അബൂദബി | ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ ഉദ്ദേശ്യം സംബന്ധിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനത്തെ യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വാഗതം ചെയ്തു. ഈ നീക്കം ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നതിനും മേഖലയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്താനും സഹായകരമാകുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.‘ഒരു നിര്‍ണായക നിമിഷത്തിലെ സുപ്രധാന തീരുമാനം’ എന്ന് വിശേഷിപ്പിച്ച ശൈഖ് അബ്ദുല്ല, രാഷ്ട്രീയ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഫലസ്തീന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ ഇത് അടിവരയിടുന്നുവെന്ന് വ്യക്തമാക്കി.ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ക്ക് യു എ ഇയുടെ അചഞ്ചലമായ പിന്തുണ ശൈഖ് അബ്ദുല്ല ആവര്‍ത്തിച്ചു.