കോഴിക്കോട് | 65 ഉം അതിന് മുകളിലും പ്രായമുള്ള ഹജ്ജ് അപേക്ഷകരുടെ സഹായിക്ക് വയസ്സിളവ് അനുവദിച്ചു. സഹായി ഭാര്യയോ ഭർത്താവോ ആണെങ്കിലും സ്വന്തം സഹോദരനോ സഹോദരിയോ ആണെങ്കിലും 60നും 65നും ഇടയിൽ പ്രായമുള്ളവരെ അനുവദിക്കും. 65ന് മുകളിൽ പ്രായമുള്ളവർക്ക് സഹായിയായും മെഹ്‌റമായും കൂടെ പോകുന്നവർ 18നും 60നും ഇടയിൽ പ്രായമുള്ളവരായിരിക്കണമെന്ന ഹജ്ജ് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തിയാണ് വയസ്സിളവ്. ഗവ. മെഡിക്കൽ ഡോക്ടറുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തരം സഹായികൾക്ക് ഹജ്ജ് യാത്രക്ക് അനുമതി നൽകുക. 2026 ഹജ്ജിന്റെ പ്രഖ്യാപനം നടത്തിയ 2025 ജൂലൈ ഏഴ് തീയതി കണക്കാക്കിയായിരിക്കും എല്ലാ വിഭാഗത്തിലും ഹജ്ജ് അപേക്ഷരുടെ വയസ്സ് പരിഗണിക്കുകയെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലറിൽ വ്യക്തമാക്കി.മെഹ്‌റമില്ലാത്ത 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 45നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീയെ സഹായിയായി അനുവദിക്കുമെന്ന് ഹജ്ജ് നയത്തിൽ വ്യക്തമാക്കിയിരുന്നു. അപേക്ഷകരായ ഭാര്യയും ഭർത്താവും 65ന് മുകളിൽ പ്രായമുള്ളവരാണെങ്കിൽ ഇവർക്ക് രണ്ട് സഹായികളെ അനുവദിക്കും. 65 നോ അതിന് മുകളിലോ പ്രായമുള്ള അപേക്ഷകർക്ക് നേരത്തേ ഹജ്ജ് ചെയ്തവരെയും സഹായിയായി അനുവദിക്കും. ഇവർക്ക് പ്രത്യേക തുക ഈടാക്കും. മുൻവർഷങ്ങളിലേത് പോലെ അടുത്ത ഹജ്ജിനും 65നും അതിന് മുകളിലും പ്രായമുള്ളവർക്കും മെഹ്‌റമില്ലാത്ത സ്ത്രീകൾക്കും മുൻഗണന നൽകും. ഇവരെ നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കും. 45 ന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കാണ് മെഹ്‌റമില്ലാത്ത സ്ത്രീകളുടെ പാക്കേജിൽ ഹജ്ജിന് അപേക്ഷിക്കാൻ കഴിയുക.65 നോ അതിന് മുകളിലോ പ്രായമായ അപേക്ഷകർ അനുവദിക്കപ്പെട്ട ക്വാട്ടയിലധികമായാൽ നറുക്കെടുപ്പ് നടത്തും.അതേസമയം, അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർ അവസാന ദിവസമായ ഈ മാസം 31 വരെ കാത്തുനിൽക്കാതെ ഉടൻ അപേക്ഷ സമർപ്പിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലറിൽ വ്യക്തമാക്കി. അവസാനഘട്ടത്തിലേക്ക് വെച്ചാൽ സെർവർ തകരാറുകൾ, വെരിഫിക്കേഷന് താമസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഹജ്ജിന് പോകാൻ താത്പര്യമുള്ളവർക്കായി മതസംഘടനകളുമായി സഹകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം നൽകി.അപേക്ഷാ സമർപ്പണ തീയതി അവസാനിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഹജ്ജ് അപേക്ഷകളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കി കവർ നമ്പർ അനുവദിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അധിക സമയമെടുത്തും ആവശ്യമായ സ്റ്റാഫുകളെ വെച്ചും സമയകൃത്യത പാലിക്കണമെന്നാണ് നിർദേശം.