്നും ഉണങ്ങാത്ത മുറിവാണ്. ഒരു രാത്രി പുലരും മുന്നേ നാളത്തെ സൂര്യോദയവും പ്രതീക്ഷിച്ച് സ്വപ്നം കണ്ടുറങ്ങിയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും 298 പേരുടെ ജീവനുകളെയാണ് കലി തുള്ളി വന്ന ഉരുൾ കൊണ്ടുപോയത്. രണ്ട് ഗ്രാമങ്ങളുടെ സ്വപ്നങ്ങളെ, പ്രതീക്ഷകളെ, ആശകളെ ആ ഒറ്റ രാത്രി ഇല്ലാതെയാക്കി.എന്നാൽ ദുരന്തമുഖത്ത് നിസ്സഹായതയോടെനോക്കി നിൽക്കുകയായിരുന്നില്ല കേരളം ചെയ്തത്. ദുരന്തത്തിൽ വിറങ്ങലിച്ച നാടിനെ രക്ഷിക്കാൻ ആബാലവൃദ്ധം ജനങ്ങൾ കൈ മെയ് മറന്ന് രംഗത്തിറങ്ങി. ദുരന്തം വീശിയ നാളുകളിൽ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത മാനുഷികതയുടെയും സാഹോദര്യത്തിന്റെയും കൈകോർക്കലുകൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു.സംസ്ഥാന സർക്കാരും മറ്റ് സംവിധാനങ്ങളും ആ മനുഷ്യരെ ചേർത്തുപിടിച്ചപ്പോൾ രക്ഷാപ്രവർത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതൽ കർമനിരതരായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ദുരന്തമുഖത്ത് ഉണ്ടായിരുന്നു. ആദ്യ ഘട്ടം മുതൽ സർവ സജ്ജരായ പടയാളികളായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തിച്ചു. ചിതറി തെറിച്ച മനുഷ്യ ശരീരങ്ങളെയും കലി തുള്ളി ഒഴുകിയതിന് ശേഷം ബാക്കിയായ സർവ്വതിനേയും ആ യുവത ചുമലിലേറ്റി. സ്വജീവൻ പോലും വക വയ്ക്കാതെ വയനാടിന്റെ രക്ഷാ ദൗത്യം ഡിവൈഎഫ്ഐയുടെ യുവ സൈന്യം ഏറ്റെടുത്തു. ഒറ്റപ്പെട്ടുപോയതിന്റെ ഭീതിയാൽ നിശബ്ദരായവരേയും നിസ്സഹായരായവരെയും ചേർത്തുനിർത്തി അവർക്ക് വേണ്ടതൊക്കെയും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സമാഹരിച്ച് നൽകി.Also read:‘ഉറ്റവരുടെ മൃതദേഹങ്ങൾക്കരികെ ഒറ്റപ്പെട്ട് അഞ്ഞൂറോളം പേർ’; ദുരന്തത്തിൻ്റെ ഭീകരമായ അനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി കെ രാജൻ ആദ്യഘട്ടത്തിൽ ദുരിത ബാധിതർക്കായി 25 വീടുകൾ നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവും ഡിവൈഎഫ്ഐ നടത്തി. ചൂരൽമല ദുരന്ത ബാധിതർക്കായി വീടുകൾ നൽകുമെന്ന് ഏറ്റവും ആദ്യം പ്രഖ്യാപിച്ച സംഘടന ഡിവൈഎഫ്ഐയായിരുന്നു. പാഴ്‌വസ്തുക്കൾ ശേഖരിച്ചും ചായക്കട നടത്തിയും പുസ്തകങ്ങൾ വിതരണം ചെയ്തും വാഹനങ്ങൾ കഴുകിയും മത്സ്യ വിൽപ്പന നടത്തിയും പല തരം ആഹാര ചലഞ്ചുകൾ സംഘടിപ്പിച്ചും യുവജനത പണം സ്വരുക്കൂട്ടി. സംസ്ഥാനത്തെമ്പാടും ഒരേ മനസ്സോടെ നടന്ന ഈ പ്രവർത്തനത്തിനൊടുവിൽ ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു 25 അല്ല ഞങ്ങൾ 100 വീടുകൾ നിർമ്മിച്ച് നൽകുമെന്ന്.കല്പറ്റയിൽ ഉയരാൻ പോകുന്ന ടൗൺ ഷിപ്പിൽ 100 വീട് രാവിനെ പകലാക്കിയ ഡിവൈഎഫ്ഐ എന്ന സംഘടനയുടെയും അതിനോടൊപ്പം നിന്ന വ്യക്തികളുടെയും അധ്വാനത്തിൽ നിന്ന് ഉണ്ടാക്കിയെടുത്തതാണ്.നമ്മൾ വയനാട് എന്ന ക്യാമ്പയിനിലൂടെ ആക്രി പൊറുക്കിയും, കല്ലും മരവും ചുമന്നും, ചായക്കട നടത്തിയും, വാഹനങ്ങൾ കഴുകിയും, കോറികളിലും ഇഷ്ടിക ചൂളകളിലും പണിയെടുത്തും, കാറ്ററിങ് ജോലിയിലൂടെ കിട്ടിയ കൂലിയും, ബസ് – ഓട്ടോ ഓടിച്ചും ജെ ആർ എഫ് സ്കോളർഷിപ്പ്, വിവിധ അവാർഡ് തുകകൾ, ഭക്തരുടെ നടവരവ് കാണിക്കയും, കുഞ്ഞുങ്ങളുടെ സമ്പാദ്യകുടുക്കയും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മത്സ്യബന്ധനം നടത്തിയും, വിവാഹം ജന്മദിനം പോലുള്ള ചടങ്ങുകൾ ആഘോഷിക്കുവാൻ മാറ്റിവെച്ച തുകയും, വളർത്തുമൃഗങ്ങളെ തന്നതും കൂടെ പ്രവർത്തകരുടെ വിഹിതവും ചേർന്നപ്പോൾ ഡിവൈഎഫ്ഐ സമാഹരിച്ചത് 20 കോടി 44 ലക്ഷം (20,44,63,820) രൂപയാണ്.ദുരന്തമുണ്ടായ വയനാട്ടിൽ നിന്ന് മാത്രം സമാഹരിച്ചത് 62 ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാരിന് പിരിച്ചുകിട്ടിയ ഈ തുകയും ധാരണപത്രവും കൈമാറുകയും ചെയ്തു. ദുരന്തം നടന്നിട്ട് ഒരു വർഷം ആയിട്ട് പോലും പിരിച്ച പണം എവിടെയെന്ന് കണ്ടെത്താൻ സാധിക്കാത്ത ദുരന്തമുഖത്തുപോലും തട്ടിപ്പും വെട്ടിപ്പും നടത്തിയ യൂത്ത് കോൺഗ്രസിനെ പോലുള്ള യുവജന സംഘടനകളെയും ഈ കാലഘട്ടത്തിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. അവിടെയാണ് ഡിവൈഎഫ്ഐ വ്യത്യസ്തമാകുന്നത്.മുണ്ടക്കൈ ദുരന്തഭൂമിയിലും മൃതദേഹങ്ങൾ ഒഴുകിയ ചാലിയാറിലും രക്ഷാസേനകൾക്കൊപ്പം മാസങ്ങളോളം യൂത്ത് ബ്രിഗേഡ് രംഗത്തുണ്ടായിരുന്നു. മോർച്ചറിയിലും ആശുപത്രിയിലും നിരത്തിലും ശ്മ‌ശാനത്തിലും കർമനിരതരായിരുന്നു അവർ. മുണ്ടക്കൈയിൽ കലുങ്കിനുള്ളിൽ ജീവന്റെ തുടിപ്പ് റഡാറിൽ തെളിഞ്ഞപ്പോൾ ഒരു നിമിഷം പോലും ചിന്തിച്ചിരിക്കാതെ അടിയിലിറങ്ങി പരിശോധിച്ച യൂത്ത്ബ്രിഗേഡ് അംഗങ്ങളെ കേരളം മറന്നുകാണില്ല. മേലധികാരികളുടെ അനുമതിക്കായി സൈനികർ കാത്തുനിൽക്കുമ്പോഴാണ് ജീവൻ പണയപ്പെടുത്തി നാലുപേർ പരിശോധനക്കിറങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിക്കുന്നതുവരെ മുഴുവൻസമയ സേവനം ഉറപ്പാക്കി ഡിവൈഎഫ്ഐ വളണ്ടിയർമാർ എല്ലാ ക്യാമ്പിലുമുണ്ടായിരുന്നു. രക്ഷാപ്രവർത്തനം, തിരച്ചിൽ, പാലംനിർമാണം എന്നിവിടങ്ങളിലെല്ലാം ജില്ലാ, സംസ്ഥാന ഭാരവാഹികളും പങ്കാളികളായി. ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റികൾ സമാഹരിച്ച ടൺ കണക്കിന് ഭക്ഷണവും വസ്ത്രവും അവശ്യസാധനങ്ങളുമാണ് ദുരന്തമുഖത്തെത്തിച്ചത്.സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് സന്ധിയില്ലാത്ത രക്ഷപ്രവർത്തനം നയിച്ചു. രാജ്യം കണ്ട മഹാദുരന്തമായിട്ടുകൂടി കേന്ദ്രം പാടെ അവഗണിച്ച വയനാട് ജനതയെ കൈവിടാതെ സംസ്ഥാന സർക്കാർ കരകയറ്റിയത് കേരളത്തിന്റെ ഈ യുവസൈന്യത്തിന്റെ ഉൾക്കരുത്ത് കൊണ്ട് കൂടിയാണ്.The post മഹാദുരന്തത്തിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്തിയ ആ യുവസൈന്യം appeared first on Kairali News | Kairali News Live.