ന്യൂഡല്‍ഹി | അഹമ്മദാബാദ് വിമാനാപകടത്തിന് ഇരയായവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര വിതരണം എയര്‍ ഇന്ത്യ ആരംഭിച്ചു. ദുരന്തത്തില്‍ മരണപ്പെട്ട 260 പേരില്‍ 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. 52 പേരുടെ രേഖകള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കുള്ള സഹായ വിതരണം ഉടന്‍ നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണാര്‍ഥം ‘എഐ 171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ്’ എന്ന പേരില്‍ ഒരു ചാരിറ്റിബിള്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ രൂപവത്കരിച്ചിട്ടുണ്ട്. വിമാനമിടിച്ചു തകര്‍ന്ന ബി ജെ മെഡിക്കല്‍ കോളജ് പുനര്‍നിര്‍മിച്ചു നല്‍കാനും എയര്‍ ഇന്ത്യ മുന്നോട്ട് വന്നു.ജൂണ്‍ 12-നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്നവരില്‍ വിശ്വാസ് കുമാര്‍ എന്നയാളൊഴികെയുള്ളവരെല്ലാം മരണപ്പെട്ടു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം ബി ജെ മെഡിക്കല്‍ കോളജ് കെട്ടിടത്തിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു.