‘ഉറ്റവരുടെ മൃതദേഹങ്ങൾക്കരികെ ഒറ്റപ്പെട്ട് അഞ്ഞൂറോളം പേർ’; ദുരന്തത്തിൻ്റെ ഭീകരമായ അനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി കെ രാജൻ

Wait 5 sec.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അറിഞ്ഞതിൻ്റെ ആദ്യ നിമിഷം മുതൽ ആരംഭിച്ച സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം ഇന്നും തുടരുകയാണ്. അന്നത്തെ അതിഭീകരമായ അനുഭവങ്ങൾ കൈരളിന്യൂസ് ലൈവത്തോണിൽ പങ്കുവെക്കുകയാണ് മന്ത്രി കെ രാജൻ. 2024 ജൂലൈ 29, 30 തീയതികൾ കേരളം മറക്കില്ല. നഷ്ടപ്പെട്ട എല്ലാവരും നമ്മുടെതാണ്. കരള്‍ കീറുന്ന വിധത്തിലുള്ള വേദനയായിരുന്നു അനുഭവപ്പെട്ടത്. അതിഭീകരമായ മഴയുടെ നടുവിലൂടെയാണ് ദുരന്തഭൂമിയിലേക്ക് വന്നത്. അത് മുതല്‍ നിരന്തരം സര്‍ക്കാര്‍ ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കാണാതായ 32 പേരുടെയും മരിച്ച 298 പേരുടെയും സ്മരണകള്‍ക്ക് മുന്നില്‍ കൈരളിയിലൂടെ ശിരസ്സ് നമിക്കുന്നുവെന്നും കെ രാജൻ പറഞ്ഞു.പുലർച്ചെ നാലിന് മുഖ്യമന്ത്രിയുടെ കോൾ ജൂലൈ 29ന് രാത്രി 11.45ഓടെയാണ് ഉരുൾപൊട്ടൽ വിവരം അറിയുന്നത്. മഴക്കെടുതി, വെള്ളപ്പൊക്കം അടക്കമുള്ളവയിലൂടെ അന്നത്തെ പകലും രാത്രിയും ഉറക്കമില്ലാതെ ഇടപെട്ടുകൊണ്ടിരിക്കുമ്പോഴാണ് രാത്രി ഉരുള്‍പൊട്ടല്‍ സാധ്യതയെ കുറിച്ച് അറിയുന്നത്. കുറച്ച് കഴിഞ്ഞതോടെ ഗൗരവം കൂടി. അവിടേക്ക് പോകാൻ അനുമതി ചോദിച്ച് കളക്ടര്‍ വിളിച്ചു. ഇത്രവലിയ ദുരന്തം പ്രതീക്ഷിച്ചില്ല. പുലർച്ചെ രണ്ട് മണി കഴിഞ്ഞതോടെ ദുരന്തവ്യാപ്തി കൂടിയതായി വിവരം ലഭിച്ചു. അപ്പോൾതന്നെ നേരെ കെ എസ് ടി എം എ ഓഫീസിലേക്ക് പുറപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റിയുടെ കേന്ദ്രത്തില്‍ എല്ലാം ഏകോപിപ്പിക്കാന്‍ ശ്രമം ഊർജിതമാക്കി. Read Also: ‘വീട് നല്‍കല്‍ മാത്രമല്ല’; വയനാട്ടിൽ സംസ്ഥാന സർക്കാർ നൽകുന്നത് സര്‍വതലസ്പര്‍ശിയായ പുനരധിവാസമെന്ന് മന്ത്രി കെ രാജൻപുലര്‍ച്ചെ നാലോടെ മുഖ്യമന്ത്രിയുടെ ആദ്യ കോള്‍ വന്നു. അതെന്നെ ഏറെ അത്ഭുതപ്പെടുത്തി. ദുരന്തം ഗൗരവപ്പെട്ടതാണെന്ന് അങ്ങോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ അഞ്ചോടെ 40 കി മീ അകലെ നിലമ്പൂര്‍ പോത്തുകല്ലില്‍ മൃതദേഹം ലഭിച്ചതായി വിവരം. ഒരു വല്ലാത്ത സീനായിരുന്നു. ചാലക്കുടിയിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ കാലാവസ്ഥ അനുവദിച്ചില്ല. പത്തോടെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരോടൊപ്പം ഹെലികോപ്ടറില്‍ കോഴിക്കോട്ടെത്തി. അവിടെ മന്ത്രി എ കെ ശശീന്ദ്രനുണ്ടായിരുന്നു.മൃതദേഹങ്ങൾക്കരികെ ഒറ്റപ്പെട്ട് അഞ്ഞൂറോളം പേർഇവിടം വരുമ്പോള്‍ ഭീകരമായ അനുഭവമായിരുന്നു. എല്ലാവരും വിറങ്ങലിച്ചു നില്‍ക്കുന്ന ഘട്ടം. പുന്നപ്പുഴയുടെ അക്കരെ മുണ്ടക്കൈയിലും വനറാണി എസ്റ്റേറ്റ് ഭാഗത്തും അട്ടമല മസ്ജിദ് പരിസരത്തുമെല്ലാം ആളുകള്‍ ഇങ്ങോട്ട് വരാന്‍ കഴിയാതെ ഒറ്റപ്പെട്ട് പേടിച്ച് ഇരിക്കുകയായിരുന്നു. മൃതശരീരങ്ങള്‍ അടുക്കിവെച്ച സ്ഥലത്ത് ആണ് അവര്‍ നില്‍ക്കുന്നത്. നാല് മണി മുതല്‍ വാര്‍ഡംഗം നൂറുദ്ദീനോട് സംസാരിക്കുമ്പോൾ അദ്ദേഹം നിരന്തരം പറയുന്നത്, അടുക്കിവെച്ച മൃതശരീരങ്ങളുടെ അടുത്താണ് ഞങ്ങളുള്ളതെന്ന് എന്നായിരുന്നു. മൃതശരീരങ്ങളില്‍ അച്ഛന്‍, അമ്മ, മക്കള്‍, ഉറ്റവര്‍, ഉടയവര്‍ ഉണ്ട്. അവയുടെ മുന്നിലാണ് ആളുകളുള്ളത്. അന്ന് രാത്രിയോടെ തന്നെ അവരെ ഇക്കരെ എത്തിച്ചില്ലെങ്കിൽ അവിടെ കിടന്ന് ഭയവിഹ്വലരായി മരണപ്പെടുമോയെന്ന ആശങ്ക ഉയർന്നു. ഒരു മിനുട്ട് പോലും അവരെ അവിടെ നിർത്തരുതെന്ന് മനഃശാസ്ത്രജ്ഞരും വിദഗ്ധരും പറഞ്ഞു. അമ്പലത്തിനോട് ചേർന്നുള്ള ആൽമരത്തിലേക്ക് ഫയർഫോഴ്സിൻ്റെ നീളൻ കോണി ഒരു ജെ സി ബിയിൽ കെട്ടി കുറച്ചുപേരെ എത്തിക്കാനും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് പോകാനും ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും നൽകാനുമായി. പുന്നപ്പുഴയുടെ വീതികുറഞ്ഞ ഭാഗത്ത് പാലം നിർമിച്ചാലേ ഇവർക്ക് വരാൻ സാധിക്കൂ. അന്ന് അവിടത്തെ സാധാരണക്കാര്‍ ചേര്‍ന്ന് ഏണിയും വടിയും മുളയും കവുങ്ങുമെല്ലാം ചേര്‍ത്ത് ഒന്നാന്തരം പാലമുണ്ടാക്കി. അവരുടെ എന്‍ജിനീയറിങ് വൈദഗ്ധ്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. വ്യാപക തിരച്ചിൽരാത്രി ഏഴരയോടെ 498 പേരെ രക്ഷപ്പെടുത്തി ഇക്കരെയെത്തിച്ചു. അന്ന് രാത്രി മുഴുവന്‍ അവിടെയുള്ള മനുഷ്യരുമായി ഉറങ്ങാതെ സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി കൂടി പിന്നെയങ്ങോട്ട് തുടര്‍ച്ചയായ പ്രവര്‍ത്തനമായിരുന്നു. ചാലിയാര്‍ പുഴയിലെ തിരച്ചിലിന് എട്ട് പൊലീസ് സ്റ്റേഷൻ പരിധികളാക്കി തിരിച്ചിരുന്നു. ദുരന്തമേഖലയിൽ ആറ് സോണുകളായി തിരച്ചില്‍ നടത്തി. ബന്ധുക്കളെ കൊണ്ടുപോയി ജനകീയ തിരച്ചില്‍, കെഡാവര്‍ നായകളെ കൊണ്ട് തിരച്ചില്‍… സൂചിപ്പാറയിലെ സണ്‍റൈസ് വാലിക്കടുത്ത് മൃതദേഹമുണ്ടോയെന്ന സംശയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും പോകാന്‍ പറ്റാത്തയിടത്ത് ചരിത്രത്തിലാദ്യമായി ഹെലികോപ്ടറില്‍ കെഡാവര്‍ ഡോഗ്‌സിനെ കൊണ്ടുപോയി നാല് പേരെ അവിടെയിറക്കി മൃതശരീരം എടുത്തു. ആഗസ്റ്റ് 30നകം താത്കാലിക പുനരധിവാസം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 24ന് മേപ്പാടി സ്‌കൂളിലെ അവസാനത്തെ കുടുംബത്തെയും താത്കാലിക താമസസ്ഥലത്തേക്ക് മാറ്റിയെന്നും മന്ത്രി കെ രാജൻ ഓർമിച്ചു.The post ‘ഉറ്റവരുടെ മൃതദേഹങ്ങൾക്കരികെ ഒറ്റപ്പെട്ട് അഞ്ഞൂറോളം പേർ’; ദുരന്തത്തിൻ്റെ ഭീകരമായ അനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി കെ രാജൻ appeared first on Kairali News | Kairali News Live.